കാക്കനാട്: വിറയ്ക്കുന്ന വിരലാല്‍ നിറതോക്ക് ചൂണ്ടി വയോധികനെത്തിയത് തോക്ക് ലൈസന്‍സ് പുതുക്കാന്‍. ജില്ലാ ഭരണസിരാകേന്ദ്രം തോക്കിന്‍മുനയില്‍. തിങ്കളാഴ്ച ഓഫിസിലെത്തിയ വയോധികന്‍ നിറ തോക്കുമായി നടന്നതോടെ ജീവനക്കാര്‍ ഭയന്നോടി.
തോക്കിന്റെ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയ വയോധികനാണ് തോക്ക് കാണിക്കുന്നതിനായി പുറത്തെടുത്തത്. പിന്നീട് എറണാകുളം എ.ഡി.എം എസ്. ഷാജഹാന്‍ അറിയിച്ചതനുസരിച്ച് തൃക്കാക്കര പൊലീസ് എത്തി തോക്കും ഉടമസ്ഥനെയും കസ്റ്റഡിയിലെടുത്തു.
ഡെപ്യൂട്ടി തഹസില്‍ദാറായി വിരമിച്ച മുളവൂര്‍ സ്വദേശിയായ 85 കാരനാണ് കലക്ടറേറ്റില്‍ തോക്കുമായി എത്തിയത്. അവിവാഹിതനായ ഇദ്ദേഹത്തിന് 2007 മുതല്‍ സ്വയരക്ഷാര്‍ഥം തോക്ക് ഉപയോഗിക്കുന്നതിന് ലൈസന്‍സ് നല്‍കിയിരുന്നു. ലൈസന്‍സ് പുതുക്കാന്‍ കഴിഞ്ഞമാസം കലക്ടറേറ്റില്‍ എത്തി അപേക്ഷ നല്‍കി. അപേക്ഷയുടെ തല്‍സ്ഥിതി അറിയാനാണ് ഓഫിസില്‍ എത്തിയത്.
കലക്ടറേറ്റിലെ ഡെസ്പാച്ച് സെക്ഷനിലെത്തിയപ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് ജീവനക്കാര്‍ അറിയിച്ചു. തോക്കിന് അറ്റകുറ്റപ്പണി ആവശ്യമുള്ളതിനാല്‍ അപേക്ഷയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രേഖകള്‍ തിരികെ നല്‍കണമെന്ന് പറഞ്ഞ് ആവശ്യമുണ്ടെങ്കില്‍ തോക്ക് പരിശോധിച്ചോളൂ എന്നുപറഞ്ഞ് ഉയര്‍ത്തി കാണിക്കുകയായിരുന്നു. തുടര്‍ന്ന്, സിനിമാ സ്‌റ്റൈലില്‍ വിരലുകള്‍ക്കിടയില്‍ ഇട്ട് കറക്കുകയും ചെയ്‌തെന്ന് ജീവനക്കാര്‍ പറഞ്ഞു.
തോക്ക് ചൂണ്ടുന്നതുപോലെ തോന്നിയതോടെ പരിഭ്രാന്തിയിലായ ജീവനക്കാര്‍ എ.ഡി.എമ്മിനെ അറിയിക്കുകയായിരുന്നു. എ.ഡി.എമ്മിന്റെ ചേംബറില്‍ വെച്ച് തോക്ക് ചോദിച്ചപ്പോഴാണ് റിവോള്‍വര്‍ മോഡലിലുള്ള തോക്കില്‍ എട്ട് റൗണ്ട് തിരകള്‍ ഉണ്ടായിരുന്നതായി മനസ്സിലായത്. തോക്ക് എടുത്തപ്പോഴും കറക്കിയപ്പോഴും അബദ്ധത്തില്‍ പൊട്ടിയിരുന്നെങ്കില്‍ പോലും ദുരന്തത്തിന് വഴിവെച്ചേനെ. ഒടുവില്‍ ബന്ധുക്കളെ വിളിച്ചുവരുത്തിയാണ് ഇയാളെ വിട്ടയച്ചത്. ജീവനക്കാര്‍ക്ക് പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തില്ല.