സിപിഐ കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം അവസാനിച്ചപ്പോൾ സെക്രട്ടറിയായി മണ്ഡലത്തിന് പുറത്തുനിന്നും ആളെത്തി

Advertisement

കരുനാഗപ്പള്ളി . സിപിഐ മണ്ഡലം സമ്മേളനത്തിൽ ഒടുവിൽ സെക്രട്ടറിയായി പുറത്തുനിന്നും കരുനാഗപ്പള്ളി സിപിഐ കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം അവസാനിച്ചപ്പോൾ സെക്രട്ടറിയായി മണ്ഡലത്തിന് പുറത്തുനിന്നും ഭാരവാഹി എത്തി. ഇത് ആദ്യമായാണ് കരുനാഗപ്പള്ളി മണ്ഡലത്തിന് പുറത്തുനിന്നുള്ള ഒരാൾ കരുനാഗപ്പള്ളിയിലെ സിപിഐ മണ്ഡലം ഭാരവാഹിയായി എത്തുന്നത്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും ചവറ സ്വദേശിയുമായ ഐ ഷിഹാബ് ആണ് കരുനാഗപ്പള്ളി മണ്ഡലത്തിന്റെ പുതിയ സെക്രട്ടറി.

നേരത്തെ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി വിഭജിച്ചപ്പോൾ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ സെക്രട്ടറിയായി യുവജന സംഘടന ഭാരവാഹിയായ ജഗത്ത് ജീവൻ ലാലി, മണ്ഡലം എക്സിക്യൂട്ടീവ് അംഗം ആർ രവി എന്നിവർ മത്സരരംഗത്ത് വന്നിരുന്നു. തർക്കം രൂക്ഷമായതോടെ ജില്ലാ നേതൃത്വം ഇടപെട്ട് നിലവിലുള്ള സെക്രട്ടറി ജെ ജയകൃഷ്ണപിള്ള തുടരാൻ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ ആരംഭിച്ച മണ്ഡലം സമ്മേളനത്തിൽ എല്ലാവരും ഉറ്റുനോക്കിയത് പുതിയ സെക്രട്ടറി ആരാകും എന്നതായിരുന്നു. മുൻ എംഎൽഎ ആർ രാമചന്ദ്രനെ അനുകൂലിക്കുന്ന വിഭാഗത്തിന് ആയിരുന്നു സമ്മേളനത്തിൽ മേൽക്കൈ. ഈ വിഭാഗത്തിൽപ്പെട്ട 15 പേരും എതിർ പക്ഷത്തിൽ പെട്ട ഏഴു പേരും അടങ്ങുന്ന 22 അംഗ മണ്ഡലം കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. തുടർന്ന് ജഗത് ജീവൻ ലാലി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു ജയിക്കും എന്ന സാഹചര്യം വന്നതോടെ ജില്ലാ നേതൃത്വം ഇടപെടുകയായിരുന്നു എന്നാണ് അറിയുന്നത്.

നിലവിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ ജഗദ് ജീവൻ ലാലിയും ജയകൃഷ്ണപിള്ളയും മണ്ഡലം കമ്മിറ്റിയിൽ നിന്ന് ഒഴിയണമെന്ന് ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ നിർദ്ദേശം വെച്ചു. എന്നാൽ ഇതിനെതിരെ എഐവൈ എഫിന്റെ പ്രവർത്തകർ ഉൾപ്പെടെയുള്ള ഒരു സംഘം ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. ഇവരെ രണ്ടുപേരെയും മണ്ഡലം കമ്മിറ്റിയിൽ നിലനിർത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാൽ ജില്ലാ നേതൃത്വം അതിനു വഴങ്ങിയില്ല. ഒടുവിൽ ജഗദ് ജീവൻ ലാലി, ജയകൃഷ്ണപിള്ള എന്നിവരെ മണ്ഡലം കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി 22 അംഗ കമ്മിറ്റിയുടെ പാനൽ അംഗീകരിക്കുകയായിരുന്നു. നേരത്തെ തന്നെ കരുനാഗപ്പള്ളിയിൽ സെക്രട്ടറി സ്ഥാനത്തേക്ക് തർക്കമുണ്ടായാൽ ജില്ലാ എക്സിക്യൂട്ടീവ് അംഗമായ ഐ.ഷിഹാബിന് ചുമതല കൈമാറണമെന്ന് ജില്ലാതലത്തിൽ ധാരണ ഉണ്ടാക്കിയിരുന്നു.

നിലവിൽ കരുനാഗപ്പള്ളിയിൽ ശക്തമായ വിഭാഗീയത നിലനിൽക്കുകയാണ്.ആർ രാമചന്ദ്രൻ്റെ നിയമസഭാ തെരെഞ്ഞെടുപ്പ് പരാജയത്തോടെ വിഭാഗീയത മറ നീക്കി പുറത്തുവന്നു. ഇരുപക്ഷത്തെയും യോജിപ്പിച്ച് കൊണ്ടു പോകാനുള്ള ഉത്തരവാദിത്വമാണ് പുതിയ സെക്രട്ടറിക്ക് മേൽവന്നു ചേർത്തിരിക്കുന്നത്. എങ്കിലും ആർ രാമചന്ദ്രനെ അനുകൂലിക്കുന്ന വിഭാഗത്തിന് മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലം കമ്മിറ്റിയാണ് പുതുതായി നിലവിൽ വന്നിരിക്കുന്നത്. മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്ത മണ്ഡലം സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, എൻ അനിരുദ്ധൻ, ജി ലാലു, ആർ രാമചന്ദ്രൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.