ശാസ്താംകോട്ട : ആഞ്ഞിലിമൂട് സെന്റ് തോമസ് പള്ളി കുരിശടിയിൽ കാണിക്ക വഞ്ചി പൊളിച്ച് പണം കവർന്ന കേസ്സിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പത്തനംതിട്ട കൊടുമൺ സ്വദേശികളായ സുബിൻ(24),ജോജി (24) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച പുലർച്ചെ 1.30ഓടെയാണ് മോഷണം നടന്നത്.പിക്ക്അപ്പ് ഓട്ടോയിലെത്തിയ മോഷ്ടാക്കൾ കുരിശടിയോട് ചേർത്ത് വാഹനം നിർത്തിയിട്ട് ഇരുമ്പുവടി കൊണ്ട് വഞ്ചി പൊളിച് പണം കവരുകയായിരുന്നു.വാഹനത്തിൽ മീൻ പെട്ടികൾ അടുക്കി വച്ചിട്ടുണ്ടായിരുന്നതും മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നതും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കൊടുമണിലെ വീടുകളിൽ നിന്നും വെള്ളിയാഴ്ച രാത്രിയിൽ അറസ്റ്റ് ചെയ്തത്.
നീണ്ടകരയിൽ നിന്നും മത്സ്യം എടുക്കാനായി പോകവേ ആഞ്ഞിലിമൂട്ടിൽ വച്ച് സുബിനും ജോജിയും സഞ്ചരിച്ചിരുന്ന വാഹനത്തിലെ ഇന്ധനം തീർന്നു.തുടർന്ന് ഇന്ധനം നിറയ്ക്കാനാണ് വഞ്ചി കുത്തിപ്പൊളിച്ച് പണം കവർന്നതെന്നാണ് പ്രതികൾ പറയുന്നത്.ഇന്ധനം നിറച്ച ശേഷം ബാക്കി വന്ന തുക മദ്യപിക്കാനും ഭക്ഷണം കഴിക്കാനുമായി ഉപയോഗിച്ചു. ഇരുവരെയും ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ആഞ്ഞിലിമൂട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വിവിധ സ്റ്റേഷനുകളിൽ ഇരുവർക്കുമെതിരെ നിരവധി കേസ്സുകളുണ്ടെന്ന് പോലീസ് പറഞ്ഞു.