പിങ്ക് പൊലീസ് പെൺകുട്ടിയെ അപമാനിച്ച സംഭവം: സർക്കാർ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകും

Advertisement

കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്.

ഹൈക്കോടതി വിധി അനുസരിച്ചാണ് പെൺകുട്ടിക്ക് ഒന്നര ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഒന്നര ലക്ഷം രൂപ പൊലീസ് ഉദ്യോഗസ്ഥയിൽ നിന്ന് ഈടാക്കും. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് സർക്കാരിന്റെ തീരുമാനം.

ആറ്റിങ്ങലിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആയിരുന്നു സംഭവം. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ചാണ് അച്ഛനെയും മകളെയും ഉദ്യോഗസ്ഥ നടുറോഡിൽ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്ന് ഹൈക്കോടതി സിംഗിൽ ബെഞ്ച് വിധിച്ചിരുന്നു. എന്നാൽ, ഉദ്യോഗസ്ഥ ചെയ്ത തെറ്റിൽ സർക്കാറിന് നഷ്ടപരിഹാരം നൽകാൻ സാധിക്കില്ലെന്നായിരുന്നു സർക്കാർ അപ്പീൽ നൽകിയപ്പോൾ വാദിച്ചത്.

ഓഗസ്റ്റ് 27നാണ് വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. ഐഎസ്‌ആർഒയുടെ വലിയ വാഹനം കാണാൻ പോയ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചു. അച്ഛനും മകളും തന്റെ മൊബൈൽ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയുടെ ആരോപണം. ഒടുവിൽ പൊലീസ് വാഹനത്തിന് ഉള്ളിലുണ്ടായിരുന്ന ബാഗിൽ നിന്ന് മൊബൈൽ കിട്ടി.

എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രൻ പറയുന്നത്. പൊലീസുകാരുടെ പരസ്യവിചാരണ എട്ടുവയസുകാരിയുടെ കുഞ്ഞുമനസിനെ തളർത്തി. ഈ സംഭവം വാർത്ത ആയതോടെ ബാലാവകാശകമ്മീഷൻ ഉടൻ ഇടപെട്ടു. പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥയെ വെള്ളപൂശുന്ന റിപ്പോർട്ടാണ് ഡിവൈഎസ്‌പി നൽകിയത്. തുടർന്ന് ജയചന്ദ്രൻ ഡിജിപിക്ക് പരാതി നൽകി.

ഓഗസ്റ്റ് 31ന് ഐജി ഹർഷിത അട്ടല്ലൂരിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ട് ഡിജിപിയുടെ ഉത്തരവ് വന്നു. പക്ഷേ പൊലീസ് റിപ്പോർട്ട് പഴയ പടി തന്നെയായിരുന്നു. ജാഗ്രതക്കുറവ് മാത്രമാണ് രജിതയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഐജിയും ആവർത്തിച്ചു. നീതി നേടി എസ്‌എസി എസ്ടി കമ്മീഷനെയും ജയചന്ദ്രൻ സമീപിച്ചു. പൊലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ധരിച്ചുള്ള ജോലികളിൽ നിന്ന് ഒഴിവാക്കണമെന്ന് എസ്സി എസ്ടി കമ്മീഷൻ പൊലീസിന് നിർദ്ദേശം നൽകി

Advertisement