കൊല്ലം പ്രാദേശിക ജാലകം

Advertisement

മദ്യപാനം വിലക്കിയതിലുള്ള വിരോധം: യുവതിയെ
ആക്രമിച്ച് മാനഹാനി വരുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

പാരിപ്പള്ളി. സ്ഥിരമായി കടയില്‍ മദ്യപിച്ച് വരുന്നത് വിലക്കിയതിലുള്ള വിരോധം
നിമിത്തം യുവതിയെ ആക്രമിച്ച് മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച പ്രതി പാരിപ്പള്ളി
പോലീസ് പിടിയില്‍ ആയി. കല്ലുവാതുക്കല്‍ വട്ടക്കുഴിക്കല്‍ ജോസ് വില്ലയില്‍
ജോസ് (38) ആണ് പോലീസ് പിടിയില്‍ ആയത്.


യുവതി നടത്തിവരുന്ന ഹോട്ടലില്‍ സ്ഥിരമായി മദ്യപിച്ച് എത്തി
ബഹളമുണ്ടാക്കുന്നതിനാല്‍ പ്രതിയെ കടയുടമയായ യുവതിയുടെ ഭര്‍ത്താവ്
വിലക്കിയിരുന്നു. ഈ വിരോധത്താല്‍ പ്രതി 30.07.2022 വൈകിട്ട് 05.30 മണിയോടെ
കടയില്‍ അതിക്രമിച്ച് കയറി അസഭ്യം വിളിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു.
ആക്രമണം തടയാന്‍ ശ്രമിച്ചെങ്കിലും പ്രതി ബലപ്രയോഗത്തിലുടെ ശാരീരികമായി
ഉപദ്രവിക്കുകയും വസ്ത്രം വലിച്ച് കീറി മാനഹാനിപ്പെടുത്താന്‍ ശ്രമിക്കുകയും
ചെയ്യ്തു. സംഭവ ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കെതിരെ യുവതി നല്‍കിയ
പരാതിയില്‍ പാരിപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ
അന്വേഷണത്തിലാണ് പ്രതി ആയ ജോസ് പിടിയില്‍ ആയത്.
പാരിപ്പള്ളി പോലീസ ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അല്‍ജബ്ബാര്‍ എ യുടെ
നേതൃത്വത്തില്‍ എസ ്.ഐ മാരായ സുരേഷ ് കുമാര്‍, രാമചന്ദ്രന്‍, എസ ്.സി.പി.ഒ
ശ്രീകുമാര്‍, ഷാജി, സിപിഓ സജി, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ്
പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അംഗന്‍ വാടികളിൽ “പോഷക ബാല്യം ” പദ്ധതി നടപ്പിലാക്കി
ശാസ്താംകോട്ട: അംഗന വാടി കുട്ടികൾക്ക് കരുത്ത് ഉറപ്പാക്കാൻ ശിശു വികസന വകുപ്പും പഞ്ചായത്തും സംയുക്തമായി ആഴ്ചയിൽ രണ്ട് ദിവസംമുട്ടയും പാലും നൽകുന്ന ” പോഷക ബാല്യം ” പദ്ധതിയുടെ മൈനാഗപ്പള്ളി പഞ്ചായത്ത് തല ഉദ്ഘാടനം പബ്ലിക്ക് മാർക്കറ്റ് അങ്കനവാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വൈ. ഷാജഹാൻ നിർവ്വഹിച്ചു.

പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഷാജി ചിറക്കുമേൽ അദ്ധ്യക്ഷത വഹിച്ചു. ഷിജ് നനൗഫൽ, റാഫിയ നവാസ്, ശാന്തകുമാരിയമ്മ, ചിത്രലേഖ, രാജ ലേഖ, ഗീത തുടങ്ങിയവർ പ്രസംഗിച്ചു.

കൊല്ലം ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും
നിരവധി ഇരുചക്ര വാഹനങ്ങള്‍ മോഷണം നടത്തിയ നാലു പേരെ കരുനാഗപ്പള്ളി
പോലീസ് പിടികൂടി

കരുനാഗപ്പള്ളി. കൊല്ലം ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും
നിരവധി ഇരുചക്ര വാഹനങ്ങള്‍ മോഷണം നടത്തിയ നാലു പേരെ കരുനാഗപ്പള്ളി
പോലീസ് പിടികൂടി. കൊല്ലം വെസ്റ്റ് തൃക്കടവൂര്‍ കുരീപ്പുഴ വിളയില്‍ കിഴക്കതില്‍
ജിത്തു എന്ന് വിളിക്കുന്ന സിജ്ജു (19), കൊല്ലം വെസ്റ്റ് തൃക്കടവൂര്‍ കുരീപ്പുഴ ജിജി
ഭവനത്തില്‍ ആദര്‍ശ് (19), പ്രായ പൂര്‍ത്തിയാകാത്ത മറ്റ് രണ്ട് പേരെയുമാണ്
പോലീസ് പിടികൂടിയത്. കൊല്ലം സിറ്റി പരിധിയില്‍ നിന്ന് മാത്രം ഇരുപതിലധികം
ഇരുചക്ര വാഹനങ്ങള്‍ ഇവര്‍ മോഷ്ടിച്ചെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്.

