നഗ്നതാ പ്രദര്‍ശനം: ശ്രീജിത്ത് രവി ജാമ്യം തേടി ഹൈക്കോടതിയില്‍

Advertisement


കൊച്ചി: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവി ജാമ്യം തേടി ഹൈക്കോടതിയിൽ. ജാമ്യം നിഷേധിച്ച തൃശൂർ സിജെഎം കോടതി ഉത്തരവിന് എതിരെയാണ് ഹർജി.
തന്റേത് സ്വഭാവ ദൂഷ്യമല്ല, അസുഖമാണെന്നും 2016 മുതൽ സ്വഭാവ വൈകല്യത്തിനു ചികിത്സയിലാണെന്നുമാണ് ശ്രീജിത് രവി ഹർജിയിൽ പറയുന്നത്. തുടർച്ചയായ ജയിൽവാസം ആരോഗ്യം മോശമാക്കുമെന്നും ഹർജിയിൽ പറയുന്നു. പ്രതി മുൻപും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നൽകുമെന്നുമുള്ള പോലീസ് വാദം അംഗീകരിച്ചാണ് തൃശൂർ സിജെഎം കോടതി ഇന്നലെ ശ്രീജിത്ത് രവിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തത്.
ഇന്നലെ രാവിലെയാണ് കുട്ടികൾക്കു മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയെന്ന കേസിൽ ശ്രീജിത്ത് രവിയെ തൃശൂർ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. കുട്ടികൾ നൽകിയ പരാതിയിൽ പോലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു. തൃശൂരിലെ അയ്യന്തോൾ എസ്.എൻപാർക്കിൽ വച്ച് ജൂലൈ നാലിന് വൈകിട്ടാണ് സംഭവുണ്ടായത്. 14ഉം ഒൻപതും വയസുള്ള കുട്ടികൾക്കു മുന്നിലായിരുന്നു നഗ്നതാപ്രദർശനം.
പാർക്കിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ആളെ പരിചയമുണ്ടെന്ന് കുട്ടികൾ പൊലീസിനോട് പറഞ്ഞിരുന്നു. ഇയാളുടെ കാറിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. സമാനമായ കേസിൽ മുൻപ് പാലക്കാട്ട് നിന്നും ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്.

Advertisement