പൊലീസ് സുരക്ഷയ്ക്ക് പകരം ഇ ഡിയോട് കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ട് സ്വപ്ന, തങ്ങൾ സുരക്ഷയ്ക്ക് സംസ്ഥാന പൊലീസിനെയാണ് സമീപിക്കുന്നതെന്ന് ഇ ഡിയുടെ മറുപടി

Advertisement

കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് സുരക്ഷ ഒരുക്കാനാവില്ലെന്ന് കോടതിയിൽ ഇ ഡി വ്യക്തമാക്കി.

തന്നെ കേരള പൊലീസ് നിരീക്ഷിക്കുകയാണെന്നും കേന്ദ്ര സുരക്ഷ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് സ്വപ്ന കോടതിയെ സമീപിച്ചത്. ഈ കേസിൽ എറണാകുളം ജില്ലാ കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് സ്വപ്നയ്ക്ക് സുരക്ഷ നൽകാനാവില്ലെന്ന് ഇ ഡി വ്യക്തമാക്കിയത്.

സുരക്ഷ നൽകാനുള്ള സംവിധാനം ഇല്ലെന്നും, തങ്ങൾക്ക് ആവശ്യമുള്ളപ്പോൾ നൽകുന്നത് സംസ്ഥാന പൊലീസാണെന്നുമാണ് ഇ ഡി കോടതിയിൽ വ്യക്തമാക്കിയത്. കേന്ദ്ര സുരക്ഷ നൽകാൻ ഈ കേസിൽ കേന്ദ്ര സർക്കാർ കക്ഷിയല്ലാത്തതിനാൽ സാധിക്കില്ലെന്നും ഇ ഡി വ്യക്തമാക്കി. ഇതേ തുടർന്ന് കേന്ദ്രത്തെ കേസിൽ കക്ഷിചേർക്കാൻ അപേക്ഷ നൽകുമെന്ന് സ്വപ്നയുടെ അഭിഭാഷകൻ പറഞ്ഞു.

സ്വർണക്കടത്തിന്റെ ഇടപെടലുകളെ കുറിച്ച്‌ കോടതിയിൽ രഹസ്യമൊഴി നൽകിയതിന് പിന്നാലെയാണ് സ്വപ്നയ്ക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയത്. ഇവർ താമസിക്കുന്ന പാലക്കാട്ടെ ഫ്ളാറ്റും പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. ഇതേതുടർന്നാണ് പൊലീസിനെ പിൻവലിക്കാൻ സ്വപ്ന കോടതിയിൽ അപേക്ഷ നൽകിയത്.

Advertisement