പാലക്കാട്: സ്വകാര്യ ബസിനു മുന്നില്‍ വാഹനം അശ്രദ്ധമായി വെട്ടിത്തിരിച്ചെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരനും മകള്‍ക്കും 11,000 രൂപ പിഴ.
ലൈസന്‍സും ഹെല്‍മറ്റുമില്ലാതെ വാഹനമോടിച്ച പാലക്കാട് വാളറ സ്വദേശിക്കും വാഹന ഉടമയായ മകള്‍ക്കുമെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് വാളറ സ്വദേശി അശ്രദ്ധമായി വാഹനമോടിച്ച് തലനാരിഴക്ക് വന്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്. ഇടതുവശത്ത് കൂടി പോവുകയായിരുന്ന സ്‌കൂട്ടര്‍ സിഗ്‌നലോ, മുന്നറിയിപ്പോ നല്‍കാതെ, ബസിന് മുന്നിലൂടെ വലതുവശത്തേക്ക് വെട്ടിത്തിരിച്ച് പോയത്. ബസ് ഡ്രൈവര്‍ പെട്ടെന്ന് ബ്രൈക്ക് ഇട്ടത് കൊണ്ടു മാത്രമാണ് അപകടം ഒഴിവായത്.
വാളറ സ്വദേശിനി അനിതയുടെ പേരിലുള്ള സ്‌കൂട്ടറാണിത്. അനിതയുടെ പിതാവ് ചെന്താമരയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. ലൈസന്‍സില്ലാത്ത വ്യക്തിക്ക് വാഹനം കൈമാറിയതിന് അനിതക്കെതിരെ കേസെടുക്കുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തു. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് ചെന്താമരക്ക് 5000 രൂപയും ഹെല്‍മറ്റ് ധരിക്കാതെ സ്‌കൂട്ടറില്‍ സഞ്ചരിച്ചതിന് 500 രൂപ വീതവും പിഴ ചുമത്തിയിട്ടുണ്ട്. ആകെ 11000 രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്.
സ്വകാര്യ ബസിനുള്ളിലെ ഡാഷ് കാമറയിലാണ് സ്‌കൂട്ടര്‍ യാത്രികന്‍ അശ്രദ്ധയോടെ വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇതിന്റെ വിഡിയോ വൈറലായിരുന്നു. പിന്നാലെയാണ് പാലക്കാട് ജില്ല മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കേസെടുത്തത്.
ശ്രദ്ധയോടെ വാഹനം ഓടിച്ച് അപകടമുണ്ടാവാതെ രക്ഷിച്ച ബസ് ഡ്രൈവറെ മോട്ടോര്‍വാഹനവകുപ്പ് അനുമോദിച്ചിരുന്നു.