തിരുവനന്തപുരം: നിയമസഭയിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു. മടിയിൽ കനമില്ലെന്നോ വഴിയിൽ ഭയമില്ലെന്നോ ഉള്ള പൊങ്ങച്ചമല്ല സ്വർണക്കടത്തുമായി ബന്ധപ്പെട്ട വസ്തുതയാണ് ജനങ്ങൾക്ക് അറിയേണ്ടതെന്ന് ഷാഫി പറമ്പിൽ എംഎൽഎ അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം ബാഗ് വിദേശത്തേക്കു കൊണ്ടുപോകാൻ സർക്കാർ സംവിധാനമില്ലേയെന്നായിരുന്നു മാത്യു കുഴൽനാടന്റെ ചോദ്യം.
ഉച്ചയ്ക്ക് ഒരു മണിക്കാണ് സ്വർണക്കടത്തു വിഷയത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച ആരംഭിച്ചത്. രണ്ടു മണിക്കൂറിലേറെ ചർച്ച നീണ്ടു. പിന്നീട് മുഖ്യമന്ത്രി തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകി. തനിക്കെതിരെയുള്ള ആരോപണങ്ങളുടെ വസ്തുതകൾ അന്വേഷണത്തിലൂടെ പുറത്ത് വരട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടനിലക്കാരെ ഉപയോഗിക്കേണ്ട ആവശ്യം സർക്കാരിനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ആരോപണങ്ങൾ ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്താനേ ഉപകരിക്കൂ. ജയ്ഹിന്ദിൽ പ്രവർത്തിച്ചിരുന്ന ഒരാളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത്. ഷാജ് കിരണിന് കോൺഗ്രസുമായാണ് ബന്ധമെന്നും മുഖ്യമന്ത്രി പരോക്ഷമായി സൂചിപ്പിച്ചു. തങ്ങൾക്ക് അവതാരങ്ങളുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംഘപരിവാറിന്റെ ചരടുവലിക്കൊത്ത് നീങ്ങുന്നവരുടെ ശബ്ദം സഭയിൽ പ്രതിപക്ഷം ആവുന്നത്ര ഉച്ചത്തിൽ ഉയർത്താൻ നോക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസ് വല്ലാതെ ദുർബലപ്പെടുന്നു. അത് കൊണ്ട് തന്നെ തങ്ങൾക്ക് ഇനി അഭയം സംഘപരിവാർ സംഘടനകളാണെന്നും ഇവർ കരുതുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഷാഫി പറമ്പിൽ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ പ്രതിഷേധവുമായി മന്ത്രിമാർ ഉൾപ്പെടെ ഭരണപക്ഷത്തുനിന്ന് എംഎൽഎമാർ ബഹളം വച്ചു. രഹസ്യമൊഴി സഭയിൽ ഉന്നയിക്കരുതെന്നു മന്ത്രി പി.രാജീവ് പറഞ്ഞു.
ജനങ്ങൾക്ക് താൽപര്യമുള്ള വിഷയമായതിനാൽ ചർച്ചയാകാമെന്നു മുഖ്യമന്ത്രി പറഞ്ഞതോടെയാണ് സ്വർണക്കടത്തു കേസ് സഭയിൽ ചർച്ചയായത്. കേസ് അന്വേഷണം അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്. രണ്ടാം പിണറായി സർക്കാർ ചർച്ച ചെയ്യുന്ന രണ്ടാമത്തെ അടിയന്തര പ്രമേയ നോട്ടിസാണിത്. ആദ്യ പ്രമേയം സിൽവർലൈൻ പദ്ധതി സംബന്ധിച്ചായിരുന്നു.
പ്രതിപക്ഷ എംഎൽഎമാർ ചർച്ചയിൽ പറഞ്ഞത്
∙ ഷാഫി പറമ്പിൽ
മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനുമെതിരെ ഗുരുതരമായ ആരോപണം സ്വപ്നയുടെ മൊഴിയിലുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുമ്പോൾ, സ്വപ്ന പറയുന്നത് തെറ്റാണെങ്കിൽ എന്തുകൊണ്ട് മാനനഷ്ടത്തിനു കേസ് കൊടുക്കുന്നില്ല. സ്വപ്നയുടെ കൂടെയുള്ള സരിത്തിനെ ഫ്ലാറ്റിൽനിന്ന് വിജിലൻസ് പിടിച്ചു കൊണ്ടുപോയി. ഇത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് മുഖ്യമന്ത്രിസഭയിൽ ചോദ്യത്തിനു മറുപടിയായി പറഞ്ഞത്. അങ്ങനെയാണെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ശ്രദ്ധ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ലോക്കൽ പൊലീസിനെ അറിയിക്കാതെ പാലക്കാട്ടെ വിജിലൻസിനു പിടിച്ചു കൊണ്ടുപോകാൻ അനുമതി നൽകിയത് ആരെന്നു അറിയാൻ ജനത്തിന് ആഗ്രഹമുണ്ട്. സ്വപ്ന രഹസ്യമൊഴി കൊടുത്തതു കൊണ്ടാണ് ഈ നടപടി എന്നറിയാൻ കവടി നിരത്തേണ്ട കാര്യമില്ല.
