കൊച്ചി: നഗരത്തില്‍ ആദ്യമായി ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ നൂറ് ഓട്ടോകളാണ് നിരത്തിലിറക്കുന്നത്.
120 ഡ്രൈവര്‍മാര്‍ക്ക് നാല് ദിവസത്തെ പരിശീലനം നല്‍കിക്കഴിഞ്ഞു. കിലയുടെ ആഭിമുഖ്യത്തിലായിരുന്നു ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കിയത്. ഓട്ടോ ഓടിക്കുന്നതിനും ട്രോമകെയര്‍ പരിശീലനവും നൈപുണ്യ വികസനവുമാണ് നടത്തിയത്.
സാമൂഹ്യ- പാരിസ്ഥിതിക സുസ്ഥിര നഗരങ്ങള്‍ സൃഷ്ടിക്കാനുള്ള യുഎന്‍ ഏജന്‍സിയുടെയും ജര്‍മ്മന്‍ ഏജന്‍സിയായ ജിസിന്റെയും എറണാകുളം ജില്ല ഓട്ടോ ഡ്രൈവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും കൊച്ചി കോര്‍പ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പരിസ്ഥിതി സൗഹൃദ യാത്രകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇ ഓട്ടോകള്‍ നിരത്തിലിറക്കുന്നത്. കൂടുതല്‍ ഇ ഓട്ടോകള്‍ നിരത്തിലിറക്കുമെന്നും നഗരപിതാവ് എം അനില്‍കുമാര്‍ അറിയിച്ചു.
എറണാകുളം ചന്തയില്‍ നിന്നുള്ള ചരക്ക് നീക്കത്തിനുള്ള ഇ ഓട്ടോകളും നിരത്തിലിറക്കുന്നുണ്ട്. മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന ഇ ഓട്ടോകള്‍ക്ക് 2.40ലക്ഷം രൂപയാണ് വില. ഇതില്‍ അന്‍പതിനായിരം രൂപ വരെ മൂന്ന് ഏജന്‍സികുളും കൂടി സബ്‌സിഡി നല്‍കുന്നുണ്ട്. ഇതിന് പുറമെ സംസ്ഥാന ഗവണ്‍മെന്റിന്റെ മുപ്പതിനായിരം രൂപയുടെ സബ്‌സിഡി വേറെയുമുണ്ട്. നഗരത്തില്‍ ഓടുന്ന ഏഴായിരത്തോളം ഓട്ടോറിക്ഷകള്‍ക്ക് പകരം ഇ ഓട്ടോകള്‍ രംഗത്ത് ഇറക്കാനുള്ള പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. ഗ്രേറ്റര്‍ കൊച്ചി മേഖലയില്‍ ഇ ഓട്ടോകള്‍ ഓടാനുള്ള അനുമതി വാഹന ഗതാഗത വകുപ്പ് നല്‍കിയിട്ടുണ്ട്.