കൊല്ലം: ജില്ലയിലെ നഗര- ഗ്രാമാന്തരങ്ങളിലേക്ക് തപാല്‍ ഉരുപ്പടികള്‍ തരം തിരിച്ചെത്തിക്കുന്ന കൊല്ലം റെയില്‍വേ മെയില്‍ സര്‍വീസ് യൂണിറ്റ് (ആര്‍.എം.എസ്) നിര്‍ത്തലാക്കി അധികൃതരുടെ ഉത്തരവ്.
പടിപടിയായി ആര്‍.എം.എസ് ഓഫീസിലെ ജീവനക്കാരെയും സംവിധാനങ്ങളും നീക്കം ചെയ്ത് യൂണിറ്റ് അടച്ചുപൂട്ടാനാണ് തപാല്‍ വകുപ്പിന്റെ നീക്കം. ആദ്യപടിയായി രജിസ്റ്റേര്‍ഡ്, സ്പീഡ് പോസ്റ്റ് തപാലുകളുടെ സോര്‍ട്ടിംഗ് കൊല്ലം ആര്‍.എം.എസില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റാന്‍ ഉത്തരവിറങ്ങി. രജിസ്റ്റേര്‍ഡ് – സ്പീഡ് പോസ്റ്റ് സേവനങ്ങളുടെ നീക്കം ആഗസ്റ്റ് ആദ്യവാരത്തോടെ പൂര്‍ണമായും തിരുവനന്തപുരം കേന്ദ്രീകരിക്കാനാണ് ശ്രമം.
ജില്ലയിലെ നൂറ്റിയിരുപതോളം പോസ്റ്റ് ഓഫീസുകളിലേക്കുള്ള രജിസ്റ്റേര്‍ഡ്, സ്പീഡ് പോസ്റ്റ് ഉള്‍പ്പെടെയുള്ള കത്തുകളും പാഴ്‌സലുകളും എത്തിക്കുകയും പോസ്റ്റ് ഓഫീസുകളില്‍ നിന്ന് ലോകത്തിന്റെയും വിവിധ ഭാഗങ്ങളിലേക്കുള്ള തപാല്‍ ഉരുപ്പടികള്‍ സ്വീകരിച്ച് യഥാസ്ഥാനത്തേക്ക് അയയ്ക്കുകയും ചെയ്യുന്ന യൂണിറ്റാണ് കൊല്ലം ആര്‍.എം.എസ്.
റെയില്‍വേ സ്റ്റേഷനുള്ളില്‍ സ്ഥിതിചെയ്യുന്ന ആര്‍.എം.എസ് ഓഫീസില്‍ രാത്രിയും പകലുമായി നൂറിലധികം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. സംസ്ഥാനത്തെ 13 ആര്‍.എം.എസ് ഓഫീസുകളാണ് ഇത്തരത്തില്‍ അടച്ചുപൂട്ടാന്‍ നീക്കം നടക്കുന്നത്.
തപാല്‍ സംവിധാനം താറുമാറാകും,ബുക്ക് ചെയ്യുന്ന സര്‍ക്കാര്‍ രേഖകളുള്‍പ്പെടെയുള്ള തപാലുരുപ്പടികള്‍ അന്നേ ദിവസം അയച്ച് തൊട്ടടുത്ത ദിവസം കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്ന സ്ഥിതിയാണ് ഇതോടെ ഇല്ലാതാവുക
നിലവിലെ ജീവനക്കാര്‍ വിദൂര ഓഫീസുകളിലേക്ക് സ്ഥലം മാറ്റപ്പെടും,അന്‍പതിലധികം താത്കാലിക ജീവനക്കാരുടെയും അന്നം മുട്ടും,സ്വകാര്യവത്കരണത്തിന്റെ ഭാഗമായി കൊല്ലം ആര്‍.എം.എസ് ഇല്ലാതാകുന്നതോടെ ജില്ലയിലെ തപാല്‍ വിതരണ സംവിധാനം താറുമാറാകും. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ്
തൊഴിലാളി സംഘടനാ പ്രതിനിധികള്‍ നീങ്ങുന്നത്.
നാലമ്പലദർശന പാക്കേജുമായി കെഎസ്ആർടിസി
കരുനാഗപ്പള്ളി . കര്‍ക്കടക മാസത്തിൽ ഭക്തജനങ്ങൾക്കായി നാലമ്പല ക്ഷേത്ര സന്ദർശന പാക്കേജൊരുക്കി കരുനാഗപ്പ ള്ളി കെ എസ് ആർ ടി സി.
കെ എസ് ആർ ടി സി യുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളിയിൽ നിന്നും നാലമ്പല ദർശന യാത്രയ്ക്കുള്ള അവസരം ഞായറാഴ്ചയാണ് ഒരുക്കുന്നത്. രാവിലെ 4 മണിയ്ക്ക് പുറപ്പെട്ട് വൈകിട്ട് 6 മണിക്ക് തിരിച്ചെത്തുന്ന തരത്തിലുള്ള ട്രിപ്പാണ് തയ്യാറാക്കിയിരിക്കുന്നത്.
