കൊച്ചി: കൊച്ചിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ എണ്ണത്തിൽ വൻ വർദ്ധനയെന്ന് റിപ്പോർട്ട്. അഞ്ചുവർഷത്തിനിടെ ജില്ലയിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് പിടികൂടുന്ന പാമ്പുകളുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ എത്തുന്നത് പെരുമ്പാമ്പാണ്. വനത്തിലുള്ളതിനേക്കാളും ഭക്ഷണം നാട്ടിൽ കിട്ടും എന്നതാണ് പാമ്പുകളുടെ കുടിയേറ്റത്തിന്റെ പ്രധാനകാരണം.
പെരുമ്പാമ്പ് ഒരുതവണ 30 ഓളം മുട്ടകളിടും. വനങ്ങളിലാണെങ്കിൽ പത്ത് ശതമാനം മാത്രമേ അതിജീവിക്കൂ. മറ്റ് ജീവികൾ മുട്ട തിന്നുന്നതാണ് പ്രശ്നം. നാട്ടിൽ ഇവയെല്ലാം വിരിഞ്ഞിറങ്ങും. ഓടകളിലും മറ്റും നിരവധി എലികൾ ഉള്ളതിനാൽ ഭക്ഷണത്തിനും ക്ഷാമമില്ല.
ജില്ലയിൽ പിടിയിലായ പാമ്പുകൾ
2017 2018 2019 2020 2021 2022
പെരുമ്പാമ്പ് 406 441 455 639 629 195
മൂർഖൻ 27 48 41 90 96 65
അണലി 17 22 35 49 44 19
രാജവെമ്പാല 5 6 10 9 19 11
വെള്ളിക്കെട്ടൻ 0 4 3 3 5 1
ജൂൺ, ജൂലായ് മാസങ്ങളിലാണ് അണലി പ്രസവിക്കുന്നതും മൂർഖൻ, വെള്ളിക്കട്ടൻ, രാജവെമ്പാല എന്നിവ മുട്ടയിട്ട് വിരിയുന്നതും. വീടുകൾ വൃത്തിയായി സൂക്ഷിക്കുകയും ടൈൽസ്, കല്ലുകൾ എന്നിവ അടുക്കി വച്ചിരിക്കുന്ന സ്ഥലങ്ങൾ ശ്രദ്ധിക്കുകയും ഷൂസ് എന്നിവ പരിശോധിച്ച ശേഷം ധരിക്കാനും ശ്രദ്ധിക്കണം. പരിശീലനം ഇല്ലാത്തവർ പാമ്പിനെ പിടിക്കരുത്.
കഴിഞ്ഞ ദിവസം കണയന്നൂർ താലൂക്ക് ഓഫീസിൽ നിന്ന് പിടികൂടിയ പെരുമ്പാമ്പിനെ മലയാറ്റൂർ വനമേഖലയിൽ തുറന്നുവിട്ടു. ഇതിനൊപ്പം പലസ്ഥലങ്ങളിൽ നിന്നായി പിടികൂടിയ ആറ് പാമ്പുകളെയും മോചിപ്പിച്ചു.
പാമ്പുകളെ കണ്ടാൽ ഉടൻ ‘സർപ്പ’ ആപ്ലിക്കേഷൻ മുഖേന വനം വകുപ്പിനെ അറിയിക്കാം. 8547604218 എന്ന നമ്പരിലും വിളിക്കാം. പാമ്പിന്റെ ചിത്രവും വാട്ട്സ് ആപ്പിൽ അയച്ചാൽ നന്നാകും.
ബിവറേജസ് ഒട്‌ലറ്റ് കൂട്ടിയ ശേഷം കേരളത്തിൽ പാമ്പുകൾ വളരെ അധികം കൂടിയിട്ടുണ്ട്…