കല്യാണ വീടുകളിലും മരണവീടുകളിലും പോകുന്നതിന്റെ പകുതി താല്‍പ്പര്യം മണ്ഡലത്തിന്റെ വികസനകാര്യത്തില്‍ ഇല്ല, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എക്കെതിരെ സിപിഐ

Advertisement

കുന്നത്തൂര്‍:കല്യാണ വീടുകളിലും മരണവീടുകളിലും പോകുന്നതിന്റെ പകുതി താല്‍പ്പര്യം മണ്ഡലത്തിന്റെ വികസനകാര്യത്തില്‍ എംഎല്‍എയ്ക്ക് ഇല്ല. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. കഴിഞ്ഞ ദിവസങ്ങളില്‍ സമാപിച്ച സിപിഐ കുന്നത്തൂര്‍, ശൂരനാട് മണ്ഡലം സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ കുഞ്ഞുമോനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്.

തുടര്‍ച്ചയായി നാല് തവണ കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ എംഎല്‍എ ആയിട്ടും തികഞ്ഞ പരാജയമാണെന്ന് ചില പ്രതിനിധികള്‍ പറഞ്ഞു.

സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ പോലും മണ്ഡലത്തില്‍ പ്രതിഫലിപ്പിക്കാന്‍ കുഞ്ഞുമോന് ആയിട്ടില്ലെന്നും വിമര്‍ശനമുയര്‍ന്നു. ലക്ഷങ്ങള്‍ മുടക്കി നവീകരിച്ചിട്ടും ശാസ്താംകോട്ട കെഎസ്ആആര്‍ടിസി ബസ് സ്റ്റാന്റ് ഓപ്പറേറ്റിങ് സെന്ററായിപ്പോലും പ്രവര്‍ത്തിപ്പിക്കാനായില്ല. ശാസ്താംകോട്ട തടാകസംരക്ഷണ പ്രവര്‍ത്തനങ്ങളിലും താലൂക്ക് ആശുപത്രിയുടെ വികസന കാര്യത്തിലും തികഞ്ഞ അനാസ്ഥയാണ്. എടുത്തു പറയത്തക്ക ഒരു വികസനവും മണ്ഡലത്തില്‍ ഉണ്ടായിട്ടില്ല. വര്‍ഷങ്ങളായി ബജറ്റില്‍ ഇടം പിടിക്കുന്ന പദ്ധതികള്‍ പോലും നടപ്പാക്കാന്‍ എംഎല്‍എ ആര്‍ജവം കാട്ടുന്നില്ലെന്നും ഇനി ഒരിക്കല്‍ കൂടി മത്സരിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവുള്ളതിനാലാണ് വികസന കാര്യത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ ശ്രദ്ധ ചെലുത്താത്തതെന്നും വിമര്‍ശനമുയര്‍ന്നു.

മണ്ഡലം സിപിഐ ഏറ്റെടുക്കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍സ്ഥാനം സിപിഐക്കാണെങ്കിലും മുന്നണിസംവിധാനത്തിലെ പല കാര്യങ്ങളും കണ്‍വീനര്‍ അറിയാറില്ലെന്നും ആക്ഷേപം ഉയര്‍ന്നു. ഇടതുമുന്നണി സംവിധാനത്തെ മണ്ഡലത്തില്‍ സിപിഎം ഹൈജാക്ക് ചെയ്തതായും പോലീസ് സ്റ്റേഷനുകളില്‍പ്പോലും സിപിഐ നേതാക്കന്‍മാര്‍ക്ക് യാതൊരു വിലയുമില്ലാത്ത സ്ഥിതിയാണെന്നും വിമര്‍ശനം ഉണ്ടായി.

Advertisement