സ്വപ്ന സുരേഷിന് സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ്

Advertisement

കൊച്ചി.സ്വപ്ന സുരേഷിന് സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ്.സുരക്ഷ നൽകാനുള്ള സംവിധാനം ഇല്ലെന്നും എറണാകുളം ജില്ലാ കോടതിയിൽ ഇ ഡി നൽകിയ സത്യവാങ്ങ്മൂലത്തിൽ പറയുന്നു.കേസിൽ കേന്ദ്ര സർക്കാരിനെ കക്ഷി ചേർക്കാൻ അപേക്ഷ നൽകുമെന്ന് സ്വപ്നയുടെ അഭിഭാഷകൻ വ്യക്തമാക്കി.ഗൂഡാലോചന കേസിൽ പി സി ജോർജിനെ വെളളിയാഴ്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എറണാകുളം പ്രിൻസിപ്പൽസ് സെക്ഷൻസ് കോടതിയിൽ രഹസ്യമൊഴി നൽകിയതിനു ശേഷം ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ടാണ് സ്വപ്ന സുരേഷ് കോടതിയെ സമീപിച്ചത്.എന്നാൽ സ്വപ്‍ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിലപാട് എടുത്തു. സുരക്ഷ നൽകാനുള്ള സംവിധാനം ഇഡിക്ക് ഇല്ല. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന ഏജൻസിയാണ് തങ്ങളെന്നും ഇ ഡി വ്യക്തമാക്കി. സുരക്ഷയ്ക്കായി ഇഡി സംസ്ഥാന പൊലീസിനെയാണ് സമീപിക്കുന്നത്. കേന്ദ്ര സർക്കാർ കേസിൽ കക്ഷിയല്ലാത്തതിനാൽ കേന്ദ്ര സുരക്ഷ നൽകാനാകില്ലെന്നും എറണാകുളം ജില്ലാ കോടതിയിൽ ഇ ഡി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

കേസിൽ കേന്ദ്ര സർക്കാരിനെ കക്ഷി ചേർക്കാൻ അപേക്ഷ നൽകുമെന്ന് സ്വപ്നയുടെ അഭിഭാഷകൻ വ്യക്തമാക്കി.കേസിൽ വീണ്ടും വാദം തുടരും. 

സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ കെ ടി ജലീൽ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് പി സി ജോര്‍ജിന് നോട്ടീസ് നല്‍കും.സ്വപ്ന സുരേഷും പി സി ജോര്‍ജുമാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. കേസിൽ സരിത എസ് നായരുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.കേസിലെ പ്രതിയായ പി സി ജോർജും സരിതയുമായുള്ള ശബ്ദരേഖയും പുറത്തുവന്നിരുന്നു.

Advertisement