കൊല്ലം പ്രാദേശിക ജാലകം

Advertisement

ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ
പ്രതി 21 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

അഞ്ചല്‍: മോഷണക്കേസില്‍ പിടിക്കപ്പെടുകയും പിന്നീട് ജാമ്യം നേടി മുങ്ങിയ പ്രതി 21 വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസിന്റെ പിടിയിലായി. പത്തനംതിട്ട ചെന്നീര്‍ക്കര മാത്തൂര്‍ പുത്തേത്ത് സ്വാതി ഭവനില്‍ അനില്‍കുമാര്‍ (52) ആണ് പിടിയിലായത്. 2000 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അഞ്ചല്‍ തഴമേല്‍ നിലാഷ് ഭവനില്‍ അബ്ദുല്‍ റഷീദ് എന്നയാളുടെ വീട്ടില്‍ കവര്‍ച്ച നടത്തി അഞ്ചേകാല്‍ പവന്‍ സ്വര്‍ണ്ണം, നാല്പതിനായിരത്തി എഴുനൂറ് രൂപ, വിസിആര്‍, ടേപ്പ് റെക്കോര്‍ഡര്‍ അടക്കമുള്ളവ അപഹരിക്കുകയും ചെയ്തുവെന്നാണ് കേസ്.


കേസില്‍ മുഖ്യപ്രതികളും പത്തനംതിട്ട സ്വദേശികളുമായ മണിക്കുട്ടന്‍ എന്ന് വിളിക്കുന്ന ബ്രഹ്മാത്മന്‍, സന്തോഷ് എന്നുവിളിക്കപ്പെടുന്ന കൊച്ചുമോന്‍ എന്നിവരെയും ഇവര്‍ കവര്‍ച്ച ചെയ്യുന്ന സ്വര്‍ണ്ണം അടക്കം വാങ്ങി വില്‍പ്പന നടത്തുന്ന അനില്‍കുമാറിനേയും പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ അനില്‍ കുമാര്‍ പതിമൂന്നുവര്‍ഷം ദല്‍ഹിയില്‍ ഒളിവില്‍ പാര്‍ത്തു. പിന്നീട് നാട്ടിലെത്തി വിവിധ ഇടങ്ങളില്‍ കഴിഞ്ഞ ശേഷം ഇപ്പോള്‍ കൊച്ചിയിലെ കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ സെക്യുരിറ്റി വിഭാഗത്തില്‍ ജോലി ചെയ്തുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അഞ്ചല്‍ പോലീസ് കഴിഞ്ഞ ദിവസം രാത്രിയോടെ അവിടെയെത്തി പിടികൂടുകയായിരുന്നു.


പത്തനംത്തിട്ട, അടൂര്‍ മുതലായ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണ കേസ് നിലവിലുണ്ട്. ആദ്യ ഭാര്യ തീകൊളുത്തി മരിച്ച കേസിലും ഇയാള്‍ പ്രതിയാണ്. അഞ്ചല്‍ സിഐ കെ.ജി ഗോപകുമാര്‍, എസ്‌ഐ സി.എം. പ്രജീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ്കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ സെബിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കാണിക്ക വഞ്ചി പൊളിച്ച് മോഷണം
പ്രതികള്‍ പിടിയില്‍

ശാസ്താംകോട്ട: ആഞ്ഞിലിമൂട് സെന്റ് തോമസ് പള്ളി കുരിശടിക്ക് മുന്നിലെ കാണിക്ക വഞ്ചി പൊളിച്ച് പണം കവര്‍ന്ന സംഭവത്തില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. പത്തനംതിട്ട, കൊടുമണ്‍ ശ്രീലങ്ക സംക്രാന്തി മുറിപ്പേല്‍ വീട്ടില്‍ സുബിന്‍(24), ആയിക്കാട്ട് കൊടുവിളയില്‍ ജോജി (24) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 1.30ഓടെയാണ് മോഷണം നടന്നത്. പിക്ക്അപ്പ് വാനിലെത്തിയ മോഷ്ടാക്കള്‍ കുരിശടിയോട് ചേര്‍ത്ത് വാഹനം നിര്‍ത്തിയിട്ട് ഇരുമ്പുവടി കൊണ്ട് വഞ്ചി പൊളിച്ച് പണം കവരുകയായിരുന്നു. 30000 രൂപയോളം വഞ്ചിയില്‍ ഉണ്ടായിരുന്നു. വാഹനത്തില്‍ മീന്‍ പെട്ടികള്‍ അടുക്കി വച്ച് മറയുണ്ടാക്കി ശ്രദ്ധ തിരിച്ചായിരുന്നു കവര്‍ച്ച. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അയല്‍ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് മോഷണ സംഘം ആഞ്ഞിലിമൂട്ടിലെ പെട്രോള്‍ പമ്പിലെത്തി ഇന്ധനം നിറക്കുന്നതിന്റെ ദൃശ്യവും പോലീസിന് ലഭിച്ചു.


ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കൊടുമണിലെ വീടുകളില്‍ നിന്നും വെള്ളിയാഴ്ച രാത്രിയില്‍ തന്നെ അറസ്റ്റ് ചെയ്തത്. നീണ്ടകരയില്‍ നിന്നും മത്സ്യം എടുക്കാനായി പോകവേ ആഞ്ഞിലിമൂട്ടില്‍ വച്ച് സുബിനും ജോജിയും സഞ്ചരിച്ചിരുന്ന വാഹനത്തിലെ ഇന്ധനം തീര്‍ന്നു. തുടര്‍ന്ന് ഇന്ധനം നിറയ്ക്കാനാണ് വഞ്ചി കുത്തിപ്പൊളിച്ച് പണം കവര്‍ന്നതെന്നാണ് പ്രതികള്‍ പറയുന്നത്. ഇന്ധനം നിറച്ച ശേഷം ബാക്കി വന്ന തുക മദ്യപിക്കാനും ഭക്ഷണം കഴിക്കാനുമായി ഉപയോഗിച്ചു. ഇരുവരെയും ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ആഞ്ഞിലിമൂട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വിവിധ സ്റ്റേഷനുകളില്‍ ഇരുവര്‍ക്കുമെതിരെ നിരവധി കേസ്സുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

സത്യചിത്ര ഗ്രന്ഥശാലയുടെ
മികവ് 2022

കുന്നത്തൂര്‍: പോരുവഴി സത്യചിത്ര ഗ്രാമീണ ഗ്രന്ഥശാല ആന്റ് റെസിഡന്‍സ് അസോസിയേഷന്‍ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു മെറിറ്റ് അവാര്‍ഡ് വിതരണവും പ്രതിഭകള്‍ക്ക് ആദരവും നാളെ രാവിലെ 10ന് നടക്കും. മികവ് 2022 എന്ന പേരില്‍ നടക്കുന്ന പരിപാടി കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് ആര്‍. വാമദേവന്‍ നായര്‍ അധ്യക്ഷത വഹിക്കും.

ശ്രീരാമ സംഗീതസാഗരം 2022
മൈനാഗപ്പള്ളി.വെട്ടിക്കാട്ട് മഹാദേവക്ഷേത്രത്തിലെ ശ്രീരാമ സംഗീതസാഗരം 2022 പതിനഞ്ചാം ദിനമായ ഞായറാഴ്ച 31/07/2022 5.30ന് മാധവ് ദേവ് പാടുന്നു.

കുമാരി മീനാക്ഷി ദേവ് -വയലിൻ,
ശ്രീ വൈഷ്ണവ് ദേവ്-മൃദംഗം.ഏവർക്കും സ്വാഗതം.

കാരുണ്യാ ലോട്ടറിയുടെ എണ്‍പതുലക്ഷം തോപ്പില്‍മുക്കില്‍

ശാസ്താംകോട്ട. കാരുണ്യാ ലോട്ടറിയുടെ എണ്‍പതുലക്ഷം തോപ്പില്‍മുക്കില്‍. ലോട്ടറി വില്‍പ്പനക്കാരനായ കോവൂര്‍ പാലവിള ശശിധരന്‍പിള്ള(പൊടിയന്‍പിള്ള)മറ്റൊരു ഏജന്റായ കാരാളിമുക്കിലെ ലതയുടെ പക്കല്‍നിന്നും എടുത്ത കെബി 899709 എന്ന നമ്പരിനാണ് ഇത്തവണ ഒന്നാം സമ്മാനം.


സ്വന്തം ടിക്കറ്റ് വിറ്റു തീര്‍ന്നപ്പോളാണ് സ്വന്തമായൊരു ടിക്കറ്റ് ലതയുടെ കയ്യില്‍നിന്നും വാങ്ങിയത്. ശാരീരികമായ അസുഖസ്ഥിതി മൂലമാണ് ശശിധരന്‍പിള്ള ലോട്ടറി വില്‍പ്പനയിലേക്ക് തിരിഞ്ഞത്.
വസന്തകുമാരിയാണ് ഭാര്യ. മക്കള്‍.ശരത്,ശരണ്യ

ഇൻഡ്യയുടെ മതേ തരത്വവും ബഹുസ്വരതയും തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി പി.ജർമ്മിയാസ്

