നെക്ലേസ് വാങ്ങിയത് 95% ഡിസ്കൗണ്ടിൽ; സുധേഷ് കുമാറിനെതിരെ നടപടി

Advertisement

തിരുവനന്തപുരം∙ ജയിൽ മേധാവി ഡിജിപി സുധേഷ് കുമാറിനെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. ജ്വല്ലറിയിൽനിന്ന് 95% ഡിസ്കൗണ്ടിൽ നെക്ലേസ് വാങ്ങി, വിജിലൻസ് ഡയറക്ടറായിരിക്കേ സഹപ്രവർത്തകർക്കെതിരെ കള്ളക്കേസ് റജിസ്റ്റർ ചെയ്തു തുടങ്ങിയ ആരോപണങ്ങൾ സുധേഷിനെതിരെ ഉയർന്നിരുന്നു. ചില വിദേശയാത്രകളും വിവാദമായി. ആരോപണങ്ങൾ ശരിയാണെന്നായിരുന്നു ആഭ്യന്തരവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഒക്ടോബറിൽ സുധേഷ് വിരമിക്കും.

ആരോപണങ്ങളിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് സുധേഷിനെ വിജിലൻസിൽനിന്ന് ജയിൽ വകുപ്പിലേക്കു മാറ്റിയത്. തലസ്ഥാനത്തെ ജ്വല്ലറിയിൽനിന്ന് ഏഴു പവന്റെ നെക്ലേസ് 95% ഡിസ്കൗണ്ടിൽ വാങ്ങിയതായി സർക്കാരിനു പരാതി ലഭിച്ചിരുന്നു. അന്വേഷണത്തിൽ ഇതു ശരിയാണെന്നു വ്യക്തമായി. വിദേശ യാത്രകൾ നടത്തിയത് വ്യവസായിയുടെ പണം കൊണ്ടാണെന്നും പരാതി ലഭിച്ചിരുന്നു. ഈ പരാതിയും ശരായാണെന്നാണ് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയത്.

ഡിജിപി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന ടോമിൻ ജെ.തച്ചങ്കരി ഐപിഎസിനെതിരായ വിജിലൻസ് കേസ് സുധേഷ് അനിശ്ചിതമായി നീട്ടികൊണ്ടുപോയതായും ആക്ഷേപം ഉയർന്നിരുന്നു. സുധേഷിന്റെ മകൾ പൊലീസ് ഡ്രൈവറായ ഗവാസ്കറെ മർദിച്ച കേസ് അന്വേഷിച്ച എസ്പിയെ കള്ളക്കേസിൽ കുടുക്കാൻ നീക്കം നടത്തിയതും ആഭ്യന്തര അന്വേഷണത്തിൽ തെളിഞ്ഞു.