തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലന്വേഷകർക്ക് തൊഴിൽ പരിശീലനമൊരുക്കി കേരളത്തിലെ ഐ.ടി പാർക്കുകൾ.
സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് ഐ.ടി പാർക്കുകളായ തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് എന്നിവിടങ്ങളിലെ കമ്പനികളുമായി ചേർന്ന് നടപ്പാക്കാനൊരുങ്ങുന്ന ഇഗ്‌നൈറ്റ് ഇന്റേൺഷിപ്പ് പരിശീലന പരിപാടി ഓഗസ്റ്റ് മാസം ആരംഭിക്കും.
പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 21 വ്യാഴാഴ്ച വൈകിട്ട് 4.30ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ടെക്‌നോപാർക്ക് ട്രാവൻകൂർ ഹാളിൽ വെച്ച് നിർവഹിക്കും. മുൻ മന്ത്രിയും കഴക്കൂട്ടം എം.എൽ.എയുമായ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരളാ ഐ.ടി പാർക്ക്‌സ് സി.ഇ.ഒ ജോൺ എം. തോമസ് സ്വാഗതമാശംസിക്കും. സ്‌കിൽ ഡെവലപ്പ്‌മെന്റിനായി 2023ൽ 5000 ഉദ്യോഗാർത്ഥികൾക്ക് ഇന്റേൺഷിപ്പ് വഴി വേണ്ട പരിശീലനം നൽകുക എന്ന ലക്ഷ്യമിട്ടാണ് സർക്കാർ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കേരളാ ഐ.ടി പാർക്ക്‌സ് സി.ഇ.ഒ ജോൺ എം. തോമസ് പറഞ്ഞു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ആയിരത്തി അഞ്ഞൂറ് ഉദ്യോഗാർത്ഥികൾക്ക് ഇന്റേൺഷിപ്പ് നൽകാനാണ് കേരള ഐ.ടി പാർക്ക്‌സ് പദ്ധതിയിടുന്നത്.
ആറുമാസം നീണ്ടുനിൽക്കുന്ന പദ്ധതിയിൽ മാസം 5000 രൂപ വരെ സർക്കാർ വിഹിതമായി നൽകുകയും കുറഞ്ഞത് ഇതേ തുക തന്നെ നിയമിക്കുന്ന സ്ഥാപനം നൽകുകയും ചെയ്യും. ഐ.ടി, ഐ.ടി ഇതര വ്യവസായങ്ങളുടെ ആവശ്യത്തിന് മതിയായ പരിശീലനം ലഭിച്ചവരുടെ അപര്യാപ്തത പരിഹരിക്കാനായാണ് കഴിഞ്ഞ ബജറ്റിൽ സർക്കാർ 20 കോടി രൂപ വകയിരുത്തി ആറ് മാസക്കാലത്തെ ഇന്റേൺഷിപ്പ് പരിശീലന പരിപാടി വിഭാവനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി 300ലധികം കമ്പനികളിലായാണ് ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുക. ഐ.സി.ടി അക്കാദമി കേരള, സ്റ്റാർട്ട് അപ്പ് മിഷൻ, ജി ടെക്, കാഫിറ്റ് തുടങ്ങിയവയുമായി സഹകരിച്ച് നടത്തുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമിനായി https://ignite.keralait.org എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. ഈ വർഷം ബിരുദം നേടിയവർക്കും അവസാന സെമസ്റ്റർ പരീക്ഷാഫലം കാത്തിരിക്കുന്ന ഉദ്യോഗാർഥികൾക്കും രജിസ്‌ട്രേഷനും ഇന്റർവ്യൂവും വഴി ഇന്റേൺഷിപ്പിന് അവസരം നേടാം.