കൊട്ടാരക്കര : തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടക്കുന്ന നാൽപ്പത്തിനാലാമത് ചെസ് ഒളിമ്പ്യാഡിന് മാച്ച് റഫറിയായി കൊട്ടാരക്കരക്കാരൻ എസ്. ബിജുരാജ്. 188 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ഒളിമ്പ്യാഡ് 28ന് തുടങ്ങി ആഗസ്റ്റ് 10ന് സമാപിക്കും. ചെസ് ഇന്റർ നാഷണൽ ഓർബിറ്ററും നാഷണൽ ഇൻസ്ട്രക്ടറുമായ ബിജുരാജ് ഇതിനകം കോമൺ വെൽത്ത്, ഏഷ്യൻ സ്കൂൾസ്, ഡൽഹി ഇന്റർ നാഷണൽ തുടങ്ങി ദേശീയ- അന്തർദേശീയ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.
വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന ബിജുരാജ് കൊട്ടാരക്കര കോട്ടാത്തല ദേവസേന നിവാസിൽ പരേതനായ സുരേന്ദ്രന്റെയും ലളിതയുടെയും മകനാണ്. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മാജിക് പ്ലാനറ്റിന്റെയും ഡിഫറന്റ് ആർട്ട് സെന്ററിന്റെയും മാനേജരുമാണ്.