സ്വപ്നയുടെ രഹസ്യമൊഴി അന്വേഷിക്കാൻ എഡിജിപിയുടെ നേതൃത്വത്തിൽ വലിയ സംഘം രൂപീകരിച്ചു വെപ്രാളം കാണിക്കുന്നത് എന്തിനാണെന്നു ഷാഫി ചോദിച്ചു. തന്റെ കാലത്ത് അവതാരങ്ങൾ ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി മുൻപ് പറഞ്ഞിരുന്നു. എന്നാലിപ്പോൾ അവതാരങ്ങളുടെ ചാകരയാണ്. ഗുരുതരമായ ആരോപണം ഉന്നയിച്ച ഷാജ് കിരൺ എന്ന അവതാരത്തിനെതിരെ എന്തു കൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തമിഴ്നാട്ടിലേക്കു ഷാജ് കിരണിനു കടക്കാൻ പൊലീസ് അവസരമൊരുക്കി.
സ്വപ്നയ്ക്കെതിരെ കേസ് എടുത്ത പൊലീസ് മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും എതിരെ ഗുരുതരമായ ആരോപണമുണ്ടായിട്ടും അയാൾക്കെതിരെ കേസ് എടുക്കുന്നില്ല. ഷാജ് കിരൺ എന്ന അവതാരവുമായി ഫോണിൽ സംസാരിക്കാൻ എഡിജിപിക്ക് എന്ത് ബന്ധമാണുള്ളത്. മുഖ്യമന്ത്രിക്കു വേണ്ടിയല്ല എഡിജിപി ഷാജ് കിരണുമായി സംസാരിച്ചതെങ്കിൽ പിന്നെ എന്തിനാണ് പുതിയ തസ്തിക സൃഷ്ടിച്ച് എഡിജിപിക്കു നിയമനം നൽകിയതെന്നു ഷാഫി ചോദിച്ചു.
∙ മാത്യു കുഴൽനാടൻ
മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം ബാഗ് വിദേശത്തേക്കു കൊണ്ടുപോകാൻ സർക്കാർ സംവിധാനമില്ലേ? എന്തുകൊണ്ട് നയതന്ത്ര സംവിധാനം മുഖ്യമന്ത്രി ഉപയോഗപ്പെടുത്തിയെന്നു വ്യക്തമാക്കണം. കോൺസുലേറ്റ് സഹായത്തോടെ ബാഗ് കൊടുത്തുവിട്ടത് ശരിയാണെന്നു എം.ശിവശങ്കർ ഐഎഎസ് കസ്റ്റംസിനോട് സമ്മതിച്ചിട്ടുണ്ട്. കുറച്ചു മണിക്കൂർ കൊണ്ട് വിദേശത്ത് എത്തിക്കാൻ കഴിയുന്ന ബാഗ് കൊടുത്തു വിടാൻ എന്തിനാണ് സ്വപ്നയുടേയും കോൺസൽ ജനറലിന്റെയും സഹായം ആവശ്യപ്പെടുന്നത്.
∙ എൻ.ഷംസുദ്ദീൻ
മുഖ്യമന്ത്രിയുടെ ബാഗ് വിദേശത്തെത്തിക്കാൻ ആവശ്യപ്പെട്ടെന്നും താനത് എത്തിച്ചെന്നും സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന പറയുമ്പോൾ മുഖ്യമന്ത്രിക്ക് ഈ കുറ്റത്തിൽ പങ്കില്ലെന്ന് എങ്ങനെ വിശ്വസിക്കാൻ കഴിയും. ഗുരുതരമായ ആരോപണം വന്നിട്ടും ചെപ്പടി വിദ്യ വേണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ ചെപ്പടിവിദ്യകൊണ്ടെന്നും മുഖ്യമന്ത്രിക്കു രക്ഷപ്പെടാനാകില്ല.
∙ കെ.കെ.രമ
സ്വർണക്കടത്തു പോലെ ഗുരുതരമായ കേസിൽ കുറ്റാരോപിതനെന്ന് ആരോപണം ഉയർന്നവർ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് സംസ്ഥാനത്തിന് അപമാനമാണ്. മടിയിൽ കനമുള്ള ഒളിച്ചോടലാണ് മുഖ്യമന്ത്രി കാണിക്കുന്നത്. ആരോപണം ഉന്നയിച്ചവർക്കെതിരെ വക്കീൽ നോട്ടിസ് അയയ്ക്കാനുള്ള തന്റേടം പോലും മുഖ്യമന്ത്രിക്കില്ല. തട്ടിപ്പ് കയ്യോടെ പിടികൂടുമെന്നായപ്പോഴാണ് എഡിജിപിയെ സ്ഥാനത്തുനിന്ന് മാറ്റിയത്. എത്രമൂടിവച്ചാലും സത്യം ഒരിക്കൽ പുറത്തുവരും. ഈന്തപ്പഴം വിതരണം ചെയ്യുന്ന കൊറിയർ സർവീസുകാരണോ സംസ്ഥാന സർക്കാരെന്നും കെ.കെ.രമ.പറഞ്ഞു.