ഡോ. പ്രിയാ വർഗീസിന്റെ നിയമനത്തിന് സിൻഡിക്കേറ്റ് അംഗീകാരം

Advertisement

കണ്ണൂർ ∙ സർവകലാശാല മലയാളം വിഭാഗം അസോഷ്യേറ്റ് പ്രഫസറായി ഡോ. പ്രിയാ വർഗീസിന്റെ നിയമനം സിൻഡിക്കേറ്റ് അംഗീകരിച്ചു. പ്രിയാ വർഗീസിന്റെ നിയമനത്തിനു പിന്നാലെ യോഗ്യതയെ ചൊല്ലി ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയാണ് പ്രിയ.

പ്രിയയ്ക്കു കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രാഥമിക യോഗ്യത ഇല്ലെന്ന വിവരാവകാശ രേഖ പുറത്തു വന്നതോടെയാണ് നിയമനം വിവാദമായത്. സെനറ്റ് അംഗം ഡോ. ആർ.കെ.ബിജുവിനു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് പ്രിയയുടെ യോഗ്യതാ വിവരങ്ങളുണ്ടായിരുന്നത്. പ്രിയ 2019 ലാണു പിഎച്ച്ഡി നേടിയത്. ഡപ്യൂട്ടേഷനിൽ രണ്ട് വർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറായിരുന്നു. 2021 ജൂണിൽ തൃശൂർ കേരളവർമ കോളജിൽ അധ്യാപക തസ്തികയിൽ വീണ്ടും പ്രവേശിച്ചു. 2021 ജൂലൈയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടറായി.

യുജിസി ചട്ട പ്രകാരം അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പിഎച്ച്ഡിയും എട്ട് വർഷത്തെ അധ്യാപന പരിചയവും വേണമെന്നിരിക്കെ, പ്രിയയ്ക്ക് പിഎച്ച്ഡി നേടിയശേഷം ഒരു മാസത്തെ അധ്യാപന പരിചയം മാത്രമാണുള്ളതെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. ചുരുക്കപ്പട്ടികയിൽ പ്രിയയെ ഉൾപ്പെടുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും റാങ്ക് പട്ടികയിൽനിന്നു പ്രിയയെ നീക്കണമെന്നും ആവശ്യപ്പെട്ട് ചാൻസലർക്കും വൈസ് ചാൻസലർക്കും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നിവേദനം നൽകി.

അതേസമയം, സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ തസ്തികയ്ക്കുള്ള യോഗ്യതയായ എട്ട് വർഷത്തെ അധ്യാപന പരിചയം നേടേണ്ടത്, പിഎച്ച്ഡി ലഭിച്ച ശേഷമാണെന്ന ചിലരുടെ കണ്ടുപിടിത്തം അസംബന്ധമാണെന്നായിരുന്നു ഡോ. പ്രിയയുടെ മറുപടി. കാലിക്കറ്റ് സർവകലാശാലയിലെ 2004ലെ നിയമനവുമായി ബന്ധപ്പെട്ടു 2014ൽ തീർപ്പാക്കിയ കേസിലെ കോടതി ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്ത് യുജിസി ചട്ടങ്ങളിലൊന്നുമില്ലാത്ത പുതിയൊരു വ്യവസ്ഥ സൃഷ്ടിച്ചെടുക്കാനാണു ശ്രമമെന്നും പ്രിയ‌‌ പറഞ്ഞു.

Advertisement