ഓണം ബമ്പറിന്റെ വിതരണം നാളെ മുതൽ

Advertisement

തിരുവനന്തപുരം: ഓണം ബംപറിന്റെ ടിക്കറ്റ് വിതരണം ചൊവ്വാഴ്ച ആരംഭിക്കും. ആദ്യഘട്ടമായി 30 ലക്ഷം ടിക്കറ്റ് അച്ചടിക്കുമെന്ന് അധികൃതർ പറഞ്ഞു. അച്ചടിക്കുന്ന ടിക്കറ്റ് രണ്ടു ദിവസത്തെ ഇടവേളകളിൽ വിതരണം ചെയ്യും. ഫ്ലൂറസെന്റ് കളറിൽ അടിക്കുന്നതിനാൽ ടിക്കറ്റ് ഉണങ്ങാൻ സമയമെടുക്കുന്നതിനാലാണ് ഇടവേള വേണ്ടിവരുന്നത്. ടിക്കറ്റ് അച്ചടിച്ചശേഷമാണ് ഫ്ലൂറസെന്റ് മഷി യന്ത്രസഹായത്താൽ പുരട്ടുന്നത്.

ലോട്ടറി ടിക്കറ്റുകളെല്ലാം ഫ്ലൂറസെന്റ് മഷി ഉപയോഗിച്ച് അച്ചടിക്കുന്ന രീതിയിലേക്ക് ഘട്ടംഘട്ടമായി മാറണമെന്ന് ലോട്ടറി ഡയറക്ടറേറ്റ് സർക്കാരിനോട് ശുപാർശ ചെയ്തു. ലോട്ടറി ടിക്കറ്റിന്റെ ഫോട്ടോകോപ്പി എടുത്ത് തട്ടിപ്പു നടത്തുന്നത് ഒഴിവാക്കാനാണ് ഫ്ലൂറസെന്റ് മഷി ഉപയോഗിക്കുന്നത്. 25 കോടി സമ്മാനത്തുകയുള്ള ഓണം ബംപറാണ് ആദ്യമായി ഫ്ലൂറസെന്റ് മഷി ഉപയോഗിച്ച് അച്ചടിക്കുന്നത്. സി ആപ്റ്റിലാണ് അച്ചടി. 24 മണിക്കൂറും സുരക്ഷയോടെയാണ് ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്നത്. ഫ്ലൂറസെന്റ് മഷി ഉപയോഗിക്കുന്നതിനാൽ ലോട്ടറി വകുപ്പിനു ചെലവ് കൂടുതലാണ്. ഒരു ലോട്ടറി ടിക്കറ്റിന് എത്ര തുക ചെലവാക്കാം എന്ന് സർക്കാരിലേക്ക് എഴുതി ചോദിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. സുരക്ഷയുടെ ഭാഗമായി ഓണം ബംപർ ടിക്കറ്റിന്റെ കടലാസിന്റെ കട്ടി കൂട്ടിയിട്ടുണ്ട്. നേരത്തെ 80 ജിഎസ്എം ആയിരുന്ന ടിക്കറ്റ് ഇപ്പോൾ 90 ജിഎസ്എം ആണ്.

ഓണം ബംപറിന്റെ രണ്ടാം സമ്മാനം അഞ്ചു കോടി രൂപയും മൂന്നാം സമ്മാനം 10 പരമ്പരകളിലായി ഓരോ കോടി രൂപ വീതവുമാണ്. നാലാം സമ്മാനം ഒരു ലക്ഷംരൂപ വീതം 90 പേർക്ക്. അഞ്ചാം സമ്മാനം 5000 രൂപ വീതം 72,000 പേർക്ക്. ഇതിനു പുറമേ 3000 രൂപയുടെ 48,600 സമ്മാനങ്ങളും 2000 രൂപയുടെ 66,600 സമ്മാനങ്ങളും 1000 രൂപയുടെ 2,10,600 സമ്മാനങ്ങളും നൽകും. ആകെ 126 കോടി രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. 500 രൂപയാണ് ടിക്കറ്റ് വില.