കൊച്ചി: ഓൺലൈൻ റമ്മി കളിച്ച് താൻ കാശുകാരനായിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് പരസ്യത്തിൽ അഭിനയിച്ച ആന്റണി ജാക്‌സൺ. ‘എന്റെ പേര് ആന്റണി ജാക്‌സൺ, വീട് എറണാകുളം ജില്ലയിലെ ചെട്ടിക്കാട്. മുനമ്പം ഹാർബറിലാണ് ജോലി ചെയ്യുന്നത്. ഈ അടുത്ത കാലത്ത് 25000 രൂപ ഞാൻ വിൻ ചെയ്തു. എന്റെ അക്കൗണ്ടിലേക്ക് അത് എത്രയും പെട്ടെന്ന് ക്രൈഡിറ്റ് ആകുകയും ചെയ്തു. ഈ പണം എന്റെ അക്കൗണ്ടിലേക്ക് വന്നപ്പോൾ എനിക്ക് വളരെ അധികം സന്തോഷവും വീണ്ടും കളിക്കണമെന്നും എനിക്ക് തോന്നി.നിങ്ങളും എന്നെ പോലെ കളിച്ചുകൊണ്ടേയിരിക്കൂ’ ഫെയ്‌സ്ബുക്കിലും മറ്റു സ്ഥിരമായി കണ്ടുകൊണ്ടിരിക്കുന്ന ഓൺലൈൻ റമ്മിയുടെ പരസ്യമാണിത്. എന്നാൽ ഇത് വെറും ചതിക്കുഴി ആണെന്നും ആന്റണി വ്യക്തമാക്കുന്നു.
പരസ്യത്തിൽ അഭിനയിച്ചതിന് തനിക്ക് തുച്ഛമായ പൈസയാണ് ലഭിച്ചത്. സിനിമാ താരങ്ങളൊക്കെ അഭിനയിക്കുന്നത് കണ്ട് ആഗ്രഹം കൊണ്ടാണ് പരസ്യത്തിൽ അഭിനയിച്ചത്. അത് വേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോൾ തോന്നുന്നത്. ഞാനിപ്പോഴും ഹാർബറിൽ ജോലി ചെയ്യുന്നുണ്ട്. ആരും ഇതിൽ കളിക്കരുതെന്നാണ് താൻ ഇപ്പോൾ പറയുന്നതെന്നും ജാക്‌സൺ പറയുന്നു.
‘പരസ്യം ചെയ്തത് ഒരു അബദ്ധമായി തോന്നുന്നു. ഞാൻ അത് നിർത്താൻ കമ്പനിയോട് പറഞ്ഞിട്ടും അത് അവർ കേൾക്കുന്നില്ല. പരസ്യം ചെയ്ത് ഒന്ന് രണ്ട് ദിവസം കൊണ്ട് തന്നെ ഇതിന്റെ യഥാർഥ്യം തിരിച്ചറിഞ്ഞിരുന്നു’ ജാക്സൻ പറഞ്ഞു.
ഓൺലൈൻ വഴി കളിച്ച് പണം കളഞ്ഞ് നിരവധി പേർ ആത്മഹത്യ ചെയ്യുന്ന വാർത്തകൾ നിരന്തരം വരുന്നുണ്ടെന്നും ഇത്തരം ഗെയിമുകളെ ശക്തമായി നിയന്ത്രിക്കണമെന്നാണ് സർക്കാരിന്റെ അഭിപ്രായമെന്നും കഴിഞ്ഞ ദിവസം കെ.എൻ.ബാലഗോപാൽ പറഞ്ഞിരുന്നു. ഒരു മാധ്യമപ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന്റെ നിയമപരവും സാങ്കേതികപരവുമായ കാര്യങ്ങൾ പരിശോധിച്ച് അതിനുള്ള നടപടികൾ തുടങ്ങുമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
നിയമപരമായ പഴുതുകൾ ഉപയോഗിച്ച് ആയിരക്കണക്കിന് കോടി രൂപയാണ് ഓൺലൈനായി സാധാരണക്കാരുടെ പണം ഇത്തരം ഗെയിമുകൾ ഉണ്ടാക്കുന്നത്. ഇത്തരം പഴുതുകൾ അടച്ചുവേണം നടപടികൾ എടുക്കാൻ. ഇവയിൽ പലതും അതാത് സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ നികുതി ഘടനയുടെ ഉള്ളിൽ നിന്ന് പ്രവർത്തിക്കുന്നവപോലുമല്ലെന്നും അദ്ദേഹം പറയുകയുണ്ടായി.