കുന്നത്തൂരിലെ വികസനമുരടിപ്പ്: എംഎൽഎ യെ വഴിയിൽ തടഞ്ഞ് ജനകീയ വിചാരണ നടത്തുമെന്ന് ആർവൈഎഫ്

Advertisement

ശാസ്താംകോട്ട : 21 വർഷമായി കുന്നത്തൂരിന് വികസനമുരടിപ്പ് മാത്രം സമ്മാനിച്ച കോവൂർ കുഞ്ഞുമോൻ എംഎൽഎയ്ക്ക് എതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന്
ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ അറിയിച്ചു.വരും ദിവസങ്ങളിൽ എംഎൽഎ യെ വഴിയിൽ തടഞ്ഞ് ജനകീയ വിചാരണ നടത്താനാണ് തീരുമാനം.

വികസനമില്ലായ്മ സമസ്ത മേഖലകളിലും മുന്നോട്ടുള്ള വളർച്ചയെ തടസപ്പെടുത്തിയതായി സിപിഐ കുന്നത്തൂർ,ശൂരനാട് മണ്ഡലം സമ്മേളനങ്ങളിൽ എംഎൽഎ യ്ക്ക് എതിരെ ഉയർന്ന രൂക്ഷ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ എല്‍ഡി എഫ് കുന്നത്തൂരിലെ ജനങ്ങളോട് മാപ്പ് പറയണം.ആരോഗ്യ,വിദ്യാഭ്യാസ,
ഗതാഗത,കാർഷിക മേഖലകളിലടക്കം സമീപമണ്ഡലങ്ങളിൽ വികസനം അതിവേഗത്തിൽ നടക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കുന്നത്തൂർ കിതയ്ക്കുകയാണ്.

ശാസ്താംകോട്ട കാലൂക്കാശുപത്രിയുടെ വികസനം ബോർഡിൽ മാത്രമാണ്.ആശുപത്രി വികസനത്തിനായി ബജറ്റിൽ അനുവദിച്ച 50 കോടി രൂപ എംഎൽഎയുടെ ഉദാസീനത മൂലം പാഴായി.ദിവസവും ആയിരത്തിലധികം രോഗികൾ ഒ.പി യിൽ മാത്രം എത്തുന്ന ഇവിടെ എക്സ്റേ എടുക്കാനുള്ള സൗകര്യം പോലുമില്ലാത്ത ഏക താലൂക്കാശുപത്രിയാണ്. ഐസിയു ,108 ആംബുലൻസ്,പേ വിഷ പ്രതിരോധ മരുന്ന്, ശസ്ത്രക്രിയക്കുള്ള സൗകര്യം എന്നിവയെല്ലാം അപ്രാപ്യമാണ്.മൂന്നാം നിലയിലെ ഡയാലിസിസ് സെന്ററിൽ എത്തണമെങ്കിൽ രോഗികൾ പടികൾ കയറേണ്ട ദുരിതത്തിലാണ്.

അഞ്ച് റെയിൽവേ ഗേറ്റുകൾ ഉളള മൈനാഗപ്പള്ളി പഞ്ചായത്തിലെ പ്രധാന പാതയിൽ മേൽപ്പാലം നിർമ്മിക്കാൻ അനുമതി ലഭിച്ചിട്ട് 15 വർഷം കഴിഞ്ഞെങ്കിലും നടപടി ഉണ്ടായിട്ടില്ല.തൊട്ടടുത്ത കരുനാഗപ്പള്ളിയിൽ റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണം അന്തിമഘട്ടത്തിൽ എത്തുമ്പോഴാണ് കുന്നത്തൂരിലെ ജനങ്ങൾ എംഎൽഎയുടെ കനിവിനായി കാത്തിരിക്കുന്നത്.കണ്ണങ്കാട് പാലം നിർമ്മാണം ജലരേഖയായി തുടരുന്നു.കൊന്നയിൽക്കടവ് പാലത്തിന് 2018 ൽ ശിലാസ്ഥാപനം നടത്തിയെങ്കിലും തുടർ നടപടികൾ അനന്തമായി നീളുകയാണ്.സീറോ ബാലൻസ് പഞ്ചായത്തായ മൺട്രോതുരുത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജുകൾ അനുവദിപ്പിക്കാനും തുരുത്തിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനും എംഎൽഎയ്ക്ക് കഴിഞ്ഞിട്ടില്ല.

മൺട്രോതുരുത്ത് – പടിഞ്ഞാറെ കല്ലട ടൂറിസം പദ്ധതിയുും വെളിച്ചം കണ്ടിട്ടില്ല.ശൂരനാട് വടക്ക് പാതിരിക്കൽ റഗുലേറ്റർ കം ബ്രിഡ്ജിനായി ബജറ്റിൽ പ്രഖ്യാപിച്ച 5 കോടി രൂപ നേടിയെടുക്കാൻ കഴിയാത്തത് കാർഷിക മേഖലയ്ക്ക് തിരിച്ചടി സൃഷ്ടിച്ചിരിക്കയാണ്.ഓരോ ബജറ്റിലും കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ കുന്നത്തൂരിനായി പ്രഖ്യാപിക്കാറുണ്ടെങ്കിലും
ഒന്നു പോലും ഇവിടേക്ക് എത്താറില്ല എന്നതാണ് യാഥാർത്ഥ്യം.ശാസ്താംകോട്ടയിലെ കെഎസ്ആർടിസി ഡിപ്പോ ഓർമയായി.കോടികൾ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടവും ഗ്യാരേജും തെരുവ്നായ്ക്കളുടെ കേന്ദ്രമായി മാറിയിരിക്കയാണ്. ഭരണിക്കാവിലെ ഗതാഗത കുരുക്കിന് പരിഹാരമെന്ന നിലയിൽ ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ബസ്സ് സ്റ്റാന്റ് പ്രവർത്തിപ്പിക്കാനായിട്ടില്ല.

സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ യു.ഐ.റ്റി,ഐടിഐ,ആർടി ഓഫീസുകൾ വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്.എംഎൽഎയുടെ കഴിവുകേട് മുതലാക്കി സിപിഎം – സിപിഐ നടത്തുന്ന തർക്കം മൂലം പൊതുവിതരണ സംഭരണ കേന്ദ്രം തുടങ്ങാൻ കഴിഞ്ഞിട്ടില്ല.ആനയടി – പള്ളിക്കൽ,പത്തനാപുരം – കാട്ടിൽക്കടവ് റോഡ് നവീകരണം പാതിവഴിയിൽ നിലച്ചു.വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച കൊട്ടാരക്കര – സിനിമാപറമ്പ് റോഡ് വികസനം അട്ടിമറിക്കപ്പെട്ടിട്ടും എംഎൽഎ നടപടി സ്വീകരിച്ചിട്ടില്ല.ശാസ്താംകോട്ട തടാകത്തെ സ്റ്റേഡിയം ആക്കുന്നതിനുള്ള പ്രവർത്തനമാണ് 21 വർഷമായി എംഎൽഎ നടത്തിവരുന്നതെന്നും കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.പത്രസമ്മേളനത്തിൽ പങ്കെടുത്തവർ.ആർവൈഎഫ് സംസാന പ്രസിഡന്റ് ഉല്ലാസ് കോവൂർ,ദീപ്തി ശ്രാവണം,ശ്യാം പള്ളിശേരിക്കൽ,ഷെഫീഖ് മൈനാഗപ്പള്ളി,സജിത്ത് ഉണ്ണിത്താൻ,മുൻഷീർ ബഷീർ എന്നിവർ പങ്കെടുത്തു.

Advertisement