വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ നില മെച്ചപ്പെടുത്തി കേരളം

Advertisement

തിരുവനന്തപുരം: വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ കേരളം നില മെച്ചപ്പെടുത്തി. 2019-ലെ 28-ാം സ്ഥാനത്തുനിന്ന് 2020-ലെ കണക്കിൽ 75.49 ശതമാനം സ്‌കോറുകൾ നേടി 15-ാം സ്ഥാനത്തേക്കാണ് കേരളം കുതിച്ചത്. കേന്ദ്ര വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി.) തയ്യാറാക്കിയ റാങ്കിലാണ് കേരളം 15-ാം സ്ഥാനത്തേക്ക് എത്തിയത്. അന്തിമ സ്‌കോറുകളും ഉപയോക്തൃ അഭിപ്രായ സർവേകളുടെയും അടിസ്ഥാനത്തിൽ ടോപ്പ് അച്ചീവേഴ്സ്, അച്ചീവേഴ്സ്, അസ്പയറർ, എമേർജിങ് ബിസിനസ് ഇക്കോസിസ്റ്റംസ് എന്നിങ്ങനെ സംസ്ഥാനങ്ങളെ നാലായി തിരിച്ചിരുന്നു.

ഇതിൽ അസ്പയറർ എന്ന വിഭാഗത്തിലാണ് കേരളം ഇടം പിടിച്ചത്. 2014-ലാണ് കേന്ദ്രഭരണ പ്രദേശങ്ങളെയും സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തി വ്യവസായ സൗഹൃദത്തിന് റാങ്ക് നിശ്ചയിക്കാൻ തുടങ്ങിയത്. ഇതിൽ 2016 മുതലാണ് കേരളം ഭാഗമായത്. കേരളത്തിന് വേണ്ടി സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി.) ആണ് നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത്.

സംരംഭങ്ങൾ എളുപ്പത്തിൽ തുടങ്ങുന്നതിനും തടസ്സമില്ലാതെ നടത്തിക്കൊണ്ടുപോകുന്നതിനും വിവിധ വകുപ്പുകൾ നടപ്പാക്കേണ്ട കാര്യങ്ങൾ ഏതൊക്കെയെന്ന് നിശ്ചയിച്ച് ബിസിനസ് റീഫോം ആക്ഷൻ പ്ലാൻ ഓരോ വർഷവും ഡി.പി.ഐ.ഐ.ടി. സംസ്ഥാനങ്ങൾക്ക് നൽകും. 2016-ൽ കേരളം അതിൽ 22.8 ശതമാനം മാത്രമായിരുന്നു നടപ്പാക്കിയത്. 2019-ൽ അതിൽ 85 ശതമാനവും നടപ്പാക്കിയെങ്കിലും 28-ാം റാങ്ക് ആയിരുന്നു ലഭിച്ചത്. ഉപഭോക്തൃ അഭിപ്രായ സർവേയുടെ കൂടെ അടിസ്ഥാനത്തിൽ റാങ്ക് നൽകുന്നതിനാലാണ് കേരളം പിന്നാക്കം പോയത്.

2020-ൽ 301 പരിഷ്‌കാരങ്ങൾ കൂടി നടപ്പാക്കാൻ ഡി.പി.ഐ.ഐ.ടി. നിർദ്ദേശിച്ചിരുന്നു. ഇതിൽ 94 ശതമാനം നിർദ്ദേശങ്ങളും നടപ്പാക്കി. ഇതോടെയാണ് റാങ്കിങ്ങിൽ കുതിപ്പുണ്ടായത്. സംരംഭകർക്ക് പരാതി നൽകാനും അത് പരിഹരിക്കാനും ടോൾഫ്രീ കോൾ സെന്റർ സ്ഥാപിച്ചത് കേരളത്തിന് നേട്ടമുണ്ടാക്കി.

വ്യവസായ സംരംഭങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവന്നതും നയപരമായ തീരുമാനങ്ങൾ എടുത്ത് നടപ്പാക്കിയതുമാണ് ഈ നേട്ടത്തിന് കാരണമായതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. സുസ്ഥിര വികസനത്തോടെയുള്ള നിക്ഷേപത്തിനാണ് കേരളം ഊന്നൽ നൽകുന്നത്. നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നടപടികൾ മൂലം വരുംവർഷങ്ങളിൽ കേരളത്തിന്റെ റാങ്കിങ് മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപങ്ങളും സംരംഭങ്ങളും ആകർഷിക്കാൻ നിലവിലെ നേട്ടം കേരളത്തെ സഹായിക്കുമെന്ന് വ്യവസായ വകുപ്പ് അഭിപ്രായപ്പെടുന്നു.

വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള എളുപ്പത്തിന്റെയും സുതാര്യതയുടെയും അടിസ്ഥാനത്തിൽ രാജ്യങ്ങൾക്ക് റാങ്കിങ് നൽകുന്ന രീതി 2003-ലാണ് ലോകബാങ്ക് തുടങ്ങിയത്. 2014 മുതൽ ഇന്ത്യയും ഈ പ്രക്രിയയുടെ ഭാഗമായി. വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള എളുപ്പം, കെട്ടിടനിർമാണത്തിനുള്ള അനുമതികൾ വേഗത്തിൽ ലഭ്യമാകുന്നത്, വസ്തു രജിസ്റ്റർ ചെയ്യുന്ന നടപടികൾ ലളിതമാക്കൽ, വ്യവസായ സ്ഥാപനങ്ങളിലെ വകുപ്പുതല പരിശോധനകളുടെ സുതാര്യത, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത എന്നിങ്ങനെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് രാജ്യങ്ങൾക്ക് റാങ്ക് നൽകുന്നത്. 2014-ൽ ഇന്ത്യയ്ക്ക് 190 ൽ 140 ആയിരുന്നു. 2020 ആയപ്പോൾ അത് 63-ാം സ്ഥാനത്തേക്ക് ഉയർന്നു. ഓരോ സംസ്ഥാനങ്ങളും നടപ്പാക്കുന്ന വ്യവസായ സൗഹൃദ നയങ്ങൾ രാജ്യത്തിന്റെ റാങ്ക് ഉയർത്താൻ സഹായിക്കുന്നുണ്ട്.

Advertisement