എം എം മണി -ആനി രാജ വാക്പോര്: ആനിയെ കയ്യൊഴിഞ്ഞ് സിപിഐ സംസ്ഥാന നേതൃത്വം

Advertisement

തിരുവനന്തപുരം: എം എം മണിയ്ക്കെതിരെ സിപിഐ ദേശീയ നിർവാഹകസമിതി അംഗം ആനി രാജ നടത്തിയ പരാമർശങ്ങളിൽ സിപിഐ സംസ്ഥാന നേതൃത്വത്തിന് നീരസം. ഇരുവരും തമ്മിലുള്ള വാക്പോരിൽ പാർട്ടി സംസ്ഥാന നേതൃത്വം ഇടപെടില്ലെന്നും വ്യക്തമാക്കിക്കഴിഞ്ഞു.

കെ.കെ.രമയ്ക്കതിരെ മണി നടത്തിയ പ്രതികരണം നിയമസഭയിലെ ഭരണ–പ്രതിപക്ഷ തർക്കത്തിന്റെ ഭാഗമായി കാണണമെന്നും അവിടെത്തന്നെ പരിഹാരം കാണണമെന്നുമാണ് കേരള നേതൃത്വത്തിന്റെ നിലപാട്. അതു ലംഘിച്ച് മണിക്കെതിരെ ആനി നടത്തിയ പ്രസ്താവന സിപിഐ നേതൃത്വത്തിന് തീരെ രസിച്ചിട്ടില്ല. ‘‘ആനി പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. അതു പറയാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. എന്നാൽ, അതു സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായമല്ല’’– എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്.

മണി നിയമസഭയിൽ പറഞ്ഞതിനോടു പ്രതികരിക്കണമെങ്കിൽ സഭയിൽത്തന്നെ സിപിഐക്ക് 17 എംഎൽഎമാർ ഉണ്ടെന്നാണ് പാർട്ടി ചൂണ്ടിക്കാട്ടുന്നത്. നിയമസഭാകക്ഷി നേതൃത്വത്തിനു പുറമേ പാർട്ടി നേതൃത്വം ഇടപെടേണ്ടതുണ്ടെങ്കിൽ അതു ചെയ്യും. അല്ലാതെ ഡൽഹിയിൽനിന്നു ദേശീയ നേതൃത്വത്തിന്റെ ഭാഗമായവർ അഭിപ്രായം പറയേണ്ട കാര്യം ഇതിൽ ഇല്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ആനിയെ അപഹസിച്ച് മണി നടത്തിയ വാക്പ്രയോഗവും ഈ നിലപാടിൽ മാറ്റം ഉണ്ടാക്കിയിട്ടില്ല. മണിക്കെതിരെ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ നടത്തിയ അഭിപ്രായ പ്രകടനവും നേതൃത്വത്തിന് രുചിച്ചിട്ടില്ല. ഇടുക്കി ജില്ലയിലെ സിപിഎം–സിപിഐ തർക്കത്തിന്റെ ഭാഗമായി നടത്തുന്ന അഭിപ്രായ പ്രകടനത്തെ വേണമെങ്കിൽ അംഗീകരിക്കാം. നിയമസഭയിൽ നടന്ന കാര്യത്തിൽ ഇടുക്കി നേതൃത്വത്തിന് എന്തു കാര്യം എന്നാണ് ചോദ്യം.

ഇതു രണ്ടാം തവണയാണ് ആനി രാജയെ സിപിഐ സംസ്ഥാന നേതൃത്വം കയ്യൊഴിയുന്നത്. പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനും പൊലീസിനും എതിരെ ആനി ഉന്നയിച്ച വിമർശനത്തിനെതിരെ കാനം രാജേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ സമീപിച്ചത് കേരള–കേന്ദ്ര നേതൃത്വങ്ങൾ തമ്മിലെ ഭിന്നത മറ നീക്കുന്നതിനു വഴിവച്ചു. ആനിയെ പിന്തുണയ്ക്കുന്ന പ്രതികരണം സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ നടത്തിയതിനെതിരെ പാർട്ടി സംസ്ഥാന നിർവാഹകസമിതിയിൽ കൂട്ടായ വികാരം ഉയർന്നു. ഇതു കാനം തുറന്നു പ്രകടിപ്പിച്ചതോടെ കേന്ദ്ര നേതൃത്വത്തിനെതിരെ കേരളം കൊമ്പുകോർക്കുന്ന സ്ഥിതിയായി. മണിക്കെതിരെ ബിനോയ് വിശ്വവും പ്രതികരിച്ചെങ്കിലും അതു കുറച്ചു കൂടി സൂക്ഷ്മതയോടെ ആണെന്നാണ് വിലയിരുത്തൽ.

മണി അനാവശ്യമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതു നിയമസഭയും അദ്ദേഹത്തിന്റെ പാർട്ടിയും നോക്കട്ടെ എന്ന നിലപാടാണ് സിപിഐക്ക്. അതിന്റെ പേരിൽ എൽഡിഎഫിൽ കലഹം എന്ന ചിത്രീകരണം വരുന്നതിനോടു നേതൃത്വത്തിനു യോജിപ്പില്ല. എന്നാൽ, പാർട്ടിയുടെ സമുന്നത വനിതാ നേതാവിനെ അവഹേളിക്കുന്നത് നോക്കിനിൽക്കരുതെന്ന വികാരവും സിപിഐയിലെ ഒരു വിഭാഗത്തിനുണ്ട്. മണിക്കെതിരെ യുവജന സംഘടനയായ എഐവൈഎഫ് നടത്തിയ പ്രതികരണം അതിന്റെ ഭാഗമാണ്.

‘ഒരുപാട് അധിക്ഷേപങ്ങളും ഭീഷണികളും നേരിട്ടാണ് 30 വർഷത്തോളം ഇവിടെ പ്രവർത്തിച്ചത്. ഡൽഹിയിൽ മോദിയുടെയും അമിത് ഷായുടെയും പൊലീസ് നോക്കിയിട്ട് ഭയപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. എട്ടാം വയസ്സു മുതൽ സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് പ്രവർത്തിച്ചയാളാണ് ഞാൻ. ഇനിയും ഇത്തരം വെല്ലുവിളികളെ സധൈര്യം നേരിടും. മണി പറഞ്ഞതുപോലെ മറുപടി പറയാനില്ല. അദ്ദേഹം ഉപയോഗിച്ച വാക്ക് സ്ത്രീവിരുദ്ധമാണ്. അതു തീർത്തും അപലപനീയമാണ്. സ്ത്രീപക്ഷം ഉയർത്തിപ്പിടിക്കുന്ന ഇടതുരാഷ്ട്രീയനിരയിൽനിന്ന് ഇത്തരമൊരു പരാമർശം ശരിയാണോ എന്ന കാര്യം ഇതൊക്കെ പറയുന്നവരും അവരെ ഉൾക്കൊള്ളുന്നവരും പ്രസ്ഥാനങ്ങളുമൊക്കെ ചിന്തിക്കേണ്ട കാര്യമാണ്.’ – എന്നാണ് ആനിരാജയ പ്രതികരിച്ചത്.

Advertisement