സംസ്ഥാനത്തെ മരുന്ന് ക്ഷാമത്തിന് കാരണം നടപടിക്രമങ്ങളിലെ കാലതാമസം

Advertisement

തിരുവനന്തപുരം: സംസ്ഥാനം കടുത്ത മരുന്ന് ക്ഷാമം നേരിടുന്നതായി രണ്ട് മൂന്ന് ദിവസമായി പുറത്ത് വരുന്ന മാധ്യമ വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. അര്‍ബുദം അടക്കമുള്ള രോഗങ്ങളുടെ മരുന്നുകള്‍ കിട്ടാനില്ല സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. എന്നാല്‍ ആവശ്യത്തിന് മരുന്നുണ്ടെന്ന് തന്നെയാണ് ആരോഗ്യ മന്ത്രി പ്രതികരിച്ചിരിക്കുന്നത്.

അതേസമയം നടപടിക്രമങ്ങളിലെ കാലതാമസമാണ സംസ്ഥാനത്തെ മരുന്ന് ക്ഷാമത്തിന് കാരണമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് തന്നെ കമ്പനികള്‍ മരുന്ന് എത്തിച്ച് നല്‍കുമെന്ന് മുന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ എന്‍ എസ് അലക്‌സാണ്ടര്‍ പറഞ്ഞു. ഓരോ സാമ്പത്തിക വര്‍ഷത്തേക്ക് ആവശ്യമായ മരുന്നുകളുടെ ടെന്‍ഡര്‍ മാര്‍ച്ച് മാസത്തോടെ തന്നെ നല്‍കുകയാണ് പതിവ്. ഇതിനുള്ള ടെന്‍ഡര്‍ സെപ്റ്റംബര്‍ ഒക്ടോബര്‍ മാസത്തില്‍ തന്നെ നല്‍കും. മാര്‍ച്ച് മാസത്തോടെ നടപടികള്‍ പൂര്‍ത്തികരിക്കുകയാണ് പതിവ്. ഏപ്രില്‍ മാസത്തോടെ തന്നെ കമ്പനികള്‍ മരുന്ന് വിതരണം തുടങ്ങാറുണ്ടെന്നും അദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ വെയര്‍ ഹൗസുകള്‍ ഉണ്ട്. അതാത് വെയര്‍ ഹൗസുകളില്‍ ആവശ്യമായ മരുന്നുകള്‍ വിതരണം ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കുകയുമാണ് പതിവ്. ടെന്‍ഡര്‍ നല്‍കുന്നതില്‍ വന്ന കാലതാമസമാണ് മരുന്ന് ക്ഷാമത്തിന് കാരണം. വന്‍തോതില്‍ മരുന്നില്‍ ടെന്‍ഡര്‍ നല്‍കുമ്പോള്‍ അത് ഉത്പാദിപ്പിക്കാനുള്ള സമയം കൂടി കമ്പനികള്‍ക്ക് നല്‍കേണ്ടതുണ്ട്. ഈ നടപടിക്രമങ്ങളില്‍ കാലതാമസം വന്നതാണ് മൊത്തത്തിലുള്ള മരുന്ന് ക്ഷാമത്തിന് കാരണം. ഇക്കാര്യം അംഗീകരിക്കാന്‍ വകുപ്പ് തയാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisement