ആലപ്പുഴ: ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റിന്റെ തട്ടകത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഎമ്മിലേക്ക് ചേക്കേറാനൊരുങ്ങുന്നു.
ഇന്നലെ ബിജെപി നേതാവായ ആശ വി നായര്‍ പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ ഗ്രാമപഞ്ചായത്ത് അംഗത്വവും ബിജെപിയുടെ അംഗത്വവും രാജിവെച്ചു. ആശയുടെ നേതൃത്വത്തിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് എംവി ഗോപകുമാറിന്റെ പഞ്ചായത്താണ്
പാണ്ടനാട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നാല് ഗ്രാമപഞ്ചായത്തുകളിലായിരുന്നു ബിജെപിക്ക് ഭരണം ലഭിച്ചത്. കോടംതുരുത്ത്, ചെന്നിത്തല, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ എന്നീ പഞ്ചായത്തുകളിലായിരുന്നു ബിജെപി ഭരണം. എന്നാല്‍ കൃത്യമായ രാഷ്ട്രീയ നീക്കങ്ങള്‍ നടത്താന്‍ കഴിയാതെപോയതിനാലും പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ മൂലവും നേരത്തേ തന്നെ പാണ്ടനാട് ഒഴികെയുള്ള പഞ്ചായത്തുകളില്‍ ഭരണം നഷ്ടമായിരുന്നു. ഇന്നലെയാണ് പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് പദവിയും പാര്‍ട്ടി അംഗത്വവും രാജിവെക്കുന്നതായി പ്രഖ്യാപിച്ച് ആശ വി നായര്‍ രംഗത്തെത്തിയത്. ഇതോടെ ജില്ലയില്‍ ആകെയുണ്ടായിരുന്ന പഞ്ചായത്തും പാര്‍ട്ടിക്ക് നഷ്ടമായി.
13 അംഗ പാണ്ടനാട് ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് ആറ് അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. സിപിഎം അഞ്ച് അംഗങ്ങളുമായി തൊട്ട് പിന്നിലുണ്ട്. കോണ്‍ഗ്രസിന് രണ്ട് അംഗങ്ങളാണുള്ളത്. ആശ വി നായര്‍ രാജിവെച്ച വാര്‍ഡില്‍ ആശയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തി വിജയിപ്പിക്കാനാകുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. ആശ രണ്ടാം തവണയാണ് ഇവിടെ മെമ്ബറാകുന്നത്. ആദ്യതവണ നേടിയതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടിയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചത്.
‘രാഷ്ട്രീയാന്ധതമൂലം വികസനത്തെ എതിര്‍ക്കുന്ന ബി.ജെ.പി.യുടെ നിലപാടിനൊപ്പം തുടരാന്‍ കഴിയില്ലെന്ന് ആശ വി. നായര്‍ പറഞ്ഞു. വൈസ് പ്രസിഡന്റിനെതിരേ അവിശ്വാസം പാസായതിനെത്തുടര്‍ന്ന് പഞ്ചായത്തു പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ടും വ്യക്തിപരമായി ആക്ഷേപിച്ചും ബി.ജെ.പി. പ്രവര്‍ത്തകരും അനുഭാവികളും സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടു. ബി.ജെ.പി. നേതൃത്വത്തിന്റെ ശ്രദ്ധയില്‍കൊണ്ടുവന്നിട്ടും പ്രയോജനമുണ്ടായില്ല.
മന്ത്രിയും ചെങ്ങന്നൂര്‍ എം.എല്‍.എ. യുമായ സജി ചെറിയാന്‍ പഞ്ചായത്തില്‍ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടിയോളം രൂപ അനുവദിച്ചിരുന്നു. ജില്ലാ പഞ്ചായത്തു വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സല ഒരുകോടി രൂപയോളം ജില്ലാപഞ്ചായത്തില്‍നിന്നു തന്നു. പഞ്ചായത്തിന്റെ വികസനം ശരിയായി മുന്നോട്ടുകൊണ്ടുപോകുന്നതിനു മന്ത്രിയുടെയും മറ്റു ജനപ്രതിനിധികളുടെയും സഹായവും സഹകരണവും അത്യന്താപേക്ഷിതമാണ്. ജനങ്ങളിലാണു വിശ്വാസം. അവരോടു നീതിപുലര്‍ത്താന്‍ അനുവദിക്കാത്ത ബി.ജെ.പി. യുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നു. ബി.ജെ.പി. ബാനറില്‍ ജയിച്ച മെമ്ബര്‍ സ്ഥാനവും പ്രസിഡന്റുസ്ഥാനവും രാജിവെക്കുന്നു. തുടര്‍ന്നും ജനങ്ങളോടൊപ്പമുണ്ടാകുമെന്നും ആശ പത്രക്കുറിപ്പില്‍ പറഞ്ഞു.
ആശ വി. നായര്‍ ഇടതു പാളയത്തിലേക്കു പോകാനുള്ള സാധ്യതയാണു നിലവിലുള്ളത്. വൈസ് പ്രസിഡന്റിനെതിരേ മാത്രമായി ഇടതുപക്ഷം അവിശ്വാസം കൊണ്ടുവന്നപ്പോള്‍ത്തന്നെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ കേട്ടിരുന്നു. പ്രദേശവാസിയായ ജില്ലാ പഞ്ചായത്തംഗത്തിനെ പഞ്ചായത്തിന്റെ പരിപാടികളില്‍നിന്നു മുന്‍ വൈസ് പ്രസിഡന്റ് ഒഴിവാക്കുന്നതായുള്ള ആരോപണങ്ങള്‍ സി.പി.എം. നേരത്തേ ഉന്നയിച്ചിരുന്നു. തുടര്‍ന്നായിരുന്നു അവിശ്വാസം. മെമ്ബര്‍ സ്ഥാനവും രാജിവെച്ചതിനാല്‍ ഒരു മാസത്തിനകം പ്രസിഡന്റ് തിരഞ്ഞെടുപ്പുവരുമ്ബോള്‍ ബി.ജെ.പി. ക്കും സി.പി.എമ്മിനും അഞ്ചുസീറ്റ് വീതമുണ്ടാകും.
രണ്ടു സീറ്റുള്ള കോണ്‍ഗ്രസിന്റെ നിലപാട് നിര്‍ണായകമാകും. വൈസ് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിനുള്ളിലും ചില പടലപ്പിണക്കങ്ങളുണ്ട്. അന്നു പിന്തുണ സംബന്ധിച്ചു മണ്ഡലം പ്രസിഡന്റും പാണ്ടനാട്ടിലെ ഡി.സി.സി. ഭാരവാഹിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായി. വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനുനല്‍കി സി.പി.എം. ഭരണത്തിലേറാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.