കരുനാഗപ്പള്ളിരേഖകൾ -10
ഡോ. സുരേഷ് മാധവ്
………………………..
ശിവഗിരിയിൽ ശ്രീനാരായണഗുരു വിശ്രമിക്കുന്ന കാലത്ത് ഒരു ദിവസം കരുവാ കൃഷ്ണനാശാൻ ഒരു കീർത്തനം കൊണ്ടുവന്ന് ഗുരുവിനെ ചൊല്ലിക്കേൾപ്പിച്ചു. കേട്ടുകഴിഞ്ഞപ്പോൾ ഗുരുവിനു കൗതുകമായി മല്ലിക വൃത്തത്തിൽ നാരായണഗുരു എഴുതിയ സുബ്രഹ്മണ്യകീർത്തനത്തിന്റെ അതേ മാതൃകയിള്ള മറ്റൊരു മുരുകസ്തുതി. അതെഴുതിയ ആളിനെക്കുറിച്ച് കൃഷ്ണനാശാൻ പറഞ്ഞു :-“എന്റെ സഹപാഠിയാണ്.ശങ്കു പണിക്കൻ.കുലത്തൊഴിൽ കൊണ്ട് തച്ചാശാരി ആണെങ്കിലും കവിതയിലും വേദാന്തത്തിലും വാസന കൂടും. “. അപ്പോൾ ഗുരുവിന്റെ മറുമൊഴി :-“ആള് കൊള്ളാമല്ലോ.. ഭക്തിയും ജ്ഞാനവും നന്നായി ചേർന്നിരിക്കുന്നു “.ആശാൻ ഒന്നുകൂടി വിസ്തരിച്ചു :-“കവിയാണെങ്കിലും സ്വയംതോന്നി ഒന്നും എഴുതില്ല.. പ്രാർത്ഥന ആവശ്യമുള്ളവർക്ക് വേണ്ടി കീർത്തനം എഴുതികൊടുക്കും “. ഇതു കേട്ടപ്പോൾ ഗുരുവിന്റെ പ്രതികരണം ഇതായിരുന്നു :-“ഓഹോ.. അപ്പോൾ തച്ചിന്റെ ആചാര്യൻ മാത്രമല്ല, പ്രാർത്ഥനാചാര്യനും ആണല്ലോ…”.
പ്രാർത്ഥനാചാര്യൻ എന്നു നാരായണഗുരു വിശേഷിപ്പിച്ച ശങ്കുപണിക്കൻ പിന്നീട് ശിവശങ്കരസ്വാമിയായി. ഒടുവിൽ ശിവശങ്കരഗുരു(1875-1951)വുമായി. ചട്ടമ്പിസ്വാമികൾ ശിവശങ്കരഗുരുവിനെ വിശേഷിപ്പിച്ചത് “സാക്ഷാൽ വിശ്വകർമദേവൻ “എന്നായിരുന്നു. പടിഞ്ഞാറെകൊല്ലത്ത് കാവനാട് കളീലിപ്പറമ്പിൽ നാരായണപിള്ളയുടെ വീട്ടിൽ വെച്ചാണ് ചട്ടമ്പിസ്വാമിയും ശിവശങ്കരഗുരുവും തമ്മിൽ ആദ്യമായി കണ്ടത്. പന്മനയിൽ സമാധിയ്ക്ക് മുമ്പ് ചട്ടമ്പിസ്വാമി വിശ്രമിക്കുമ്പോൾ ശങ്കരഗുരു വന്നുകണ്ടു. സ്വാമിയ്ക്കരുകിൽ ഒരു മണിക്കൂറോളം ഒന്നും മിണ്ടാതെയിരുന്നശേഷം ശിവശങ്കരഗുരു തിരിച്ചുപോയി. ഭൗതികാതീതമായ ഒരു മൗനസംവേദനം.അക്കാലത്ത് ലളിതമായ പ്രാർത്ഥനാകീർത്തനങ്ങളിലൂടെ വേദാന്തതത്വങ്ങളെ സാധാരണക്കാർക്കിടയിൽ പ്രചരിപ്പിച്ച ശിവശങ്കരഗുരുവിനു തെക്കൻകേരളത്തിൽ അനവധി ശിഷ്യന്മാരുണ്ടായിരുന്നു. മിക്കവരും മേൽജാതിയിൽ പെട്ടവർ.
കരുനാഗപ്പള്ളിയിലെ നിറഞ്ഞ ജ്ഞാനസാനിധ്യമായിരുന്നു അദ്ദേഹം.
