തിരുവനന്തപുരം . ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രി സജിചെറിയാന് അധികാരത്തില്‍ തുടരാനുള്ള യോഗ്യതയില്ലെന്നും ബുദ്ധിയും വിവേകവുമുണ്ടെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കെപിസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ജനാധിപത്യത്തോടും ഭരണഘടനയോടും മുഖ്യമന്ത്രിക്ക് ആദരവുണ്ടെങ്കില്‍ ഒരുനിമിഷം വൈകാതെ സജിചെറിയാന്റെ രാജി എഴുതിവാങ്ങണം. മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് നിയമനടപടി സ്വീകരിക്കുകയും ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യും.മന്ത്രിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം.മന്ത്രിസ്ഥാനത്ത് നിന്ന് മാത്രമല്ല എംഎല്‍എ സ്ഥാനവും സജി ചെറിയാന്‍ രാജിവെയ്ക്കണം. ഈ വിഷയത്തില്‍ സിപിഎം ദേശീയ നേതൃത്വവും ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയും നിലപാട് വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
ഭരണഘടനയോട് ഒരു ബഹുമാനവും പുലര്‍ത്താത്ത മന്ത്രിയെ സഹിക്കേണ്ട ബാധ്യത കേരളജനതയ്ക്കില്ല. മതേതരത്വം ഒരു മോശം കാര്യമാണെന്ന് പിണറായി മന്ത്രിസഭയിലെ അംഗത്തിന് തോന്നിയത് ആര്‍എസ്എസ്, എസ്ഡിപി ഐ തുടങ്ങിയ പുതിയ സഖ്യകക്ഷികളുടെ സ്വാധീനം കൊണ്ടാണ്. രാജ്യസ്‌നേഹത്തേക്കാള്‍ ചൈനാ പ്രേമം പ്രകടിപ്പിച്ചവരാണ് സിപിഎമ്മുകാര്‍.രാജ്യത്തോട് കൂറുപുലര്‍ത്താത്ത സിപിഎമ്മുകാര്‍ക്ക് ഈ രാജ്യത്ത് തമാസിക്കാന്‍ എന്തുയോഗ്യതയാണുള്ളത്.മോന്തായം വളഞ്ഞാല്‍ 64 വളയുമെന്ന പഴമൊഴി അര്‍ത്ഥവത്താക്കുന്നതാണ് സിപിഎം നേതാക്കളുടെ പ്രതികരണങ്ങള്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം മാറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണോ ഇതെല്ലാമെന്നും സംശിയിക്കേണ്ടിരിക്കുന്നുയെന്നും സുധാകരന്‍ പരിഹസിച്ചു.
സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസ്താവന വെറും അഭിപ്രായപ്രകടനമായി കാണാന്‍ സാധ്യമല്ല.പരസ്യമായി വിമര്‍ശിക്കാതെ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ വഴി സമര്‍പ്പിച്ചിരുന്നെങ്കില്‍ അത്തരം ഒരു ന്യായീകരണം സിപിഎമ്മിന് ഉന്നയിക്കാമായിരുന്നു. ബ്രട്ടീഷുകാര്‍ പറഞ്ഞ കാര്യങ്ങള്‍ എഴുതിവെച്ച ഭരണഘടനയാണ് ഇന്ത്യയുടെതെന്ന് പറഞ്ഞ് പരിഹസിച്ച് കൊണ്ട് സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിക്കുകയായിരുന്നു.
രാജ്യത്തോടും ഭരണഘടനയോടും ദേശീയപതാകയോടും കൂറുപുലര്‍ത്താത്തവരാണ് സിപിഎമ്മുകാര്‍. സ്വാതന്ത്ര്യം കിട്ടിയത് പോലും അംഗീകരിക്കാത്ത സിപിഎം കഴിഞ്ഞ വര്‍ഷം മുതലാണ് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയപതാക ഉയര്‍ത്താന്‍ തയ്യാറായത്. ഭരണഘടനാ വിരുദ്ധത സിപിഎമ്മിന്റെ എക്കാലത്തെയും അജണ്ടയാണ്. ജനാധിപത്യത്തെയും ഭരണഘടനെയും തള്ളിപ്പറഞ്ഞതാണ് അവരുടെ പാരമ്പര്യം. ജനാധിപത്യ സര്‍ക്കാരിനെ സായുധ സമരത്തിലൂടെ അട്ടിമറിക്കാന്‍ കല്‍ക്കത്താ തിസീസിലൂടെ പ്രമേയം പാസാക്കിയവരാണ് സിപിഎമ്മെന്നത് ആരും മറന്നിട്ടില്ല.ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഭരണകക്ഷിക്ക് ഭരണഘടനയെ വിശ്വാസമില്ലെങ്കില്‍ രാജിവെച്ച് പുറത്ത് പോകണം. മോദിയും പിണറായി വിജയനും ഭരിച്ചിട്ടും ഈ നാട് തകരാതെ നില്‍ക്കുന്നത് ശക്തമായ ഭരണഘടനയുള്ളത് കൊണ്ടാണെന്നും സുധാകരന്‍ പറഞ്ഞു.
