കടം വാങ്ങിയ 200 രൂപ തിരിച്ചു നൽകാത്തതിന് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം
കടയ്ക്കൽ. കടം വാങ്ങിയ 200 രൂപ തിരിച്ചു നൽകാത്തതിന് യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമം. കടക്കൽ മണലുവട്ടം സ്വദേശിയായ റിയാസിനാണ് ഗുരുതരമായി പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷ ഡ്രൈവറായ തുടയന്നൂർ സ്വദേശി സദാശിവൻ അറസ്റ്റിൽ.
മണലുവട്ടത്താണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ സദാശിവന്റെ ബന്ധുവായ മിനിയിൽ നിന്ന് റിയാസ് 200 രൂപ കടം വാങ്ങിയിരുന്നു. മിനി ഈ പണം തിരികെ ചോദിച്ചു. എന്നാൽ പണം തിരികെ നൽകാൻ തയ്യാറാവാത്തതിനെ തുടർന്ന് മിനി തടി കഷ്ണം കൊണ്ട് റിയാസിന്റെ തലക്കടിച്ചു. അടികൊണ്ട് നിലത്തുവീണ റിയാസിനെ ഓട്ടോറിക്ഷയിൽ എത്തിയ സദാശിവൻ കത്തിയെടുത്ത് നെഞ്ചിൽ കുത്തി. റിയാസിന്റെ നിലവിളി കേട്ട് പ്രദേശവാസികൾ ഓടിയെത്തിയപ്പോഴേക്കും രണ്ടുപേരും ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു. റിയാസിനെ കടക്കൽ താലൂക്ക് ആശുപത്രിയിലും , തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവ ശേഷം ഒളിവിൽ പോയ തുടയന്നൂർ സ്വദേശിയായ സദാശിവൻ പിള്ളയെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ മിനി ഒളിവിലാണ്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയെ ഒന്നിപ്പിച്ചത് കോൺഗ്രസാണ് : വി ടി ബൽറാം
പടിഞ്ഞാറേകല്ലട.കോൺഗ്രസ്സ് നശിച്ചാൽ നശിക്കുന്നത് നമ്മുടെ രാജ്യമാണ്. സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ കോൺഗ്രസ്സിന് പിന്തുണ നൽകി കോൺഗ്രസിനൊപ്പം നിൽക്കേണ്ടത് യുവജനങ്ങളുടെ ബാധ്യതയാണ്. ഈ ബാധ്യത യൂത്ത് കോൺഗ്രസ് ഏറ്റെടുക്കണം. പ്രതിഭകൾ അവാർഡ് ഏറ്റുവാങ്ങുമ്പോൾ അവരുടെ അറിവും കഴിവും രാജ്യത്തിൻ്റെ ദേശീയതയെയും മതേതരത്വത്തെയും സംരക്ഷിക്കുന്നതിന് മുതൽക്കൂട്ടാകണം എന്നും അദ്ദേഹം കൂട്ടി ചേർത്തു.
കാരാളിമുക്കിൽ നടന്ന യൂത്ത് കോൺഗ്രസ്സിൻ്റെ ഏകദിന ക്യാമ്പിൻ്റെയും പ്രതിഭസംഗമത്തിൻ്റെയും സമാപന സമ്മേളനം ഉദ്ഘാനം ചെയ്തു സംസാരക്കുകയായിരുന്നു അദ്ദേഹം.
തുരുത്തിയിൽ ആഡിറ്റോറിയത്തിൽ വച്ച് നടന്ന ഏകദിനക്യാമ്പ് ഡിസിസി പ്രസിഡൻറ് ശ്രീ. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
ശബരിനാഥ് Ex.എംഎൽഎ, രാഹുൽ മാംകൂട്ടത്തിൽ , എബി പാപ്പച്ചൻ, കാർത്തിക് ശശി തുടങ്ങിയവർ
ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
കാരുവള്ളിൽ ശശി, വൈ ഷാജഹാൻ, തുണ്ടിൽ നൗഷാദ്,കല്ലട ഗിരീഷ്
തൃദീപ് കുമാർ, ദിനേശ് ബാബു,ശൂരനാട് അനുതാജ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അരുൺ രാജ്, ജില്ലാ ഭാരവാഹികൾ
ലോജു ലോറൻസ്,ഷാഫി ചെമ്മാത്ത്, ബ്ലോക്ക് പ്രസിഡൻ്റ് നിധിൻ കുമാർ,സുരേഷ് ചന്ദ്രന്‍, അഡ്വ സിനി എന്നിവർ പങ്കെടുത്തു സംസാരിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വിപിൻ അധ്യക്ഷത വഹിച്ചു .ആകാശ് സ്വാഗതം ആശംസിച്ചു.അഞ്ജലി നന്ദി പറഞ്ഞു.