1875ജൂലൈ മാസത്തിൽ (കൊ. വ 1050കർക്കിടകം )കിഴക്കേകൊല്ലത്ത് അയത്തിൽ നടുവിലവീട്ടിൽ ജനനം. നങ്ങേലിയും ഉമ്മിണി ആചാരിയും മാതാപിതാക്കൾ. ശങ്കു എന്നായിരുന്നു വിളിപ്പേര്. പിതാവിൽനിന്ന് സംസ്കൃതത്തിന്റെ ബാലപാഠങ്ങൾ അറിഞ്ഞു. മഹാകവി കെ. സി കേശവപിള്ളയിൽ നിന്ന് ഉപരിപഠനം. കരുവാ കൃഷ്ണനാശാൻ,വിദ്വാൻ ഞാറയ്ക്കൽ രാഘവനാചാരി എന്നിവർ സഹപാഠികളായിരുന്നു. കുറേക്കാലം കഥകളിയും അഭ്യസിച്ചു. കുലവിദ്യയായ തച്ചുശാസ്ത്രത്തിൽ മികവുനേടി. അന്നത്തെ കരുനാഗപ്പള്ളിതാലൂക്കിന്റെ ഭാഗമായ തെക്കുംഭാഗം ദേശത്തെ മണ്ണൂർകിഴക്കതിൽ വീട്ടിൽ നിന്ന് പാർവതിയെ വിവാഹം ചെയ്തു. പിന്നീട് ഭാര്യയുടെ സമ്മതത്തോടെ ദേശാടനം. മരുത്വാമലയിലെത്തി നല്ലപെരുമാൾ സ്വാമിയുടെ ശിഷ്യത്വം സ്വീകരിച്ചു. ഉത്തമ ഗൃഹസ്ഥനായി ജീവിക്കുമ്പോഴും ആത്മീയതയായിരുന്നു പിൻബലം. പരമശാന്തനും വിവേകിയുമായ ശങ്കുസ്വാമിയെ നാട്ടുകാർക്കും ബഹുമാനമായി. രോഗദുരിതങ്ങളിൽ വലയുന്നവർക്ക് ശങ്കുസ്വാമിയുടെ പ്രാർത്ഥനകൾ ഒരു ശരണമായിരുന്നു. അക്കാലത്താണ് കൊല്ലം വാളത്തുംഗൽ കോട്ടൂർ കുടുംബാംഗമായ നാണിയമ്മയെ ശിവശങ്കരഗുരു ആത്മീയമാർഗത്തിലേക്ക് നയിച്ചത്. നാണിയമ്മ(1862-1913) പിൽക്കാലത്ത് കൊല്ലത്തമ്മ, വാളത്തുംഗൽ അമ്മ, സർവസാക്ഷി അമ്മ എന്നീ പേരുകളിൽ അറിയപ്പെട്ടു.സർവസാക്ഷി അമ്മയിൽ നിന്ന് ശിവശങ്കരഗുരുവിനെക്കുറിഞ്ഞ ശ്രീമൂലം തിരുനാൾ ശിവശങ്കരഗുരുവിനെ കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ചെങ്കിലും വിനയപൂർവം അത് നിരസിച്ചു. “കുടിലുകളിൽ കൊടുക്കുന്ന വിദ്യ മാത്രമേ അടിയന് വശമുള്ളൂ “എന്നായിരുന്നു പ്രതികരണം. തെക്കുംഭാഗത്ത് മാവിളയിൽ വീട്ടിലെ ഗൃഹസ്ഥജീവിതത്തിൽ നാലു പെണ്മക്കളും ഒരു മകനും ഉണ്ടായി. തെക്കുംഭാഗം, കരുനാഗപ്പള്ളി, കൊട്ടാരക്കര, അഷ്ടമുടി തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി ശിഷ്യന്മാർ. പെരുംകുളം, വല്ലം, അഷ്ടമുടി(ചിദംബരാശ്രമം )കരിമ്പിൻപുഴ(ശിവ ശങ്കരാശ്രമം) എന്നിവിടങ്ങളിൽ മികച്ച ആശ്രമങ്ങൾ ശിവശങ്കരഗുരു സ്ഥാപിച്ചു. ചിദംബരനന്ദ സ്വാമികൾ, ചിദ്ഘനാനന്ദ സ്വാമികൾ, വാറിൽ സ്വാമികൾ, കുഞ്ഞൂഞ്ഞ് ഭക്തൻ, ചെറിയത്ത് സ്വാമി (ബോധാനന്ദസ്വാമി )തുടങ്ങിയവരായിരുന്നു പ്രധാന ശിഷ്യന്മാർ. അപരോക്ഷാനുഭൂതി പരിഭാഷ, ആത്മബോധകൗമുദി, സ്തോത്രമാല എന്നിവയും രചിച്ചു. ഋഗ്വേദമന്ത്രങ്ങൾ ഉൾപ്പെടുത്തിയ ദേവപൂജാവിധിയും ശങ്കരഗുരു ചിട്ടപ്പെടുത്തിയിരുന്നു. വാസ്തുശാസ്ത്രത്തിലും വൈദ്യത്തിലും തികഞ്ഞ അറിവുണ്ടായിരുന്ന അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ജാതിമതഭേദമന്യേ എല്ലാവരും അംഗീകരിച്ചിരുന്നു. ഏറ്റവും ലളിതമായ ജീവിതശൈലി സ്വീകരിച്ചിരുന്ന ശങ്കരഗുരു എല്ലാത്തരം പ്രകടനങ്ങളിൽ നിന്നും ഒഴിഞ്ഞുനടന്നു. തപസ്സ്, തത്വം, തൊഴിൽ എന്നതായിരുന്നു ശിവശങ്കരഗുരുവിന്റെ ജീവിതസന്ദേശം. തപം ചെയ്ത് തത്വമറിഞ്ഞ് തൊഴിലെടുത്ത് ജീവിക്കുക എന്ന നിലപാട് എല്ലാവരെയും ആകർഷിച്ചു. അവസാനകാലത്ത് തെക്കുംഭാഗത്തെ മാവിളയിൽ വീട്ടിൽ തന്നെയായിരുന്നു വിശ്രമം.1951മെയ് 7ന് ശിവശങ്കരഗുരു സമാധിയായി. മാവിളയിൽ ക്ഷേത്രസങ്കല്പത്തിൽ പണികഴിപ്പിച്ചിട്ടുള്ള സമാധിപീഠം കുടുംബക്കാരും ഭക്തജനങ്ങളും പരിപാവനമായി സംരക്ഷിച്ചുവരുന്നു. ഭരണിക്കാവ് -കൊട്ടാരക്കര റൂട്ടിൽ കരിമ്പിൻപുഴയിലുള്ള ശിവശങ്കരാശ്രമം പ്രസിദ്ധമാണ്.