ഇന്ത്യയെ ഒരു പരമാധികാര, ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കുന്നതും എല്ലാ പൗരന്മാര്‍ക്കും മൗലികാവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നുതുമാണ് ഇന്ത്യന്‍ ഭരണഘടന. പവിത്രവും മതേതരമൂല്യങ്ങളും ബഹുസ്വരതയും ഉയര്‍ത്തിപിടിക്കുന്ന ഇന്ത്യന്‍ ഭരണഘടനയോട് സിപിഎമ്മും ആര്‍എസ്എസും അസഹിഷ്ണുതയും വെറുപ്പുംപ്രകടിപ്പിച്ച പ്രസ്ഥാനങ്ങളാണ്. ആര്‍എസ്എസിന്റെ മതാധിഷ്ഠിത വര്‍ഗീയ നിലപാടുകള്‍ക്ക് ഇന്ത്യന്‍ ഭരണഘടന എതിരായതിനാലാണ് അവര്‍ എതിര്‍ക്കുന്നത്. അതേ പാതയിലാണ് സിപിഎമ്മും ഇപ്പോള്‍ സഞ്ചരിക്കുന്നത്.ഭരണഘടനയെ അംഗീകരിക്കാത്ത ഇരുപാര്‍ട്ടികളും ജനങ്ങളുടെ മനസ്സില്‍ നിന്നും അകന്ന് വെറുക്കപ്പെട്ട പ്രസ്ഥാനങ്ങളായി മാറി. ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രി സജി ചെറിയാന്‍ ഇന്ത്യയുടെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുകയാണ്. ഭരണഘടന എത്ര മികച്ചതായാലും അതിന്‍മേല്‍ പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുക്കുന്നവര്‍ മോശമാണെങ്കില്‍ അത് ഭരണഘടനയിലും പ്രതിഫലിക്കുമെന്നും ദീര്‍ഘവീക്ഷണമുള്ള ഡോ.ബിആര്‍ അംബേദ്ക്കര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അത് സജി ചെറിയാന്റെ പ്രസ്താവനയിലൂടെ സത്യമായി തീര്‍ന്നെന്നും സുധാകരന്‍ പറഞ്ഞു.
ഗ്ലോറിഫൈഡ് കൊടിസുനിയെന്ന വിശേഷണം
മുഖ്യമന്ത്രി അര്‍ഹിക്കുന്നു: കെ.സുധാകരന്‍ എംപി
ഗ്ലോറിഫൈഡ് കൊടിസുനിയെന്ന് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചത് ആ വിശേഷണം അദ്ദേഹം അര്‍ഹിക്കുന്നത് കൊണ്ടാണെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധാകരന്‍ പറഞ്ഞു.
നാല്‍പ്പാടി വാസുവിനെ ഞാന്‍ പറഞ്ഞിട്ടില്ല വെടിവെച്ചതെന്നും ആളുകളെ ഓടിച്ച് വിടാനായി എന്റെ ഗണ്‍മാനാണ് വെടിവെച്ചതെന്നും വെടിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് ഞാന്‍ ഗണ്‍മാനോട് ക്ഷുഭിതനായിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.ആ സംഭവത്തില്‍ വ്യക്തിപരമായി തനിക്ക് ഒരുപങ്കുമില്ല.
കൂടെ നില്‍ക്കുന്ന വ്യക്തിയെ അവിശ്വസിച്ച് മൃഗീയമായി കൊന്ന വ്യക്തിയാണ് ഇന്നത്തെ മുഖ്യമന്ത്രി.മുഖ്യമന്ത്രി എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ എനിക്ക് പങ്കില്ല. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ നേതൃത്വം നല്‍കിയ വ്യക്തിയാണ് ഇന്നത്തെ മുഖ്യമന്ത്രി. എന്റെ അപ്പുറവും ഇപ്പറവും ചിതറികിടക്കുന്ന എന്റെ സഹപ്രവര്‍ത്തകരുടെ രക്തം ഇപ്പോഴും ഹൃദയത്തിലുണ്ട്.അങ്ങനെയുള്ള മുഖ്യമന്ത്രിയുമായി തനിക്ക് സന്ധി ചെയ്യാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സിപിഎമ്മില്‍ ഇപ്പോള്‍ റോളില്ലെന്നും എല്ലാം തീരുമാനിക്കുന്നത് പി.ശശിയാണെന്നും സുധാകരന്‍ പറഞ്ഞു.
ജനാധിപത്യ രീതിയില്‍ പ്രതികരിക്കാനുള്ള ആത്മവീര്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിനെ ഗുണ്ടായിസമായിട്ടാണ് സിപിഎം ചിത്രീകരിക്കുന്നത്. എകെജി സെന്റര്‍ ആക്രമത്തിന്റെ പിന്നിലാരാണെന്ന് ഇപി ജയരാജന് മാത്രമെ അറിയാവൂയെന്നും സുധാകരന്‍ പറഞ്ഞു.