പി.എസ്‌സിയുടെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഉദ്യോഗക്കയറ്റം നേടി സർക്കാർ ജീവനക്കാർ

Advertisement

തിരുവനന്തപുരം: പി.എസ്‌സിയുടെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഉദ്യോഗക്കയറ്റം നേടി സർക്കാർ ജീവനക്കാർ. സർക്കാരിലെ വിവിധ വകുപ്പുകളിലെ ജീവനക്കാരാണ് ഉദ്യോഗക്കയറ്റം നേടിയത്.

വകുപ്പുതല പരീക്ഷയുടെ വ്യാജ സർട്ടിഫിക്കറ്റാണ് ഹാജരാക്കുന്നതന്നും സർക്കാരിന് പി.എസ്.സിയുടെ മുന്നറിയിപ്പ്. ഇതേ തുടർന്ന് സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാൻ വകുപ്പു മേധാവികൾക്ക് സർക്കാർ കർശന നിർദ്ദേശം നൽകി. ഓൺലൈൻ സർട്ടിഫിക്കറ്റുകളും അല്ലാത്തവയും പി.എസ്.സിയുടേതാണെന്ന് ഉറപ്പുവരുത്തണമെന്നാണ് നിർദ്ദേശം.

സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് ഉദ്യോഗക്കയറ്റത്തിനായി പരീക്ഷ നടത്തുന്നത് പി.എസ്.സിയാണ്. ഇതിൽ വിജയിക്കുന്നവർക്ക് പി.എസ്.സി സർട്ടിഫിക്കറ്റ് നൽകും. ഇതു ഹാജരാക്കിയാൽ മാത്രമേ ഉദ്യോഗക്കയറ്റം ലഭിക്കുകയുള്ളൂ. എന്നാൽ ചില ജീവനക്കാർ പി.എസ്.സിയുടെ വ്യാജസർട്ടിഫിക്കറ്റ് സമർപ്പിച്ച്‌ ഉദ്യോഗക്കയറ്റം നേടുന്നുവെന്നാണ് പി.എസ്.സി കണ്ടെത്തിയത്.

ഈ പ്രവണത അവസാനിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും കേരള പബ്ലിക് സർവീസ് കമ്മിഷൻ സെക്രട്ടറി സർക്കാരിന് കത്തു നൽകി. സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കണമെന്നാണ് പി.എസ്.സിയുടെ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ച്‌ ഉറപ്പു വരുത്താൻ എല്ലാ വകുപ്പു മേധാവികൾക്കും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് നിർദ്ദേശം നൽകി.

പി.എസ്.സിയുടെ ഓൺലൈൻ സർട്ടിഫിക്കറ്റാണ് ഹാജരാക്കുന്നതെങ്കിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥരുടെ മൊബൈൽഫോൺ സ്‌കാനർ ഉപയോഗിച്ച്‌ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് പരിശോധിക്കണം. പി.എസ്.സിയുടെ വെബ്‌സൈറ്റിലെ സർട്ടിഫിക്കറ്റ് ഐഡിയും ഉടമയുടെ പേരും പരിശോധിക്കണം. എഴുതി തയറാക്കിയ സർട്ടിഫിക്കറ്റാണെങ്കിൽ പി.എസ്.സിയുടെ ജോയിന്റ് സെക്രട്ടറിക്ക് അയച്ചു നൽകി ആധികാരികത പരിശോധിക്കണമെന്നും നിർദ്ദേശം നൽകി.

Advertisement

1 COMMENT

Comments are closed.