ഭിന്നശേഷി കുട്ടികള്‍ ജനിക്കുന്നത് അവരുടെ മാതാപിതാക്കള്‍ ചെയ്ത പാപത്തിന്‍റെ ഫലം,പൃഥ്വിരാജിന്റെ പരാമര്‍ശം,കടുവക്കെതിരെ പുതിയ കേസ്

Advertisement

തിരുവനന്തപുരം : പേരുപ്രഖ്യാപിച്ചതുമുതല്‍ വിവാദത്തില്‍ നിന്നും വിവാദത്തിലേക്കു നീളുന്നതാണ് കടുവയുടെ ചരിത്രം. വിവാദയാത്രയ്ക്കുശേഷം മടങ്ങിയെത്തിയ ഷാജി കൈലാസിന്റെ പുതിയ ചിത്രം കടുവ പുതിയ വിവാദത്തില്‍.

ഭിന്നശേഷി കുട്ടികള്‍ ജനിക്കുന്നത് അവരുടെ മാതാപിതാക്കള്‍ ചെയ്ത പാപത്തിന്റെ ഫലമാണെന്ന നടന്‍ പൃഥ്വിരാജിന്റെ പരാമര്‍ശം ഈ വിഭാഗം കുട്ടികളെയും മാതാപിതാക്കളെയും മുറിവേല്‍പ്പിക്കുന്നു എന്നാണ് പരാതി. ഈ വാചകം അര്‍ഥശൂന്യവും, അശാസ്ത്രീയവുമാണെന്ന് ചൂണ്ടിക്കാട്ടി പരിവാര്‍ കേരള എന്ന ഭിന്നശേഷി സംഘടന ജനറല്‍ സെക്രട്ടറി ആര്‍ വിശ്വനാഥന്‍ സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.

ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അത്യന്തം അവഹേളിക്കുന്നതും മാനസിക വേദനയുണ്ടാക്കുന്നതുമായ സംഭാഷണം 2016 ലെ ഭിന്നശേഷി അവകാശ നിയമം 92 വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണെന്നും പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംവിധായകന്‍ ഷാജി കൈലാസ്, നിര്‍മ്മാതാക്കളായ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.
ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് കടുവ റിലീസ് ചെയ്തത്.

സിനിമയ്‌ക്കെതിരേ പാലാ സ്വദേശി കുര്യച്ചനെന്ന ജോസ് കുരുവിനാക്കുന്നേലാണ് ആദ്യം രംഗത്തെത്തിയത്. സിനിമയുടെ പ്രഖ്്യാപനത്തില്‍ ഉണ്ടായ മല്‍സരത്തിനിടെയാണ് കഥാപാത്രം തനിക്ക് താല്‍പര്യമില്ലെന്നറിയിച്ചത്. അന്ന് സിനിമയുടെ പേര് കടുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്നായിരുന്നു. ചിത്രം തനിക്കും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുന്നതാണെന്ന് ആരോപിച്ച് കോടതിയില്‍ ഹര്‍ജി നല്‍കി. പരാതിയില്‍ സിനിമ കണ്ട് തീരുമാനം എടുക്കാനായിരുന്നു സെന്‍സര്‍ ബോര്‍ഡിന് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം. സിനിമ തന്റെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്.

കടുവയുടെ തിരക്കഥ ജിനു എബ്രഹാമിന്റെ ഭാവനയില്‍നിന്ന് ഉരുത്തിരിഞ്ഞ ഒന്നല്ലെന്നാണ് പ്രധാന ആക്ഷേപം. പാലായിലെ മുന്‍തലമുറയിലെ മിക്കവര്‍ക്കും അറിയാവുന്ന ഒരു കഥയാണിത്. ഒരു മനുഷ്യനും അദ്ദേഹത്തിന്റെ കുടുംബവും വര്‍ഷങ്ങളോളം അനുഭവിച്ച പൊലീസ് അടിച്ചമര്‍ത്തലുകളും പരേതനായ ജോസഫ് തോമസ് വട്ടവയലില്‍ (സിനിമയില്‍ ജോസഫ് ചാണ്ടി) എന്ന അന്നത്തെ പൊലീസ് ഐജിയുടെ ദുരാരോപണങ്ങളും ക്രൂരമായ ചെയ്തികളും അനുഭവിച്ച സങ്കടകരവും പ്രകോപനകരവുമായ ജീവിതകഥ നിര്‍ലജ്ജം മാറ്റിമറിച്ച് ഈ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും ഈ സിനിമയില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരും ചേര്‍ന്ന് ‘കടുവ’ എന്ന പേരില്‍ സിനിമയാക്കിയിരിക്കുന്നു എന്നായിരുന്നു ജോസ് കുരുവിനാക്കുന്നേലിന്റെ ആരോപണം. അതേസമയം സുരേഷ് ഗോപിയുടെ പുതിയ ചിത്രവുമായും കടുവ വിവാദത്തിലായിരുന്നു

രണ്ട് സിനിമകളുടെയും അണിയറപ്രവര്‍ത്തകര്‍ അടുത്തിടെ നിയമ വ്യവഹാരവും നടത്തി. തനിക്ക് പകര്‍പ്പവകാശമുള്ള കഥാപാത്രങ്ങളും പശ്ചാത്തലവും അനുമതിയില്ലാതെ ഉപയോഗിക്കുന്നു എന്നാരോപിച്ച് ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാമാണ് കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച എറണാകുളം ജില്ലാ കോടതി സുരേഷ് ഗോപി നായകനാവുന്ന ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പൊലീസിനെ മുട്ടുകുത്തിച്ച കുര്യച്ചന്‍ സിനിമാക്കാരെ വെറുതേ വിടുമോ എന്ന ആശങ്കതക്കിടെയാണ് ഡയലോഗില്‍ അത്രമോശമല്ലാത്ത വിവാദം പൊട്ടിമുളച്ചത്.

Advertisement