പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോ​ഗത്തിന് അനുവദിച്ചിരുന്ന ഇളവുകൾ ഇനിയില്ല, പിഴയടക്കം ശിക്ഷകളും

Advertisement

തിരുവനന്തപുരം: ഒറ്റത്തവണ ഉപയോ​ഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് കോവിഡ് കാലത്ത് അനുവദിച്ചിരുന്ന ഇളവുകൾ നീക്കി. പ്ലാസ്റ്റിക് ഉൽപന്നങ്ങ‍ൾക്കുള്ള നിരോധനം കർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനയും പിഴ ഈടാക്കലും ഊർജിതമാക്കാനും തദ്ദേശ വകുപ്പ് തീരുമാനിച്ചു.

പ്ലാസ്റ്റിക് സ്ട്രോ, പ്ലേറ്റ്, കപ്പ് തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങ‍ൾക്കുള്ള നിരോധനം രാജ്യത്തു പ്രാബല്യത്തിലാകുന്ന സാഹചര്യത്തിലാണ് ഇത്. നിയമലംഘനം നടത്തുന്നവർക്കെതിരെ ഹരിത ചട്ട പ്രകാരമുള്ള നടപടികൾ സ്വീകരിക്കും.

2020 ജനുവരി ഒന്നു മുതലാണ് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റി‍ക്കിനുള്ള നിരോധനം സംസ്ഥാനത്ത് നടപ്പാക്കിയത്. രണ്ടാഴ്ചയ്ക്കു ശേഷമാണു പിഴ ഈടാക്കി തുടങ്ങിയത്. 11 ഇനം പ്ലാസ്‍റ്റിക് വിഭാഗങ്ങൾക്കാ‍ണു പിഴ നിശ്ചയിച്ചിരുന്നത്.

കലക്ടർമാർ, സബ് കലക്ടർമാർ, തദ്ദേശ, ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോർഡിലെയും ഉദ്യോഗസ്ഥർ എന്നിവർക്കാണു നിരോധനം നടപ്പാക്കാനുള്ള ചുമതല.എന്നാൽ, കോവിഡിനെ തുടർന്ന് പരിശോധനകൾ പൂർണമായി മുടങ്ങിയതോടെ നിരോധനം പാതിവഴി‍യിലായി.

ആദ്യ നിയമലംഘനത്തിനു 10,000 രൂപയും ആവർത്തിച്ചാൽ 25,000 രൂപയും മൂന്നാം തവണയും ലംഘിച്ചാൽ 50,000 രൂപയും പിഴ ഈടാക്കുമെന്നാ‍യിരുന്നു ഉത്തരവ്.

Advertisement