തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ പുതുക്കി പണിയണം -ഡോ. ഗിന്നസ് മാടസാമി
പീരുമേട് : പീരുമേട് താലൂക്കിലെ ഇടിഞ്ഞു വീഴാറായ എസ്റ്റേറ്റ് ലയങ്ങളിൽ നിന്നും തൊഴിലാളികളെ മാറ്റി പാർപ്പിക്കുന്നതോടൊപ്പം ലയങ്ങൾ പുതുക്കി പണിയണം എന്ന ആവശ്യമുയരുന്നു.കനത്ത മഴ പെയ്തതിനെ തുടർന്നു കഴിഞ്ഞ ദിവസം ഏലപ്പാറയിലെ , കോഴിക്കാനം രണ്ടാം ഡിവിഷനിൽ ഉണ്ടായ മണ്ണിടിച്ചിൽ കാരണം എസ്റ്റേറ്റ് ലയത്തിൽ താമസിച്ചു വന്ന പുഷ്പ എന്ന ഭാഗ്യം മരണപ്പെട്ടിരുന്നു. കോഴിക്കാനത്തെ എസ്റ്റേറ്റ് ലയങ്ങൾ എല്ലാം തന്നെ പൂർണമായും ഇടിഞ്ഞു വീഴാറായ സ്ഥിതിയിൽ ആണ്. പീരുമേട് താലൂക്കിലെ അടച്ചു പൂട്ടിയ എസ്റ്റേറ്റ് ലയങ്ങൾ എല്ലാം ഇടിഞ്ഞു വീഴാറായ സ്ഥിതിയിൽ ആണ്. പ്രവർത്തിക്കുന്ന എസ്റ്റേറ്റ് ലയങ്ങളിൽ പോലും അറ്റകുറ്റ പണികൾ നടക്കുന്നില്ല.
കനത്ത മഴ പെയ്തതിനെ തുടർന്നു വണ്ടിപ്പെരിയാറിലെ മ്ലാമല എസ്റ്റേറ്റിൽ ഒരു ലയത്തിന്റെ വരാന്ത പൂർണമായും കഴിഞ്ഞ ദിവസം തകർന്നു പോയിരുന്നു. തങ്കമല എസ്റ്റേറ്റിലെ ലേബർ ക്ലബ് പൂർണമായും തകർന്നു.
കനത്ത മഴ ഇനിയും പെയ്യാൻ സാധ്യത ഉള്ളതിനാൽ ഇടിഞ്ഞു വീഴാറായ എസ്റ്റേറ്റ് ലയങ്ങളിൽ നിന്നും തൊഴിലാളികളെ അടിയന്തിരമായി മാറ്റി പാർപ്പിക്കുകയും, ഇടിഞ്ഞു വീഴാറായ ലയങ്ങളെ പൊളിച്ചു മാറ്റി പുതിയവ പണിയുകയും ചെയ്യേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇനിയും മരണങ്ങൾ സംഭവിക്കാൻ സാധ്യത ഉണ്ട് എന്നു ചൂണ്ടിക്കാണിച്ചാണ് ഉന്നത ഉദ്യോഗസ്ഥർക്ക് നിവേദനം നൽകിയിരിക്കുന്നത്.
അന്താരാഷ്ട്ര സമാധാന സംഘടന അംഗം ഡോ ഗിന്നസ് മാടസാമിയുടെ നേതൃത്വത്തില്‍ ലയങ്ങളുടെ അവസ്ഥ ചൂണ്ടിക്കാട്ടി സഹായം തേടുകയാണ്. ഐക്യ രാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ, സുപ്രീം കോടതിയിലെ രജിസ്ട്രാർ ജനറൽ, ഹൈ കോടതിയിലെ രജിസ്ട്രാർ ജനറൽ, പ്രധാന മന്ത്രി, രാഷ്ട്രപതി,കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി, കേരള ഗവർണ്ണർ, മുഖ്യമന്ത്രി, സംസ്‌ഥാന തൊഴിൽ വകുപ്പ് മന്ത്രി, ലേബർ കമ്മിഷണർ, ജില്ലാ കളക്ടർ, എം പി, എം എൽ ഏ, തഹസിൽദാർ, ചീഫ് ഇൻസ്‌പെക്ടർ പ്ലാന്റേഷൻസ്, ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ് ഡി ജി പി എന്നിവർക്ക് നിവേദനം നൽകി. ലയങ്ങളുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി പദ്ധതികൾ നടപ്പിലാക്കാൻ ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക്, ലോക ബാങ്ക്, ഐ എം എഫ് എന്നിവയുടെ മുമ്പാകെയും നിർദ്ദേശങ്ങൾ സമർപ്പിച്ചിരിക്കുകയാണ്.