കണ്ണൂര്‍: മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. ഏച്ചൂര്‍ സ്വദേശി ഷാജി (50), മകന്‍ ജ്യോതിരാദിത്യ (15) എന്നിവരാണ് മരിച്ചത്.
ഇന്നു രാവിലെ ഏച്ചൂര്‍ വട്ടപ്പൊയില്‍ പന്നിയോട്ട് കരിയില്‍ കുളത്തില്‍ ഷാജി മകനെ നീന്തല്‍ പഠിപ്പിക്കുമ്‌ബോഴായിരുന്നു അപകടം. മരിച്ച ഷാജി ഏച്ചൂര്‍ സര്‍വിസ് സഹകരണ ബാങ്ക് മാനേജരാണ്.
വെള്ളത്തില്‍ മുങ്ങിപ്പോകുന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഷാജി മുങ്ങി മരിച്ചത്. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ചക്കരക്കല്‍ സിഐ എന്‍.കെ.സത്യനാഥന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. ആശുപത്രിയിലേക്കു മാറ്റി.
തുടര്‍പഠനത്തിന് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെ തുടര്‍ന്നാണ് നീന്തല്‍ പഠനത്തിനായി കുളത്തിലേക്ക് എത്തിയതെന്ന് പറയപ്പെടുന്നു.