ശാസ്താംകോട്ട: ഇൻഡ്യയിൽ മതേ തരത്വവും ബഹുസ്വരതയും തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി പി.ജർമ്മിയാ സ് അഭിപ്രായപ്പെട്ടു. കോൺഗ്രസ്സ് ഭരണത്തിൽ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിച്ച മതേ ധരത്വവും ബഹുസ്വരതയുമാണ് അവർ തകർത്തതെന്നും കോൺഗ്രസ്സ് എന്ത് വില കൊടുത്തും അത് പുന:സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്സ് മൈനാഗപ്പള്ളി കിഴക്ക് എട്ടാം വാർഡ് സമ്മേളനവും പ്രതിഭാസംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പി.ജർമ്മിയാസ് . ബൂത്ത് പ്രസിഡന്റ് എ.അബ്ദുൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വൈ. ഷാജഹാൻ പ്രഭാഷണം നടത്തി. തുണ്ടിൽ നൗഷാദ്, പി.എം. സെയ്ദ് , തോമസ് വൈദ്യൻ, വിദ്യാരംഭം ജയകുമാർ , എസ്.രഘുകുമാർ ,കൊയ് വേലിൽ മുരളി, എം.എ. സമീർ, മുളവൂർ സതീശ്, വൈ.സാജിദ ബീഗം, ചിത്രലേഖ, രാജ ലേഖ, ഐ.ഷാനവാസ്, ഷിജ്ന നൗഫൽ തുടങ്ങിയവർ പ്രസംഗിച്ചു.

ആഴക്കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ ജീവിതത്തിലേക്ക് പിടിച്ച് കയറ്റി തീരദേശ പൊലീസ്

കൊല്ലം: ആഴക്കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ ജീവിതത്തിലേക്ക് പിടിച്ച് കയറ്റി തീരദേശ പൊലീസ്. കൊല്ലം കോവില്‍ത്തോട്ടം ലൈറ്റ് ഹൗസിന് 13 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് അറബിക്കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കാണ് ഇവര്‍ രക്ഷകരായത്.

കൊല്ലം തുറമുഖത്ത് നിന്ന് കഴിഞ്ഞ ദിവസം മീന്‍ പിടിക്കാന്‍ പോയ ദൈവദാനം വള്ളത്തിലെ പള്ളിത്തോട്ടം സ്വദേശി ചാള്‍സ് മത്യാസ്, ജയിംസ് വിന്‍സെന്റ്, ബെനഡിക്ട്, ബെന്‍സിഗര്‍ ജോയി എന്നിവരെയാണ് പൊലീസ് നടുക്കടലില്‍ നിന്ന് രക്ഷിച്ചത്. ബെന്‍സിഗര്‍ ജോയിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മീന്‍പിടിക്കുന്നതിനിടെ കടല്‍ക്ഷോഭത്തില്‍ പെട്ട് ഇവരുടെ വള്ളം മറിയുകയായിരുന്നു. വള്ളത്തില്‍ നിന്ന് തെറിച്ച് പോയ ഇവര്‍ കരയിലേക്ക് സഹായം ആവശ്യപ്പെട്ട് സന്ദേശം അയക്കുകയായിരുന്നു. നീണ്ടകരയില്‍ പട്രോളിംഗ് നടത്തിയിരുന്ന ദര്‍ശന എന്ന ഇന്റര്‍സെപ്റ്റര്‍ ബോട്ട് സഹായ സന്ദേശം ലഭിച്ചയുടന്‍ സംഭവസ്ഥലത്തേക്ക് കുതിച്ചു. 25 കിലോമീറ്ററോളം അകലെ കടലില്‍ ഇവരെ കണ്ടെത്തിയെങ്കിലും വള്ളവും വലയും ഉപേക്ഷിച്ച് മടങ്ങാന്‍ ഇവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് മറൈന്‍ പൊലീസിന്റെ സഹായത്തോടെ തൊഴിലാളികളെയും വള്ളവും വലയും കരയ്‌ക്കെത്തിച്ചു.

സിവില്‍ പൊലീസ് ഓഫീസര്‍ സുജി്ത്ത് ജി, ബോട്ട് ജീവനക്കാരായ ജോസഫ്, ശ്രീകുമാര്‍, കോസ്റ്റല്‍ പൊലീസ് എസ്‌ഐ ശ്യാംകുമാര്‍ കെ ജി, എഎസ്‌ഐ ദിലീപ്കുമാര്‍, മറൈന് എഎസ്‌ഐ ഹരിലാല്‍, ലൈഫ് ഗാര്‍ഡ് തോമസ് റോയ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.

യൂത്ത്‌കോണ്‍ഗ്രസ് പടിഞ്ഞാറേകല്ലട മണ്ഡലം നേതൃത്വക്യാംപ്

പടിഞ്ഞാറേകല്ലട. യൂത്ത്‌കോണ്‍ഗ്രസ് പടിഞ്ഞാറേകല്ലട മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന നേതൃത്വക്യാംപ് 31ന് രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെ തുരുത്തിയില്‍ഓഡിറ്റോറിയത്തില്‍ നടക്കും.പി രാജേന്ദ്രപ്രസാദ്, എസ് ശബരീനാഥ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് 4.30ന് പടിഞ്ഞാറേകല്ലടയില്‍ നടക്കുന്ന സമ്മേളനത്തില്‍ വിടി ബലറാം പ്രസംഗിക്കും

Advertisement