വിഭജനം കാത്ത്‌ 3 വില്ലേജ് ; മൈനാഗപ്പള്ളി, തേവലക്കര, കൊല്ലം ഈസ്റ്റ്‌ വില്ലേജുകൾ രണ്ടാക്കണമെന്ന റവന്യുവകുപ്പ്‌ ശുപാർശ സർക്കാർ പരിഗണനയിൽ

Advertisement


സ്വന്തം ലേഖകൻ
കൊല്ലം: ഭൂമിശാസ്‌ത്രം, ജനസംഖ്യാവർധന എന്നിവ പരിഗണിച്ച്‌ ജില്ലയിലെ മൂന്ന്‌ വില്ലേജുകൾ വിഭജിക്കണമെന്ന്‌ റവന്യു വകുപ്പിന്റെ ശുപാർശ. ജനങ്ങൾക്ക്‌ കാലതാമസം കൂടാതെ മികച്ച സേവനം ലഭ്യമാക്കാനും ഭരണനിർവഹണത്തിനുമായി മൈനാഗപ്പള്ളി, തേവലക്കര, കൊല്ലം ഈസ്റ്റ്‌ വില്ലേജുകൾ രണ്ടാക്കണമെന്ന ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്‌.
കുന്നത്തൂർ താലൂക്കിലെ മൈനാഗപ്പള്ളി വില്ലേജ്‌ തെക്കൻ മൈനാഗപ്പള്ളി, വടക്കൻ മൈനാഗപ്പള്ളി എന്നിങ്ങനെ വിഭജിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്‌. 22 വാർഡുള്ള ഇവിടെ 50,000ൽ ഏറെയാണ്‌ ജനസംഖ്യ. 25 ചതുരശ്ര കിലോമീറ്റർ വരുന്ന വില്ലേജിൽ നിലവിലുള്ള തണ്ടപ്പേര്‌ അക്കൗണ്ട്‌ 50,000ൽ അധികമാണ്‌. തെക്ക്‌ അരിനെല്ലൂരും വടക്ക്‌ പടിഞ്ഞാറായി ശൂരനാട്‌ തെക്ക്‌, തൊടിയൂർ പ്രദേശങ്ങളും അതിരുപങ്കിടുന്ന മൈനാഗപ്പള്ളി വില്ലേജിനെ രണ്ടാക്കുന്നത്‌ പ്രദേശവാസികൾക്ക്‌ ഏറെ സഹായമാകും.
കരുനാഗപ്പള്ളി താലൂക്കിലെ തേവലക്കര വില്ലേജിന്റെ വിസ്‌തീർണം 1688 ഹെക്‌ടർ വരും. 22പഞ്ചായത്ത്‌ വാർഡുള്ള ഇവിടെ ജനസംഖ്യ 44,000ആണ്‌. റീ സർവേ ബ്ലോക്ക്‌ 1516ൽ തണ്ടപ്പേര്‌ 50,000-ൽ ഏറെ. ഇതേ താലൂക്കിലെ ചവറ വില്ലേജ്‌ രണ്ടാക്കി മുകുന്ദപുരം കേന്ദ്രമാക്കി വില്ലേജിന്‌ രൂപീകരിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. റവന്യൂതലത്തിൽ ഇതുസംബന്ധിച്ച ചർച്ച ഇപ്പോഴും സജീവമാണ്‌. കൊല്ലം താലൂക്കിലെ കൊല്ലം ഈസ്റ്റ്‌ വില്ലേജിന്റെ വിഭജനമാണ്‌ സർക്കാരിന്റെ പരിഗണനയിലുള്ള മറ്റൊരു ശുപാർശ. ഇവിടെ കടപ്പാക്കട കേന്ദ്രമാക്കി പുതിയ വില്ലേജിനാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. നിലവിലുള്ള ജീവനക്കാർക്ക്‌ കൈകാര്യംചെയ്യാൻ പറ്റാത്തവിധം തണ്ടപ്പേരിന്റെ എണ്ണവും കൂടുതലാണ്‌. ജില്ലയിൽ കൂടുതൽ വില്ലേജുള്ളതും കൊല്ലം താലൂക്കിലാണ്‌. 32 വില്ലേജ്‌.
Highlights : മൈനാഗപ്പള്ളി, തേവലക്കര, കൊല്ലം ഈസ്റ്റ്‌ വില്ലേജുകൾ രണ്ടാക്കണമെന്ന റവന്യുവകുപ്പ്‌ ശുപാർശ സർക്കാർ പരിഗണനയിൽ

Advertisement