പുലിയല്ല…. ആട്ടിന്‍ കുട്ടിയെ കൊന്നു തിന്നത് തെരുവ് നായ്ക്കള്‍

Advertisement

ഓയൂര്‍: ഓയൂര്‍ കല്ലിടുക്കില്‍ തെരുവ് നായ്ക്കൂട്ടം ആട്ടിന്‍ കുട്ടിയെ കൊന്ന് തിന്നു. കഴിഞ്ഞ ദിവസം രാത്രി മൂന്ന് മണിയോടെയാണ് സംഭവം. പൂയപ്പള്ളി പഞ്ചായത്തിലെ കല്ലിടുക്കില്‍ കല്ലുവിള വീട്ടില്‍ പ്രഹ്‌ളാദന്റെ ആറ് മാസം പ്രായമുള്ള ആട്ടിന്‍ കുട്ടിയെയാണ് തെരുവ് നായ്ക്കൂട്ടം കൊന്ന് തിന്നത്. ഇന്ന് രാവിലെ വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോഴാണ് ചത്ത ആട്ടിന്‍ കുട്ടിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൂയപ്പള്ളി എസ്‌ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും, ആട്ടിന്‍ കൂടിന് സമീപം നടത്തിയ പരിശോധനയില്‍ ഒന്നിലധികം നായകളുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. ഇതോടെ നായ്ക്കൂട്ടമാണ് ആട്ടിന്‍ കുട്ടിയെ കൊന്നതെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് പൂയപ്പള്ളി ഓട്ടുമലയിലെ മെറ്റല്‍ ക്രഷര്‍ യൂണിറ്റിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ കാട്ടുപൂച്ചയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇത് പുലിയാണെന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്ന വാര്‍ത്ത ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. ഇന്നലെയും അജ്ഞാത ജീവികള്‍ ആടിനെ കടിച്ചു കൊന്നുവെന്നും ഇത് ഓട്ടുമലയില്‍ കണ്ട പുലി തന്നെയാണ് എന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ആട്ടിന്‍ കുട്ടിയെ കൊന്ന് തിന്നത് നായ്ക്കളാണെന്നും പുലിയോ മറ്റ് വന്യമൃഗങ്ങളോ അല്ലെന്നും ജനങ്ങളെ ഭീതിയിലാഴ്തുന്ന രീതിയ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.