തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ഗുരുതര അനാസ്ഥയെത്തുടർന്ന് വൃക്ക രോഗി മരിച്ചു. വൃക്ക തകരാറിലായ രോഗിക്ക് എറണാകുളത്തുനിന്നാണ് മസ്തിഷ്‌കമരണം സംഭവിച്ച ആളിൽനിന്ന് എടുത്ത വൃക്കയുമായി സമയത്ത് എത്തിയത്.
എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും ശസ്ത്രക്രിയ വൈകി. പിന്നീട് ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി മരിച്ചു.
എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നത്. ശനിയാഴ്ചയായിരുന്നു ഇയാളുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. തുടർന്ന് ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളേജിനും മറ്റൊരു വൃക്കയും പാൻക്രിയാസും കൊച്ചി അമൃത ആശുപത്രിയിലേക്കും കരൾ രാജഗിരി ആശുപത്രിക്കും അനുവദിച്ചു. എന്നാൽ കോട്ടയം മെഡിക്കൽ കോളേജിൽ അനുയോജ്യമായ രോഗി ഇല്ലാതിരുന്നതിനെ തുടർന്നാണ് വൃക്ക തിരുവന്തപുരം മെഡിക്കൽ കോളേജിന് അനുവദിച്ചത്.
തുടർന്ന് ഞായറാഴ്ച രാവിലെ നാലുമണിക്ക് തിരുവനന്തപുരം മെഡിക്കൽ കേളേജ് ആശുപത്രിയിൽ നിന്ന് രണ്ട് ഡോക്ടർമാരെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് സ്വകാര്യ ആംബുലൻസിൽ അയച്ചു. രാവിലെ 10മണിക്ക് ഇവർ രാജഗിരി ആശുപത്രിയിലെത്തി. അവിടെ നിന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആളിൽ നിന്ന് അവയവം എടുക്കുന്ന ശസ്ത്രക്രിയ ഉച്ചയ്ക്ക് 2.45ന് പൂർത്തിയാക്കി വൈകിട്ട് മൂന്നുമണിയോടെ ഇവർ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.
അടിയന്തര സാഹചര്യം പരിഗണിച്ച് രാജഗിരിമുതൽ തിരുവനന്തപുരം വരെ ട്രാഫിക് സിഗ്‌നലുകൾ അണച്ച് ആംബുലൻസിന് വേണ്ടി പോലീസ് ഗ്രീൻചാനൽ ഒരുക്കുനൽകി. മൂന്ന് മണിക്കൂറുകൊണ്ട് എറണാകുളത്ത് നിന്ന് മാറ്റിവെക്കേണ്ട വൃക്കയുമായി ആംബുലൻസ് മെഡിക്കൽ കേളേജിലെത്തി. ജീവൻ കൈയിൽ പിടിച്ച് പോലീസിന്റെ സഹായത്തോടെ വളരെ വേഗം എറണാകുളത്ത് നിന്ന് വൃക്കയുമായി എത്തിയെങ്കിലും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയ സമയത്ത് വിവരം ആരും അറിഞ്ഞില്ല. ഓപ്പറേഷൻ നടക്കുന്ന വിവരം ആശുപത്രി അധികൃതർക്ക് അറിയാമായിരുന്നിട്ടുപോലും സെക്യൂരിറ്റിക്ക് അലർട്ട് നൽകിയിരുന്നില്ല, മാത്രമല്ല അവയവവുമായി വന്നവരെ എങ്ങനെ സഹായിക്കണമെന്ന കാര്യത്തിലും ആശയക്കുഴപ്പം നീണ്ടുനിന്നു.
ഒടുവിൽ മണിക്കൂർ കഴിഞ്ഞ് രാത്രി 9.30നാണ് ശസ്ത്രക്രിയ തുടങ്ങിയത്. വൃക്കപോലെയുള്ള നിർണായക അവയവങ്ങൾ മാറ്റിവെക്കുമ്പോൾ എത്രയും നേരത്തെ വെക്കാൻ സാധിക്കുമോ അത്രയും കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ അതിന് സാധിക്കും. എന്നാൽ ഇവിടെ ഉണ്ടായ ഉദാസീനതമൂലം വിലപ്പെട്ട സമയങ്ങളാണ് രോഗിക്ക് നഷ്ടമായത്.
അതേസമയം കിഡ്നിമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും അതിനേതുടർന്നുണ്ടായ താമസമാണ് ശസ്ത്രക്രിയ വൈകാൻ ഇടയായതെന്നും ആശുപത്രി അധികൃതർ പറയുന്നു. എന്നാൽ അവയവവുമായി കളമശ്ശേരിയിൽ നിന്ന് പുറപ്പെടുന്ന സമയത്തു തന്നെ ഡയാലിസിസ് തുടങ്ങിയിരുന്നുവെങ്കിൽ ഈ കാലതാമസം ഒഴിവാക്കാമായിരുന്നതേയുള്ളു. നെഫ്രോളജി,യൂറോളജി വിഭാഗങ്ങൾ സംയുക്തമായി നടത്തണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗിയെ സജ്ജമാക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് വേണം വിലയിരുത്താൻ.
ഒരാളിൽ നിന്ന് അവയം എടുത്ത് മാറ്റിയാൽ എത്രയും പെട്ടെന്ന് അത് സ്വീകർത്താവിൽ വെച്ച് പിടിപ്പിക്കണം. എന്നാൽ മാത്രമേ അവയവം ശരിയായി പ്രവർത്തിക്കുകയുള്ളു. ഇവിടെ അവയവം എത്തിച്ചിട്ടും നാലുമണിക്കൂറോളം വൈകിയെന്നത് ഗുരുതരമായ വീഴ്ചതന്നെയാണ്.. അവയവം ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ രോഗിയുടെ ജീവൻ തന്നെ അപകടത്തിലാകാൻ ഈ അനാസ്ത കാരണമാകും.