‘ദൃശ്യം 2’ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു,പക്ഷേ ലാലേട്ടനാണ് പൊളിയെന്ന് പ്രക്ഷകര്‍

Advertisement

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ദൃശ്യം 2’ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. അടുത്തിടെ പുറത്തുവിട്ട പോസ്റ്ററിന് താഴെ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നത് മോഹന്‍ലാലിന്റെ അഭിനയം. മോഹന്‍ലാലിന്റെ അഭിനയത്തെ വെല്ലാന്‍ ആരുമില്ലെന്നാണ് ആരാധകരില്‍ ചിലര്‍ പറയുന്നത്. അജയ് ദേവ്ഗണ്‍ മോഹന്‍ലാല്‍ കഥാപാത്രമാകുന്ന ചിത്രത്തില്‍ തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍ തുടങ്ങിയവര്‍ ആണ് പ്രധാന കഥാപാത്രങ്ങള്‍.

ഹിന്ദി പതിപ്പിന്റെ തിയേറ്റര്‍ റിലീസ് തിയതി പ്രഖ്യാപിച്ചുള്ള പോസ്റ്ററിന് താഴെ ഉത്തരേന്ത്യന്‍ പ്രേക്ഷകരാണ് മലയാള ചിത്രത്തെയും മോഹന്‍ലാലിനേയും പ്രശംസിക്കുന്നത്.

ഭാഷാപരമായ അതിരുകള്‍ക്കപ്പുറം ചിത്രം പ്രേക്ഷക സ്വീകര്യത നേടിയതിന്റെ തെളിവുകളാണ് കമന്റുകളില്‍ ഉടനീളം. ഒടിടിയില്‍ റിലീസ് ചെയ്ത മലയാള ചിത്രത്തിന്റെ അനുഭവങ്ങളും, മോഹന്‍ലാലിന്റെ അഭിനയവും കമന്റുകളില്‍ പ്രശംസിക്കപ്പെടുന്നു. മണിചിത്രത്താഴ് റീമേക്കുചെയ്തപ്പോള്‍ ഡോ. സണ്ണിയായി വേഷമിട്ട ആരും മോഹന്‍ലാലിനോളം ഉയര്‍ന്നില്ല എന്നത് വിവിധ ദേശീയ മാധ്യമങ്ങളില്‍ തന്നെ ചര്‍ച്ചയായതാണ്.

2013ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ‘ദൃശ്യം’ ഹിന്ദിക്ക് പുറമെ കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. 2021ല്‍ ആണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങിയത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ആയിരുന്നു ചിത്രം റിലീസിനെത്തിയത്.

നവംബര്‍ 18 നാണ് ദൃശ്യം 2ന്റെ ഹിന്ദി പതിപ്പ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

Advertisement