കോഴിക്കോട്: ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കുന്നതിന് മുസ്‌ലിം ലീഗ് നേതാക്കൾക്ക് വിലക്കുണ്ടെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിൽ കെ.എൻ.എ ഖാദർ വിശദീകരണം നൽകിയിട്ടുണ്ട്. വിഡിയോ നോക്കി വിശദീകരണം തൃപ്തികരണമാണോ എന്ന് പരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
അതേസമയം കെ.എൻ.എ.ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയിലാണെന്ന് ആർഎസ്എസ് സംസ്ഥാന സഹ പ്രചാർ പ്രമുഖ് ഡോ എൻ.ആർ.മധു പറഞ്ഞു. കേസരി പരിപാടിക്കു വേണ്ടി താൻ തന്നെ നേരിട്ട് ക്ഷണിക്കുകയായിരുന്നു. മാനവീക പക്ഷത്തു നിലയുറപ്പിച്ച ദേശാസ്നേഹിയാണ് കെ.എൻ.എ.ഖാദറെന്നും ഡോ.എൻ.ആർ.മധു പറഞ്ഞു.
മാനവിക നിലപാടുള്ള വ്യക്തിയാണ് ഖാദർ. ലീഗ് പുറത്താക്കിയാൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം കെ.എൻ.എ ഖാദറിന് ഉണ്ടാകില്ല. ലീഗിന്റെ രാഷ്ട്രീയത്തിൽ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.എൻ.എ ഖാദർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിൽ ലീഗ് കടുത്ത അതൃപ്തിയിലാണ്. സംഭവം പാർട്ടി നയത്തിന് എതിരാണെന്ന് എം.കെ മുനീർ തുറന്നടിച്ചു. വിഷയം പാർട്ടി പരിശോധിക്കുമെന്ന് ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ എം.സി.മായിൻ ഹാജി പറഞ്ഞു.
ഇന്നലെ കോഴിക്കോട് കേസരിയിൽ വച്ച് നടന്ന ആർഎസ്എസ് പരിപാടിയിൽ കെ.എൻ.എ.ഖാദർ പങ്കെടുത്തിരുന്നു. സംഭവം വിവാദമായതോടെ സാംസ്‌കാരിക പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നും, മതസൗഹാർദത്തെ കുറിച്ചാണ് സംസാരിച്ചതെന്നും വിശദീകരിച്ച് കെ.എൻ.എ.ഖാദർ രംഗത്തെത്തി.
എന്നാൽ ഈ വാദത്തെ പൂർണ്ണമായും തള്ളിയ എം.കെ.മുനീർ, പാർട്ടി ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് ഖാദർ പരിപാടിയിൽ പങ്കെടുത്തതെന്ന് തുറന്നടിച്ചു. മതസൗഹാർദത്തെ കുറിച്ചുള്ള വേദിയായിരുന്നുവെന്നാണ് അദ്ദേഹം വിശദീകരിച്ചത്. അങ്ങനെയുള്ള വേദികളിൽ എല്ലാവരും തന്നെ പോകാറുണ്ടല്ലോ. അതിൽ ആർഎസ്എസ് വേദിയെന്നൊരു ചിന്തയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അത് ആർഎസ്എസ് വേദിയല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സമൂഹമാധ്യങ്ങളിൽ എന്തു പറയുന്നു എന്നുള്ളതല്ല. അദ്ദേഹം ഒരു വിശദീകരണം തന്നിട്ടുണ്ട്. അത് സംബന്ധിച്ച് പരിശോധനയുണ്ടാകും. അത് പരിശോധിച്ച് ഉറപ്പുവരുത്തുന്നത് വരെ അദ്ദേഹത്തെ വിശ്വാസിക്കുമെന്നും മായിൻ ഹാജി പറഞ്ഞു.
ആർഎസ്എസ് ദേശീയ നേതാവുമായി വേദി പങ്കിട്ട കെ.എൻ.എ ഖാദറിന്റെ നടപടിയിൽ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. വിഷയത്തിൽ സാദിഖലി തങ്ങളടക്കം ലീഗ് നേതൃത്വം സ്വീകരിക്കുന്ന നിലപാട് നിർണ്ണായകമാകും.
കോഴിക്കോട് കേസരിയിൽ സ്നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് കെ.എൻ.എ ഖാദർ പങ്കെടുത്തത്. കെ.എൻ.എ.ഖാദറിനെ ആർഎസ്എസ് ദേശീയ നേതാവ് ജെ.നന്ദകുമാർ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ആഗ്രഹമുണ്ടെന്ന് വേദിയിൽ കെ.എൻ.എ.ഖാദർ തുറന്നു പറഞ്ഞു. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും പോയി. എന്തു കൊണ്ട് ഗുരുവായൂരിൽ ഇത് പറ്റുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
നിലവിൽ മുസ്ലീം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുൻ എംഎൽഎയുമാണ് കെ.എൻ.എ ഖാദർ. ആർഎസ്എസിന്റെ നേരിട്ടുള്ള പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. ഭഗവത് ഗീതയും ബുദ്ധനെയും ഉദ്ധരിച്ചുമെല്ലാം ആർഎസ്എസ് ബൗദ്ധികാചാര്യൻ ജെ.നന്ദകുമാർ നടത്തിയ പ്രസംഗത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു കെ.എൻ.എ.ഖാദറിന്റെയും പ്രസംഗം. ആ പ്രസംഗത്തിനിടയിലാണ് ഗുരുവായൂർ ക്ഷേത്രത്തിൽ തനിക്ക് പുറത്ത് നിന്ന് കാണിക്ക അർപ്പിക്കാനെ കഴിഞ്ഞുള്ളു. അകത്ത് കയറാൻ സാധിച്ചിട്ടില്ലെന്ന കാര്യം അദ്ദേഹം തുറന്നു പറഞ്ഞത്.
ഉത്തരേന്ത്യയിൽ ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിൽ എനിക്ക് പോകാൻ സാധിച്ചിട്ടുണ്ട്. ഇവിടെ ഇപ്പോൾ പോകാൻ സാധിക്കില്ല. എന്തുകൊണ്ടാണ് എനിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ പോകാൻ കഴിയാത്തത് എന്ന ചോദ്യം ജെ.നന്ദകുമാറിന്റെ മുഖത്ത് നോക്കി അദ്ദേഹം ചോദിച്ചു.
കെ.എൻ.എ. ഖാദർ കുറച്ച് കാലമായി ലീഗുമായി അസ്വരസ്യത്തിലായിരുന്നു. ഈ സാഹചര്യത്തിൽ പുതിയ രാഷ്ട്രീയ ഇടത്താവളങ്ങൾ തേടുന്ന നടപടിയുടെ ഭാഗമായിരുന്നോ ഇന്നത്തെ വേദി പങ്കിടലെന്നും രാഷ്ട്രീയ കേന്ദ്രങ്ങൾ നിരീക്ഷിക്കുന്നുണ്ട്. അത് ശരിവക്കുന്ന തരത്തിൽ ആർഎസ്എസിന്റെ ബൗദ്ധിക കാഴ്ചപ്പാടുകളെ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന പ്രസംഗമാണ് കെ.എൻ.എ.ഖാദർ നടത്തിയത്.