മയ്യിൽ: കൈവരിയില്ലാത്ത റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കവേ കനാലിൽ വീണു മരിച്ച യാത്രക്കാരനെതിരെ കോടതിയിൽ മയ്യിൽ പൊലീസിന്റെ കുറ്റപത്രം. കാവുംചാൽ കനാൽ റോഡിൽ മാർച്ച് എട്ടിനു സംഭവിച്ച അപകടത്തിൽ മരിച്ച ചെങ്ങിനി ഒതയോത്ത് സി.ഒ.ഭാസ്കരന് (54) എതിരെയാണ് കുറ്റപത്രം. ‘അശ്രദ്ധയിലും അജാഗ്രതയിലും വാഹനം ഓടിച്ച് അപകടം സംഭവിച്ച് മരിക്കാൻ ഇടയായതിനാൽ ഇന്ത്യൻ ശിക്ഷാ നിയമം 279 വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റം ചെയ്തിരിക്കുന്നു’ എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
കോടതിയിൽ നേരിട്ടോ വക്കീൽ മുഖേനയോ ഹാജരായി പിഴ അടയ്ക്കണമെന്നു കാണിച്ച് പരേതനായ ഭാസ്കരന്റെ പേരിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ നിന്ന് അയച്ച കത്ത് കഴിഞ്ഞ ദിവസം ലഭിച്ചപ്പോഴാണ് കുടുംബാംഗങ്ങൾ ഈ വിവരം അറിയുന്നത്. കൊളച്ചേരി പഞ്ചായത്തിലെ കാവുംചാലിൽ കട നടത്തുകയായിരുന്ന ഭാസ്കരൻ കമ്പിൽ ടൗണിൽ നിന്നു സാധനങ്ങൾ വാങ്ങി കടയിലേക്കു തിരികെ വരുന്നതിനിടെയായിരുന്നു അപകടത്തിൽപ്പെട്ടത്. പള്ളിപ്പറമ്പ് മുക്ക് ഭാഗത്ത് പഴശ്ശി കനാലിനു കുറുകെയുള്ള പാലത്തിൽ നിന്നു കനാലിലേക്ക് വീഴുകയായിരുന്നു.
ഏറെ നേരത്തിനു ശേഷം സ്കൂൾ വിട്ട് അതുവഴി വന്ന കുട്ടികൾ സ്കൂട്ടറിന്റെ ശബ്ദം േകട്ട് നോക്കിയപ്പോഴാണ് അപകടം ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ ഓടിയെത്തി കമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അപകടമുണ്ടായപ്പോൾ അസ്വാഭാവിക മരണത്തിന് 306(1)(സി) വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ 279ാം വകുപ്പ് ചേർക്കുകയായിരുന്നു. ഇതോടെ ആറു മാസം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റം ഭാസ്കരനുമേൽ ചുമത്തപ്പെട്ടു. അപകടകരമായി വാഹനം ഓടിച്ചുവെന്ന കുറ്റം ചുമത്തിയതോടെ കുടുംബത്തിന് അർഹതപ്പെട്ട ഇൻഷുറൻസ് തുക പോലും ലഭിക്കാത്ത സ്ഥിതിയാണ്.
മാത്രമല്ല, കുടുംബനാഥനെ നഷ്ടപ്പെട്ട വേദനയ്ക്കിടയിലും കോടതിയും പൊലീസ് സ്റ്റേഷനും കയറിയിറങ്ങേണ്ട ഗതികേടിലാണ് ഭാര്യ കെ.കെ.ശൈലജയും വിദ്യാർഥിനികളായ രണ്ട് പെൺമക്കളും ഉൾപ്പെടുന്ന കുടുംബം. ഭാസ്കരന്റെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ അത്താണി. ഇനി പിഴയടയ്ക്കാനുള്ള തുക എങ്ങനെ കണ്ടെത്തുമെന്നും ഇവർക്കറിയില്ല.കുത്തനെയുള്ള കുന്നിറക്കത്തിൽ റോഡിന് കൈവരിയില്ലാത്തത് അപകടമുണ്ടാക്കുമെന്ന കാര്യം നേരത്തേ തന്നെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നു നാട്ടുകാർ പറയുന്നു. ഭാസ്കരന്റെ മരണത്തെത്തുടർന്ന് പ്രതിഷേധം ശക്തമായതോടെ പഞ്ചായത്ത് ഇടപെടുകയും മരാമത്ത് അധികൃതർ കൈവരി നിർമിക്കുകയും ചെയ്തു.
ശരിയായ അന്വേഷണം നടത്താതെ കുറ്റകരമായ അനാസ്ഥയോടെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി. ഡിജിപി, മുഖ്യമന്ത്രി എന്നിവർക്കു പരാതി നൽകുമെന്നു കാവുംചാൽ റോഡ് സംരക്ഷണ സമിതി ചെയർമാൻ ഹരീഷ് കൊളച്ചേരി പറഞ്ഞു. അപകടത്തിൽ ആളുകൾ മരിച്ചു കഴിഞ്ഞാൽ കുറ്റപത്രം സമർപ്പിക്കുന്ന അതേ രീതിയിൽ തന്നെയാണ് മയ്യിൽ പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ച് കേസ് അന്വേഷണം അവസാനിപ്പിച്ചതെന്നും പൊലീസിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നും മയ്യിൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.പി.സുമേഷ് പറഞ്ഞു.