കരുനാഗപ്പള്ളിരേഖകൾ -11
ഡോ.സുരേഷ്മാധവ്
തൃക്കുന്നപ്പുഴ കേന്ദ്രീകരിച്ചായിരുന്നു ശ്രീമൂലവാസം എന്ന് തിരുവിതാംകൂർ പുരാവസ്തുവകുപ്പ് മേധാവിയായിരുന്ന ടി. എ ഗോപിനാഥറാവു രേഖപ്പെടുത്തി. തിരുമുല്ലാവാരവും തൃക്കടവൂരും തൃക്കരുവയും പോലെ പിൽക്കാലത്ത് ചാർത്തപ്പെട്ടതാകാം “തിരു “എന്ന വിശേഷണം. ‘കേരള പ്പഴമ’യിൽ പറയുന്ന കുന്നാറ്റിൽ (കന്നേറ്റി )കുറച്ചുകൂടി വടക്കോട്ട് ചെല്ലുമ്പോൾ കുന്നപ്പുഴ ആയി ഭാഷാന്തരം പ്രാപിക്കുന്നതും ശ്രദ്ധിക്കണം. ഗാന്ധാരത്തിൽനിന്ന് എം. ഫൗച്ചർ കണ്ടെടുത്ത ബുദ്ധവിഗ്രഹത്തിലുള്ള “ദക്ഷിണാപഥെ മൂലാവാസ ലോകനാഥ”എന്ന ലിഖിതം, ഇന്ത്യയിലെമ്പാടും ശ്രീമൂലവാസം പ്രസിദ്ധമായിരുന്നു എന്ന് സൂചന നൽകുന്നു.
വിക്രമാദിത്യ വരഗുണൻ (AD 885-925)എന്ന ആയ് രാജാവ് ശ്രീമൂലവാസം ബുദ്ധവിഹാരത്തിനു വലിയ അളവിൽ ഭൂമീദാനം ചെയ്യുന്നതായി പാലിയം ശാസനത്തിൽ കാണാം. ശ്രീമൂലവാസത്തെ സമൂഹം വജ്രപാണിയായ ബുദ്ധനെ ആരാധിച്ചു.കയ്യിൽ വജ്രവളയുള്ള ബുദ്ധവിഗ്രഹം അടുത്തകാലത്തും കരുനാഗപ്പള്ളിയുടെ ഹൃദയഭാഗത്തു നിന്ന് കണ്ടെടുത്തു. മരുതൂർകുളങ്ങര പള്ളിക്കൽ കുളത്തിനരുകിൽ ഉണ്ടായിരുന്ന വിഗ്രഹം ആറാം നൂറ്റാണ്ടിലേതാണ്. മരുതൂർകുളങ്ങര തെക്കേമുറിയിൽ നെടുനാഗപ്പള്ളിയും പള്ളിക്കൽമുറിയിൽ പള്ളിക്കൽവീടും തിരുവിതാംകൂർ സെറ്റിൽ മെന്റ് രജിസ്റ്ററിൽ (1897-1907)രേഖപ്പെടുത്തിയിരിക്കുന്നു.
വ്യാപാരസംബന്ധമായ പ്രാധാന്യം കൊണ്ട് കരുനാഗപ്പള്ളി എന്ന പേര് ദേശനാമമായി വികസിച്ചപ്പോൾ നെടുനാഗപ്പള്ളി ഒരു വീടുപേരായി നിലകൊണ്ടു. “പള്ളിക്കൽപുത്രൻ “എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിഗ്രഹം,1970കളിൽ അച്ചുതമേനോൻ സർക്കാരിന്റെ ഭരണകാലത്ത്, പള്ളിക്കൽകുളത്തിന്റെ കരയിൽനിന്ന് മാറ്റി, പടനായർകുളങ്ങരക്ഷേത്രത്തിന്റെ പടിഞ്ഞാറെമതിലിനോട് ചേർത്ത് മെയിൻറോഡിനരുകിൽ സ്ഥാപിച്ചു. കരുനാഗപ്പള്ളി തഹസിൽദാർ ആയിരുന്ന രാമസ്വാമി അയ്യരുടെ ഉത്സാഹത്തിലാണ് ആ സ്ഥാപനകർമം നടന്നതെങ്കിലും, അതിനുവേണ്ടിവന്ന ചെലവ് തഹസിൽദാരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കുകയും ചെയ്തു.
ബുദ്ധപ്രതിമ സ്ഥാപിച്ചതിനു പടിഞ്ഞാറുഭാഗത്ത് കരുനാഗപ്പൻക്ഷേത്രം ഉണ്ടായിരുന്നതായി ഏ. പി. കളയ്ക്കാട്, എം. ജി ശശിഭൂഷൺ എന്നിവർ എഴുതിയിട്ടുണ്ട്. ബുദ്ധമതത്തിനുമുമ്പ് കരിനാഗങ്ങളിലും നെടുനാഗങ്ങളിലും പിണഞ്ഞുകിടന്ന ശൈവവിശ്വാസത്തിന്റെ തിരിച്ചുവരവ് ബ്രാഹ്മണാധിപത്യതിലൂടെയാകാം സംഭവിച്ചത്. ബുദ്ധവിഹാരങ്ങളെ ശൈവക്ഷേത്രങ്ങളാക്കിയത് ശൈവബ്രാഹ്മണരാണെന്ന് കൽഹണന്റെ “രാജതരംഗിണി”യിൽ പറയുന്നുണ്ടല്ലോ. കല്ലട വഴി കന്നെറ്റിയിലേക്കെത്തിയ പാണ്ട്യൻമാരുടെ ചരിത്രവും കരുനാഗപ്പള്ളിയിലെ ശൈവസ്വാധീനം ശരിവെക്കുന്നുണ്ട്