ന്യുജന്‍
ഇനത്തില്‍പ്പെട്ട ആഢംബര ബൈക്കുകള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ
ഉപയോഗിച്ചാണ് മോഷണം നടത്തി വന്നത്. വളരെ വിദഗ്ദ്ധമായി
മോഷ്ടിച്ചെടുക്കുന്ന ബൈക്കുകളും സ്‌കൂട്ടറുകളും കുറച്ചു നാള്‍ ഉപയോഗിച്ച
ശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളിലെത്തിച്ച് പൊളിച്ച് അഞ്ചാലുമൂട് ഭാഗത്തുള്ള
ആക്രിക്കടയില്‍ വില്‍ക്കുന്നതായിരുന്നു ഇവരുടെ രീതി. രണ്ടാഴ്ച മുന്‍പ്
കരുനാഗപ്പള്ളി ശ്രീധരീയം ഓഡിറ്റോറിയത്തിന് സമീപത്തുള്ള വീട്ടില്‍ പോര്‍ച്ചില്‍
സൂക്ഷിച്ചിരുന്ന ബൈക്ക് മതില്‍ ചാടിക്കടന്ന ശേഷം പൂട്ടു പൊട്ടിച്ച് മോഷണം
ചെയ്‌തെടുത്ത സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ
അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കരുനാഗപ്പള്ളിയിലും
പരിസരപ്രദേശങ്ങളിലും നൂറിലധികം സി.സി.ടി.വി കള്‍ പരിശോധിച്ചതിനെ
തുടര്‍ന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.
അന്വേഷണത്തില്‍ പ്രതികള്‍ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍
നിന്നും ജില്ലയില്‍ പലയിടങ്ങളില്‍ നിന്നും ബൈക്കുകള്‍ മോഷണം
ചെയ്തുകൊണ്ടു പോയതായി അറിവായിട്ടുണ്ട ്. കായംകുളം താലൂക്ക ്
ആശുപത്രിക്ക് സമീപത്ത് നിന്നും ഒരാഴ്ച്ചമുന്‍പ് കാണാതായ പള്‍സര്‍ ബൈക്കും
ഇവരില്‍ നിന്നും പോലീസ ് കണ്ടെത്തിയിട്ടുണ്ട്.

കൊല്ലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കൊല്ലം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കൊല്ലത്തെയും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. ജില്ലയില്‍ മഴയും അതിനോടനുബന്ധിച്ച് കാലവര്‍ഷക്കെടുതിയും തുടരാന്‍ സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.


ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന സര്‍വ്വകലാശാല, ബോര്‍ഡ് പരീക്ഷകളില്‍ മാറ്റമില്ല. അവധിമൂലം നഷ്ടമാകുന്ന പഠനസമയം ക്രമീകരിക്കുന്നതിനും ബന്ധപ്പെട്ട വിദ്യാഭ്യാസ അധികൃതര്‍ നടപടിയെടുക്കണമെന്നും കളക്ടര്‍ അറിയിച്ചു.

പോരുവഴിയിൽ ഗുരുതരമായി പൊള്ളലേറ്റ 38 കാരനെ രക്ഷിക്കുന്നതിനിടയിൽ നാട്ടുകാരെ തള്ളി മാറ്റി കിണറ്റിൽ ചാടി;ആഴമേറിയ കിണറ്റിൽ നിന്നും
ശാസ്താംകോട്ട ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി

