തിരുവനന്തപുരം.എംഎം മണിയെ അധിക്ഷേപിച്ച് മഹിളാകോൺഗ്രസിൻറെ നിയമസഭാ മാർച്ച്. ചിമ്പാൻസിയുടെ രൂപത്തിന് മുകളിൽ മണിയുടെ ചിത്രം പതിപ്പിച്ച് തുടലിട്ടാണ് മഹിളാകോൺഗ്രസ് പ്രതിഷേധിച്ചത്. അധിക്ഷേപത്തിൽ മഹിളാകോൺഗ്രസിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി.
കെകെ രമക്കെതിരായ പരാമർശത്തിൽ എംഎം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടത്തിയ നിയമസഭാ മാർച്ചിലാണ് സംഭവം. മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ മാർച്ചിൽ മണിയുടെ ചിത്രം പതിപ്പിച്ചത് ചിമ്പാൻസിയുടെ രൂപത്തിന് മുകളിൽ അതിനുമുകളില്‍ ചങ്ങലയുമിട്ടു.
സംഭവം വാർത്തയായതോടെ ചിത്രം ഒളിപ്പിച്ചു. ചിത്രത്തിന് മുകളിൽ തുണി പൊതിഞ്ഞ് കോലമായി കത്തിച്ചു. അധിക്ഷേപത്തിന് മറുപടി അധിക്ഷേപമോ എന്ന ചോദ്യം പലകേന്ദ്രങ്ങളില്‍ നിന്നും പൊന്തിയതോടെയാണ് ചിത്രം പിന്‍വലിച്ചതും മറച്ചതും
പിന്നാലെ ഖേദപ്രകടനം നടത്തിയെങ്കിലും അധിക്ഷേപത്തിൽ മഹിളാകോൺഗ്രസിന് കെപിസിസിയുടെ പൂർണ പിന്തുണ. യഥാർഥമുഖമല്ലേ കാണിക്കാൻ പറ്റൂവെന്ന് കെ സുധാകരൻ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിപറഞ്ഞു.
പരിപാടിക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ എത്തുമെന്നറിയിച്ചിരുന്നെങ്കിലും വിവാദമായതിന് പിന്നാലെ ഒഴിവാക്കുകയായിരുന്നു. വിഷയത്തിൽ തത്കാലം മറുപടിയില്ലെന്ന് എംഎം മണി പ്രതികരിച്ചു.
വൈകിട്ട് കെ സുധാകരന്‍ ഫേസ് ബുക്ക് മുഖേന ക്ഷമാപണം നടത്തി. പേരെടുത്തു പരാമര്‍ശിക്കാതെയായിരുന്നു ഖേദം. അതിങ്ങനെ
ഇന്നത്തെ പത്രസമ്മേളനത്തിൽ നടത്തിയൊരു പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നി.
ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോൾ, പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും.
തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.