തൃശ്ശൂർ, എറണാകുളം ജില്ലകളിലെ തൃപ്രയാർ ശ്രീരാമക്ഷേത്രം,ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം,
പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ ദർശിക്കുന്നതിനാണ് തീർത്ഥാടകർക്കായി ട്രിപ്പ് ഒരുക്കിയിരിക്കുന്നത്.
ഒരാൾക്ക് 940രൂപ യാണ് ടിക്കറ്റ് ചാർജ്ജ്. തീർത്ഥാടനയാത്രയുടെ ഭാഗമാകുന്നവർക്ക് ക്ഷേത്രങ്ങളിൽ മുൻകൂട്ടി വഴിപാടുകൾ ബുക്ക് ചെയ്യുന്നതിനും , ദർശനത്തിനും പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വിവരങ്ങൾക്ക് ബന്ധപെടുക കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ കരുനാഗപ്പള്ളി
ഫോൺ:9961222401,9446786099,9995031746.
ഷെഡിന് തീ പടർന്ന് വയോധികൻ മരിച്ചു
കൊട്ടാരക്കര. മഹാഗണപതിക്ഷേത്രത്തിലേ പാർക്കിങ് ഗ്രൗണ്ടിനോടു ചേർന്ന ഷെഡിന് തീപിടിച്ച് വയോധികൻ മരിച്ചു. ക്ഷേത്ര പരിസരത്ത് യാചകവൃത്തി നടത്തിയിരുന്ന വാക്കനാട് സ്വദേശി സുകുമാരപിള്ള(83) ആണെന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ആയിരുന്നു സംഭവം. ക്ഷേത്രം റോഡിലൂടെ കടന്നു പോയ ബൈക്ക് യാത്രികരാണ് ഷെഡിൽ തീപടർന്നത് ആദ്യം കണ്ടത്.
ഓടിയെത്തിയ നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീ അണച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞിരുന്നു. കുറേ നാളുകളായി ഇദ്ദേഹം ക്ഷേത്ര പരിസരത്താണ് കഴിഞ്ഞിരുന്നതെന്ന് സമീപവാസികൾ പറഞ്ഞു. പാർക്കിങ് ഗ്രൗണ്ടിനരികിൽ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ടുമറച്ച താത്കാലിക ഷെഡിലാണ് ഇദ്ദേഹം ഉറങ്ങിയിരുന്നത്. മണ്ണെണ്ണ വിളക്കിൽ നിന്നും തീ പടർന്നതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കഞ്ചാവ് വില്‍പ്പന: ഒരാള്‍ പിടിയില്‍
ഓയൂര്‍: സ്‌കൂളുകള്‍ കേന്ദ്രീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വെളിയം, മാലയില്‍ ഗീതാഭവനില്‍ രാഹുലി (25)നെയാണ് കഞ്ചാവുമായി പിടികൂടിയത്. പൂയപ്പള്ളി, കൊട്ടാറ ഓടനാവട്ടം, മേലോട് തുടങ്ങിയ സ്‌കൂള്‍ പരിസരങ്ങളില്‍ ബൈക്കില്‍ കറങ്ങിനടന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് കച്ചവടം നടത്തിവരുന്നതായി രഹസ്യവിവരം ലഭിച്ച പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
ഇയാളുടെ ബൈക്കിന്റെ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും, കഞ്ചാവ് വിറ്റവകയില്‍ ലഭിച്ച പണവും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പൂയപ്പള്ളി എസ്എച്ച്ഒ ബിജു.എസ്.ടി, എസ്‌ഐ ജയപ്രദീപ്.എ.സി, എഎസ്‌ഐമാരായ രാജേഷ് കുമാര്‍, ചന്ദ്രകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
താഴം തിരു: ആദിശ്ശമംഗലം ശ്രീ മഹാവിഷ്ണു
ക്ഷേത്രത്തില്‍ പിതൃതര്‍പ്പണം
പുത്തൂര്‍: താഴം തിരു: ആദിശ്ശമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടക വാവു ദിവസം മുന്‍വര്‍ഷങ്ങളെ പൊലെ പിതൃതര്‍പ്പണത്തിനുള്ള വിപുലമായ സൗകര്യങ്ങള്‍ ആണ് ഒരുക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 4 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ആണ് ബലിതര്‍പ്പണത്തിനുള്ള സമയം.
