രാജീയോടെ തീരുന്നില്ല,പ്രശ്നം ഇനിയും നീളും

Advertisement

തിരുവനന്തപുരം . ആദ്യവിക്കറ്റ് വീണെന്നും അടുത്തത് ക്യാപ്റ്റന്‍റേതാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പറയുമ്പോള്‍ പതിവുപോലെ ചിരിച്ചു തള്ളാന്‍ ഭരണപക്ഷവും ഒന്നറയ്ക്കും, മന്ത്രിസ്ഥാനത്തു നിന്നുളള സജിചെറിയാന്‍റെ രാജി പ്രതിപക്ഷ നിലപാടിന്‍റെ വിജയമായാണ് യുഡിഎഫ് വിലയിരുത്തല്‍. എം എല്‍ എ സ്ഥാനവും സജിചെറിയാന്‍ രാജിവെക്കണമെന്നതാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷം പ്രതിപക്ഷം തുടർ നടപടികളിലേക്ക് കടക്കും.

രാഷ്ട്രീയമായി ജീവവായു ലഭിച്ച പ്രതീതിയിലാണ് പ്രതിപക്ഷം. സില്‍വർലൈന്‍ സമരം മുതലിങ്ങോട്ട് പ്രതിപക്ഷത്തിന് രാഷ്ട്രീയമായി ചാകരക്കാലമാണ്. സജിചെറിയാന്‍റെ രാജി കൂടിയായതോടെ തുടർ ഭരണത്തിന്‍റെ ശോഭ കെടുത്താനായെന്ന ആത്മവിശ്വാസവും പ്രതിപക്ഷത്തിനുണ്ട്. നിയമസഭാ സമ്മേളനം നടക്കുന്ന വേളയിലെ മന്ത്രിയുടെ രാജി പ്രതിപക്ഷത്തിന് കൂടുതല്‍ കരുത്ത് പകരും. സജിചെറിയാന്‍റെ രാജിയോടെ വിഷയമുപേക്ഷിക്കാന്‍ പ്രതിപക്ഷം തയ്യാറല്ല. കുറ്റബോധമേതുമില്ലാതെ, സമ്മർദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് സജിചെറിയാന്‍ രാജിവെച്ചതെന്നാണ് പ്രതിപക്ഷ വിലയിരുത്തല്‍.

ഭരണഘടനയെ നിന്ദിച്ചയാള്‍ക്ക് ജനപ്രതിധിനിയായി തുടരാനും യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സജിചെറിയാന്‍ എം എല്‍ എ സ്ഥാനവും രാജിവെക്കണമെന്നതാണ് പ്രതിപക്ഷ നിലപാട്. ഇതിനായുളള സമ്മർദ്ദം പ്രതിപക്ഷം സഭക്കകത്തും പുറത്തും തുടർന്നേക്കും. വിഷയത്തില്‍ കോടതിയെ സമീപിക്കാനുളള സാധ്യതയും തളളിക്കളയാനാവില്ല. നിയമസഭയില്‍ പ്രതിപക്ഷം സജിചെറിയാനെ ബഹിഷ്കരിക്കുമോയെന്നതും കണ്ടറിയണം.

ഇക്കാര്യങ്ങളില്‍ മുന്നണി നേതൃത്വവും യുഡിഎഫ് പാർലമെന്‍ററി പാർട്ടിയും യോഗം ചേർന്ന് തുടർ തീരുമാനങ്ങള്‍ കൈക്കൊളളും. വിഷയത്തില്‍ നിലപാട് വ്യക്തമാക്കാത്ത മുഖ്യമന്ത്രിക്കെതിരെയും പ്രതിപക്ഷം തിരിഞ്ഞേക്കും. സ്വമേധയാ രാജിവെച്ചുവെന്ന സജിചെറിയാന്‍റെ പ്രസ്താവന മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ ആയുധമാക്കാനും പ്രതിപക്ഷ ക്യാമ്പില്‍ ആലോചനയുണ്ട്. ചുരുക്കത്തില്‍ ഭരണഘടനാ വിരുദ്ധ പരാമർശത്തിന് പിന്നാലെ ഉയർന്ന വിവാദം സജിചെറിയാന്‍‍റെ രാജികൊണ്ട് അവസാനിക്കില്ലെന്ന് വ്യക്തമായിരിക്കയാണ്.

Advertisement