അഡ്മിഷൻ ആരംഭിച്ചു
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ എൻ എസ് എസ് ആർട്ട്സ് കോളേജിൽ ഒന്നാംവർഷ ഡിഗ്രി (ബി.എ. ഇക്കോണമിസ്, ഹിസ്റ്ററി ആൻഡ് ഇംഗ്ലീഷ് ബി- കോം ഓപ്പറേഷൻ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു, അഡ്മിഷനുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ അറിയുവാൻ 0476 – 2620841,8921434282 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
അപേക്ഷ ക്ഷണിക്കുന്നു
ഓയൂർ: കൊട്ടാരക്കര ഗവൺമെന്റ് ഐടിഐയിലെ 2022 വർഷത്തെ എൻ സി വി ടി , എസ് സി വി ടി ( NCVT. SCVT ) ട്രേഡുകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 10 (10-08-2022) വരെ ദീർഘിപ്പിച്ചിരിക്കുന്നു.
https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ് സൈറ്റിൽ ഉള്ള ലിങ്ക് മുഖേനയും ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
കുന്നത്തൂർ താലൂക്കിലെ റേഷൻ വിതരണം
ശാസ്താംകോട്ട : കുന്നത്തൂർ താലൂക്കിലെ പൊതുവിതരണ കേന്ദ്രകൾ വഴി വിതരണം നടത്തുന്ന ഭക്ഷ്യധാന്യങ്ങളുടെ വിവരങ്ങൾ: എഎവൈ (മഞ്ഞ കാർഡ്) 30 കിലോ കുത്തരി,4 കിലോ തരം പായ്ക്കറ്റ് ആട്ട എന്നിവയും പിഎംജികെഎവൈ പദ്ധതി പ്രകാരം ഓരോ അംഗത്തിനും 3 കിലോ പച്ചരിയും 2 കിലോ വെള്ള അരിയും ഒരു കിലോ പഞ്ചസാരയും ലഭിക്കും.പി.എച്ച്. എച്ച് (പിങ്ക് കാർഡ്) ഉൾപ്പെട്ട ഓരോ അംഗത്തിനും 4 കിലോ കുത്തരിയും ഒരു കിലോ ഗോതമ്പും ഒരു കിലോ ആട്ടയും പിഎംജികെഎവൈ പദ്ധതി പ്രകാരം ഓരോ അംഗത്തിനും 3 കിലോ പച്ചരിയും 2 കിലോ വെള്ള അരിയും ലഭിക്കും.എൻവിഎസ് (നീല കാർഡ്) ഓരോ അംഗത്തിനും ഒരു കിലോ പച്ചരിയും ഒരു കിലോ കുത്തരിയും ലഭിക്കും.എൻവിഎൻഎസ് (വെള്ള കാ ർ ഡ്)ഓരോ കാർഡിനും 2 കിലോ പച്ചരിയും 3 കിലോ വെള്ള അരിയും 3 കിലോ കുത്തരിയും ലഭിക്കും.കൂടാതെ ജൂലൈ 22 മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഒരു കാർഡിന് അരലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണെന്ന് കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
ശൂരനാട് വടക്ക് പോക്സോ കേസ്സിലെ പ്രതി ഇരയുടെ പിതാവിനെ വെട്ടി പരിക്കേൽപ്പിച്ചു
ശൂരനാട്:ശൂരനാട് വടക്ക് പോക്സോ കേസ്സിലെ പ്രതി ഇരയുടെ പിതാവിനെ വെട്ടി പരിക്കേൽപ്പിച്ചു.ഒരു വർഷം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്സിൽ റിമാൻഡിൽ കഴിയവേ മാസങ്ങൾക്ക് മുമ്പ് ജാമ്യത്തിലിറങ്ങിയ ശൂരനാട് വടക്ക് സ്വദേശി ദിലീപാണ് ആക്രമണം നടത്തിയത്.ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.ഗുരുതരമായി വെട്ടേറ്റ പിതാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ യുവാവ് പെൺകുട്ടിയെ ആക്രമിക്കാനാണ് എത്തിയതെന്നും തർക്കത്തിനിടെ പിതാവിന് വെട്ടേൽക്കുകയായിരുന്നെന്നും വിവരമുണ്ട്.സംഭവത്തിനു ശേഷം പ്രതി ഒളിവിലാണ്.ശൂരനാട് പോലീസ് കേസെടുത്തു.