ഒരു സമയം ആയിരത്തില്‍പ്പരം ആളുകള്‍ക്ക് വിധി പ്രകാരം കര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അന്നേ ദിവസം സമൂഹ അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. കല്ലടയാറ്റില്‍ സുരക്ഷിതമായ സ്‌നാന ഘട്ടം ആണ് ഒരുക്കിയിട്ടുള്ളതെന്നും സംഘാടകര്‍ അറിയിച്ചു. പോലീസ്, ഫയര്‍ഫോഴ്‌സ്, ഹെല്‍ത്ത് എന്നീ ഡിപ്പാര്‍ട്ടുമെന്റുകളുടെ സേവനവും ഉണ്ടായിരിക്കുന്നതാണ്.
രാമായണ മാസാചരണ മത്സരപരിപാടികള്‍
അഞ്ചല്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എല്ലാ വര്‍ഷവും നടത്തിവരാറുള്ള ഗ്രൂപ്പ് തല രാമായണ മത്സരപരിപാടികള്‍ 24ന് രാവിലെ അഞ്ചല്‍ അഗസ്ത്യക്കോട് ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ നടക്കും. രാമായണ പാരായണം, ഉപന്യാസ രചന, രാമായണ പ്രശ്‌നോത്തരി എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. പ്രഥമ (6 മുതല്‍ 9 വയസ്സ്), ദ്വിതീയ (10 മുതല്‍ 13 വയസ്സ്), ത്രിതീയ (14 മുതല്‍ 17 വയസ്സ്), ചതുര്‍ത്ഥ (18 വയസ്സ് മുതല്‍) എന്നീ ശ്രേണികളിലായാണ് വിദ്യാര്‍ത്ഥികള്‍ക്കായി മത്സരം ക്രമീകരിച്ചിരിക്കുന്നത്. പരിപാടി രാവിലെ 9ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനലൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ജെ. ഉണ്ണികൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 984606 4758, 8848057262.
വെട്ടിക്കാട്ട് ക്ഷേത്രത്തിലെ ശ്രീരാമ സംഗീതസാഗരം ഏഴാം ദിവസം
മൈനാഗപ്പള്ളി. വെട്ടിക്കാട്ട് ക്ഷേത്രത്തിലെ ശ്രീരാമ സംഗീതസാഗരം ഏഴാം ദിവസമായ 23/07/2022 ശനിയാഴ്ച 5.30pm ന്
ശ്രീമതി രഞ്ജനി വാസുദേവ് പാടുന്നു
ശ്രീ ബാലമുരളി, കരുനാഗപ്പള്ളി-വയലിൻ
ശ്രീ ശ്രീരംഗം കൃഷ്ണകുമാർ-മൃദംഗം .
പോരുവഴി വെൺകുളം ഏലായിൽ കേന്ദ്രസംഘം സന്ദർശനം നടത്തി
പോരുവഴി : പോരുവഴി ഗ്രാമപഞ്ചായത്തിന്റെ നെല്ലറയായ വെൺകുളം ഏലാ വികസന കുതിപ്പിലേക്ക്.ഏക്കറുകളോളം പരന്നുകിടക്കുന്ന പടശേഖരത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന്
8 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചത്.കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ശ്രമഫലമായാണ് തുക അനുവദിച്ചത്.
ഇതിന്റെ ഭാഗമായി ആർ.ഐ.ഡി.എഫ് ന്റെയും നബാഡിന്റെയും ഉദ്യോഗസ്ഥർ ഇന്നലെ ഏല സന്ദർശിച്ച് പഞ്ചായത്ത് ജനപ്രതിനിധികൾ,കൃഷി ഉദ്യോഗസ്ഥർ, കർഷകർ എന്നിവരുമായി ചർച്ച നടത്തി.അടിയന്തിര പ്രാധാന്യം നൽകി വികസന പ്രവർത്തനങ്ങൾ നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസംഘം അറിയിച്ചു.