ശാസ്താംനട:പോരുവഴിയിൽ വീടിനുള്ളിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ 38 കാരനെ രക്ഷിക്കുന്നതിനിടയിൽ നാട്ടുകാരെ തള്ളി മാറ്റി കിണറ്റിൽ ചാടി മുപ്പതടി താഴ്ചയുള്ള കിണറ്റിൽ വീണ യുവാവിനെ ശാസ്താംകോട്ട ഫയർഫോഴ്സ് സാഹസികമായാണ് രക്ഷപ്പെടുത്തിയത്.അമ്പലത്തുംഭാഗംഗോപ വിലാസത്തിൽ,ദിനേശ്(38) നെയാണ് രക്ഷപ്പെടുത്തിയത്.ഇന്ന് (തിങ്കൾ) രാവിലെ 9.30 ഓടെ വീടിനുള്ളളിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ദിനേശിനെ കണ്ട നാട്ടുകാർ രക്ഷപ്പെടുത്തുന്നതിനിടയിൽ
വീട്ടുപുരയിടത്തിലെ ആഴമേറിയ കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു.കിണറ്റിൽ നിന്നും നാട്ടുകാർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി.ഉടൻ തന്നെ നാട്ടുകാർ ശാസ്താംകോട്ട ഫയർഫോഴ്സിൽ അറിയിച്ചു.സ്ഥലത്തെത്തിയ ഫയർഫോഴ്സ് റോപ്പിന്റെയും റെസ്ക്യൂ നെറ്റിന്റെയും സഹായത്താൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സണ്ണി കിണറ്റിൽ ഇറങ്ങി പ്രതികൂല കാലാവസ്ഥയിൽ സാഹസികമായി ദിനേശിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു.ഇയ്യാളെ പിന്നീട് താലൂക്കാശുപത്രിയിലേക്ക് മാറ്റി.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം . ഗ്രേഡ് എ.എസ്.റ്റി. ഒ.ജോസ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമരായ ഷിനു,രതീഷ്,രാജേഷ്,വിജേഷ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ ജയപ്രകാശ്,ഹരിപ്രസാദ്,ഹോം ഗാർഡ് പ്രദീപ്,പ്രതീഷ്,സുന്ദരൻ എന്നിവർ പങ്കെടുത്തു.

ഗൃഹനാഥനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു

കുളത്തൂപ്പുഴ: ഗൃഹനാഥനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കള്‍ കരിക്കം നിവാസികളായ വയലിറക്കത്ത് വീട്ടില്‍ രാജീവ് (38), ചിറത്തലക്കല്‍ വീട്ടില്‍ ഗിരീഷ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിങ്കള്‍കരിക്കം സ്വദേശി സജിയെ ആണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. രാജീവിന്റെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സജിയും ഭാര്യയും ആണെന്നുള്ള തെറ്റിദ്ധാരണമൂലമുള്ള വിരോധത്താലാണ് സജിയെ പ്രതികള്‍ ആക്രമിച്ചത്. വീടിന്റെ അടുക്കള വശത്ത് വിറക് മുറിച്ചുകൊണ്ടിരുന്ന സജിയെ രാജീവ് കൊടുവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഈ സമയം രണ്ടാം പ്രതിയായ ഗിരീഷ് സജിയുടെ മുതുകത്ത് ഇടിക്കുകയും ചവിട്ടുകയും ചെയ്തു. കുളത്തൂപ്പുഴ ഐഎസ്എച്ച്ഒ ഗിരീഷ്, എസ്‌ഐ ഷാനവാസ്, എഎസ്‌ഐ വിനോദ്കുമാര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അനധികൃത പ്ലാസ്റ്റിക് കമ്പനിക്കെതിരെ ശൂരനാട് വടക്ക് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഫാക്ടറിക്കു മുന്നിൽ സായാഹ്ന ധർണ

ശൂരനാട് വടക്ക് അഴകിയകാവ് എൽ. പി. എസ് ന് സമീപം സ്ഥാപിച്ചിട്ടുള്ള അനധികൃത പ്ലാസ്റ്റിക് കമ്പനിക്കെതിരെ ശൂരനാട് വടക്ക് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഫാക്ടറിക്കു മുന്നിൽ സായാഹ്ന ധർണ നടന്നു. ധർണ അഡ്വ. കെ പ്രകാശ് ബാബു എക്സ്. എം എൽ ഏ ഉത്ഘാടനം ചെയ്തു.

ചെയർമാൻ ആർ. നളിനാക്ഷൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി. ഈ. വിജയലക്ഷ്‌മി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ആർ. സുന്ദരേശൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ എസ്. സൗമ്യ, ശ്രീലക്ഷ്മി, മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കളീക്കത്തറ രാധാകൃഷ്ണ പിള്ള, സോമരാജൻ പിള്ള, സി മോഹനൻ, കെ.രാജേഷ് കുമാർ, മധു തുടങ്ങിയവർ സംസാരിച്ചു. ധർണക്ക് മുന്നോടിയായി പ്രകടനവും നടന്നു