ചടയമംഗലത്ത് 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 43 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
ചടയമംഗലം. പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 43 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം കള്ളിക്കാട് സ്വദേശിയായ രാജുവാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസമാണ് വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് പതിനാറുകാരിയോട് 43 കാരൻ ലൈംഗികാതിക്രമം നടത്തിയത്. കള്ളിക്കാട് സ്വദേശിയായ രാജു പെൺകുട്ടിയുടെ വീട്ടിലെത്തിയ ശേഷം കുട്ടിയെ കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ഉച്ചത്തിൽ ബഹളം ഉണ്ടാക്കി നാട്ടുകാരെ വിളിച്ചുകൂട്ടി.
നാട്ടുകാർ എത്തിയതോടെ ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ ചടയമംഗലം പൊലീസിൽ പരാതി നൽകി. കള്ളിക്കാട് കോളനിയിൽ നിന്നാണ് രാജുവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊല്ലം ജില്ലാ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ്ആയിട്ടും ആരും സംരക്ഷിക്കാൻ ഇല്ലാത്ത വൃദ്ധനെ അഗതി മന്ദിരത്തിൽ എത്തിച്ചു……
കൊല്ലം. ജില്ലാ ആശുപത്രിയിൽ പുരുഷ വാർഡിൽനിന്നും ഡിസ്ചാർജ് ആയിഒരു ആഴ്ച കഴിഞ്ഞിട്ടും സംരക്ഷിക്കാൻ ആരും ഇല്ലാത്ത 65വയസ് തോന്നിക്കുന്ന ആളിനെ അഗതി മന്ദിരത്തിൽ എത്തിച്ചു. കഴിഞ്ഞമാസം കേരളപുരത്തു അവശനിലയിൽ കണ്ട ഇദ്ദേഹത്തെ സന്നദ്ധ പ്രവർത്തകരാണ് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും.അസുഖം ഭേദമായതിനു ശേഷം ഡിസ്ചാർജ് ആയിട്ടും ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ വരുകയും പോകാൻസ്ഥലം ഇല്ലന്ന്
അറിയിക്കുകയും ചെയ്ത ഓർമ്മ കുറവുള്ള ആളിനെ ജില്ലാ ഹോസ്പിറ്റലിലെ സൂപ്രണ്ട് വസന്ത ദാസ് ഇടപെട്ട് ജീവകാരുണ്യ പ്രവർത്തകനായ ശക്തികുളങ്ങര ഗണേശനെയും ശാസ്താംകോട്ട ഫയർ സ്റ്റേഷനിലെഫയര്‍ റെസ്ക്യൂ ഓഫിസര്‍ ആയ മനോജിനെയും അറിയിക്കുകയും തുടർന്ന് ട്രാക്കിന്റെ ആംബുലൻസിൽ ഗണേശും മനോജും ചേർന്ന് പുതു വസ്ത്രങ്ങൾ നൽകി തേവലക്കര മൈനാഗപ്പള്ളി കടപ്പയിലുള്ള സ്നേഹനിലയം അഗതി മന്ദിര ത്തിൽ എത്തിച്ചു. ഇദ്ദേഹത്തിന്റെ പേര് രാജൻ എന്നും സ്ഥലം കുണ്ടറ കാഞ്ഞിരംകോട് എന്നും ഭാര്യ സുധ എന്നും പറയുന്നുണ്ട്.