വെൺകുളം ഏലാ റോഡ് കോൺക്രീറ്റ് ചെയ്ത് സൈഡ് കെട്ടി നവീകരിക്കാനും 11സ്ഥലങ്ങളിൽ തടയണയും റാമ്പ് നിർമ്മിച്ച് ട്രാക്ടർ ഇറങ്ങാൻ സൗകര്യം ഒരുക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.കടുവിങ്കൽ റോഡിൽ നിന്നും ആരംഭിച്ച് പള്ളിക്കൽ ആറ്റിൽ അവസാനിക്കുന്ന 4 കിലോമീറ്റർ നീളത്തിലുള്ള വെൺകുളം ഏലാ തോട് പ്രധാന ജലസേചന മാർഗ്ഗമാണ്.ഇതിന്റെ സംരക്ഷണ ഭിത്തികൾ ഇടിഞ്ഞു റോഡിന്റെ ആഴം കുറഞ്ഞതും കൃത്യമായി തടയണകൾ ഇല്ലാത്തതും പാടത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നതിന് കാരണമാകുന്നു.മഴകാലത്ത് വെൺകുളം ഏലാ തോട് കരകവിഞ്ഞു ഒഴുകുന്നതും ബണ്ട് പൊട്ടുന്നതുമൂലവും വലിയ കൃഷി നാശമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.ഇതു മൂലം കർഷകർക്ക് വലിയ നാശ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
30 ഹെക്റ്ററിൽ 3 പൂനെൽകൃഷി ചെയ്തിരുന്ന ഈ പാട ശേഖരത്തിൽ കഴിഞ്ഞ വർഷത്തെ ശക്തമായ മഴയിൽ കർഷകർ 3 തവണ വിത്ത് വിതച്ചെങ്കിലും വിളനാശം മൂലം 10 ഹെക്ടറിലായി കൃഷി ചുരുങ്ങി.ഈയൊരു സാഹചര്യത്തിലാണ് പോരുവഴി ഗ്രാമപഞ്ചായത്ത് ഭരണാസമിതി വെൺകുളം ഏലായുടെ സംരക്ഷണത്തിനായി കേന്ദ്രാവിഷ്കൃത പദ്ധതിയിൽ നിന്നും ഫണ്ട് അനുവദിക്കണമെന്ന് നിവേദനം നൽകിയത്.പോരുവഴി ഗ്രാമപഞ്ചായത്ത് നൽകിയ നിവേദനം അടിയന്തിര നടപടികൾക്കായി നബാർഡ് ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് 8 കോടി രൂപയുടെ ഫണ്ട് അനുവദിച്ചത്.
ഉഴുതു മറിച്ച ‘പാടം’ പോലെ പുത്തനമ്പലത്തെ റോഡ്
ശാസ്താംകോട്ട : കടമ്പനാട്,കുന്നത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിൽ പുത്തനമ്പലം ഭാഗത്ത് എത്തിയാൽ റോഡിലൂടെ ചാടിക്കടക്കാനും പറ്റില്ല,നീന്തി കടക്കാനും പറ്റില്ല.രണ്ടും കല്പിച്ച് ഇറങ്ങിയാൽ മുട്ടൊപ്പം ചെളിയിൽ പുതയും.മാസങ്ങളായി തകർന്നു തരിപ്പണമായി കിടന്ന റോഡിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ നടത്തിയ പരീക്ഷണമാണ് നാട്ടുകാർക്കും യാത്രക്കാർക്കും വിനയായിരിക്കുന്നത്.കുന്നത്തൂർ നെടിയവിള – വേമ്പനാട്ടഴികത്ത് റൂട്ടിൽ പുത്തനമ്പലം ജംഗ്ഷനോട് ചേർന്നുള്ള ഭാഗത്തെ കുഴികളിൽ രാത്രിയുടെ മറവിൽ മണ്ണിട്ട് മൂടിയതാണ് പ്രശ്നമായത്.മഴക്കാലമാണെന്ന ചിന്ത
പോലുമില്ലാതെ അധികൃതർ നടത്തിയ നവീകരണം മൂലം കാൽനടയാത്ര പോലും അസാധ്യമായിരിക്കയാണ്.
ഉഴുതു മറിച്ച ‘പാടം’ പോലെ പുത്തനമ്പലത്തെ റോഡ് മാറിയതോടെ ഈ ഗ്രാമം തന്നെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.സൈക്കിൾ യാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്.ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലടക്കം ചെളി പുരളുന്നതിനാൽ വിദ്യാർത്ഥികൾ അടക്കമുള്ളവർ പലപ്പോഴും വീടുകളിലേക്ക് തിരികെ മടങ്ങുകയാണ് പതിവ്.ചെളിപറമ്പായ
റോഡിന്റെ പരിസരത്ത് താമസിക്കുന്നവരും കച്ചവടക്കാരുടെയും ദുരിതം പറഞ്ഞറിയിക്കാൻ കഴിയില്ല.അടൂർ,ഏനാത്ത്,കടമ്പനാട്, മണ്ണടി ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ എളുപ്പമാർഗമായി തെരഞ്ഞെടുക്കുന്ന പാത കൂടിയാണിത്.ഐവർകാല,
പുത്തനമ്പലം പ്രദേശവാസികൾക്ക് കുന്നത്തൂർ പഞ്ചായത്ത് ഓഫീസിലും മറ്റ് ഓഫീസുകളിലും സ്കൂളിലും മറ്റുമെത്താനുള്ള മാർഗം കൂടിയാണിത്.സദാസമയവും തിരക്കേറിയ പാതയായിട്ടും നന്നാക്കാൻ അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല.ആഴ്ചകൾക്ക് മുമ്പ് രാത്രിയിലും പാറപൊടിയും ടാർ മിശ്രിതവും എത്തിച്ച് റോഡിലെ കുഴികൾ അടയ്ക്കാൻ അധികൃതർ നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു.
( Photo: )