അഞ്ചല്‍: ബസ്‌കാത്ത് റോഡുവക്കില്‍ നിന്ന വീട്ടമ്മയുടെ മാല കാറില്‍ എത്തി പൊട്ടിച്ചെടുത്ത് കടന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇടമുളയ്ക്കല്‍ വൃന്ദാവനം ജംഗ്ഷന് സമീപത്താണ് സംഭവം.
വാഹനം കാത്ത് നിന്ന വൃന്ദാവനംമുക്ക് നിഷാ ഭവനില്‍ അജിതകുമാരി എന്ന വീട്ടമ്മയുടെ രണ്ട് പവന്‍ തൂക്കം വരുന്ന മാലയാണ് കാറിലെത്തിയവര്‍ കവര്‍ന്നത്.
കാറിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ അരികിലേക്ക് ചേര്‍ത്ത് വാഹനം നിര്‍ത്തിയ ശേഷം ഒരാളിനെ അന്വേഷിച്ചു. ഇവര്‍ മറുപടി പറയുനതിനിടെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മ കാറിന്റെ ഡോറില്‍ പിടിച്ച് ബഹളമുണ്ടാക്കിയപ്പോള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം മോഷ്ടാവ് കാര്‍ ഓടിച്ച് പോകുകയായിരുന്നു.
അഞ്ചല്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സിഐ കെ.ജി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസെത്തി സി സി ക്യാമറകള്‍ ഉള്‍പെടെ പരിശോധിച്ചതിനെ തുടര്‍ന്ന് ഇടമുളയ്ക്കല്‍ ഒഴുകുപാറയ്ക്കല്‍ സ്വദേശി വിറ്റ കാറാണിതെന്ന് കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായി പോലീസ് അറിയിച്ചു.