തിരുവനന്തപുരം: സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച മെഡിസെപ്പിനോട് സ്വകാര്യ ആശുപത്രികള്‍ക്ക് വിമുഖത. ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ചേര്‍ന്ന് പദ്ധതിയെ തകര്‍ക്കാന്‍ ഗൂഢാലോചന തകൃതി
ജൂലൈ ഒന്നുമുതല്‍ നടപ്പാക്കുന്ന മെഡിസെപ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷാ പദ്ധതി തകര്‍ക്കാനാണ് സ്വകാര്യ ആശുപത്രി ലോബി രഹസ്യമായി നീക്കം തുടങ്ങിയിരിക്കുന്നത്. അതേസമയം ഈ ശ്രമങ്ങള്‍ തടയാന്‍ സര്‍ക്കാരും ശ്രമം തുടങ്ങിക്കഴിഞ്ഞു.
സംസ്ഥാനത്ത് നൂറ് കണക്കിന് വന്‍കിട ഇടത്തരം സ്വകാര്യ ആശുപത്രികളുണ്ട്. ഇതില്‍ പലതും സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ പെടുന്നതുമാണ്. മെഡിസെപ്പില്‍ അംഗമാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പ്രതിവര്‍ഷം മൂന്ന ലക്ഷം രൂപവരെയാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ. ഇവര്‍ക്ക് ചികിത്സ തേടാവുന്ന സ്വകാര്യ ആശുപത്രികളുടെ പട്ടികയും ഉടന്‍ പ്രസിദ്ധീകരിക്കും. ഈ പട്ടികയില്‍ പെടാതെ മാറി നില്‍ക്കാനാണ് പ്രമുഖ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ ശ്രമം. ഇത്തരം ആശുപത്രികളുടെ മാനേജ്‌മെന്റ് കൂട്ടായ്മഏതാനും ദിവസങ്ങള്‍ക്ക് മുമ്പും രഹസ്യ യോഗം ചേര്‍ന്ന് ഉള്‍പ്പെടാതിരിക്കാനുള്ള ആലോചന നടത്തി.
സ്ഥിരം വരുമാനക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ ഇത്തരം ആശുപത്രികളില്‍ ചികിത്സ തേടാറുണ്ട്. പ്രമുഖ സ്വകാര്യ ആശുപത്രികളുടെ പ്രധാന ഉപഭോക്താക്കളില്‍ ഒന്ന് സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരുമാണ്. മറ്റ് സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ പരിരക്ഷ ഉള്ളവരുമാണ് ഇവര്‍, അതിനാല്‍ തന്നെ മുപ്പത് ലക്ഷത്തോളം വരുന്ന ജീവനക്കാരെയും പെന്‍ഷന്‍കാരെയും തങ്ങളുടെ ആശുപത്രികളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കഴിയില്ല. എന്നാല്‍ മെഡിസെപ്പിന്റെ ഭാഗമായി സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്ന ഫീസ് താരതമ്യേന കുറഞ്ഞതാണ്. ഈ തുകയ്ക്ക് ചികിത്സ നല്‍കാന്‍ മാനേജുമെന്റുകള്‍ തയാറുമല്ല. ഇപ്പോള്‍ ഈടാക്കുന്ന കൊള്ള ലാഭത്തെ ഇത് ബാധിക്കുമെന്നതാണ് കാരണം.
സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളുമായി കൈകോര്‍ത്ത് രോഗികളെ ഒരര്‍ത്ഥത്തില്‍ പിഴിയുകയാണ് മിക്ക സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും. സര്‍ക്കാരിന്റെ മെഡിസെപ്പ് പദ്ധതി നടപ്പാക്കുമ്പോള്‍ ഓരോ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും നിശ്ചിത ഫീസ് മാത്രമേ ഈടാക്കാനാകൂ. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കും മെഡിസെപ് തിരിച്ചടിയാണ്. മെഡിസെപ്പില്‍ അംഗമായവരില്‍ പലരും ഇനി മറ്റ് സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് സാധ്യത. ഇത് അത്തരം കമ്പനികളെ ബാധിക്കും. അതിനാല്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഒപ്പം കൂടുകയാണ് ഇന്‍ഷ്വറന്‍സ് കമ്പനികളും.
തലസ്ഥാനത്ത് ജൂബിലി, നിംസ് തുടങ്ങിയ ആശുപത്രികള്‍ മാത്രമാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. മറ്റ് ആശുപത്രികള്‍ പദ്ധതിയില്‍ നിന്ന് പൂര്‍ണമായി മാറി നില്‍ക്കുകയാണ്. കുറച്ച് ദിവസങ്ങള്‍ കൊണ്ട് ഇവരെ അനുനയിപ്പിച്ച് ഒപ്പം കൂട്ടാനാക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ പുതുതായി ചുമതലയേറ്റ ആരോഗ്യ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ആശുപത്രി മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.