നാടൻപാട്ടിന് ജനകീയമുഖം നൽകിയ ബാനർജിയുടെ ഓർമകൾക്ക് ശനിയാഴ്ച ഒരാണ്ടിന്റെ പഴക്കം

Advertisement

ശാസ്താംകോട്ട : നാടൻപാട്ടിന് ജനകീയമുഖം നൽകിയ കലാകാരൻ പി.എസ് ബാനർജി(42) യുടെ ഓർമകൾക്ക് നാളെ (ശനി) ഒരാണ്ടിന്റെ പഴക്കം.2021 ആഗസ്ത് 6 നാണ് ബാനർജിയുടെ അപ്രതീക്ഷിത വിയോഗം.കോവിഡ് നെഗറ്റീവായ ശേഷം പിടിപ്പെട്ട കടുത്ത ന്യുമോണിയയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം കൂട്ടിക്കൊണ്ട് പോയത്.

‘താരകപ്പെണ്ണാളെ ‘ എന്നു തുടങ്ങുന്ന ഒറ്റ ഗാനത്തിലൂടെ പതിനായിരങ്ങൾ നെഞ്ചേറ്റിയ ബഹുമുഖ പ്രതിഭ കൂടിയായിരുന്നു അദ്ദേഹം.മണ്ണിന്റെയും വിയർപ്പിന്റെയും മണമുള്ള സാധാരണക്കാരന്റെ പ്രതീകമായിരുന്നു ബാനർജി.വില്ലു വണ്ടിയിലേറിവന്നതാരുടെ വരവോ .. കല്ലുമാല പറിച്ചെറിഞ്ഞത് ആരുടെ വരവോ..എന്നു തുടങ്ങുന്ന ഗാനം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആസ്വാദകർ ഏറ്റെടുത്ത ഒട്ടേറെ നാടൻ പാട്ടുകൾ പാടിയിട്ടുണ്ട്.

ചിത്രകാരൻ,പാട്ടുകാരൻ,ശില്പി,
ഡിസൈനർ തുടങ്ങി എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചി കലാകാരനായിരുന്നു ബാനർജി.ഭരണിക്കാവ് ജെ.എം ഹൈസ്ക്കൂളിൽ നിന്നും ശാസ്താംകോട്ട ഡി.ബി കോളേജിലേക്ക് എത്തുമ്പോഴാണ് ബാനർജിയിലെ കലാകാരൻ ഉണരുന്നത്.പിന്നീട് തിരുവനന്തപുരം ഫൈൻ ആർട്സ്
കോളേജിലെ പഠനശേഷം പ്രമുഖ നാടൻ പാട്ട് കലാകാരൻ പ്രകാശ് കുട്ടന്റെ നാടോടി എന്ന ട്രൂപ്പിന്റെ ഭാഗമായി.ഇതിനുശേഷമാണ് ഫോക് ലോർ അക്കാദമി ചെയർമാൻ സി.ജെ കുട്ടപ്പന്റെ തിരുവല്ല തായില്ലത്തിനൊപ്പം ചേർന്നത്.കേരളത്തിൽ എല്ലായിടത്തും സാന്നിദ്ധ്യമറിയിച്ച ബാനർജി കനൽ പാട്ടുകൂട്ടം എന്ന പേരിൽ സ്വന്തമായി ഒരു ട്രൂപ്പും തുടങ്ങി.സ്വപ്രയത്നം കൊണ്ട് വളർച്ചയുടെ പടവുകൾ താണ്ടുകയായിരുന്നു പിന്നീടങ്ങോട്ട്. നാടൻ പാട്ടിനൊപ്പം കാരിക്കേച്ചറിലും ഒട്ടും പിന്നിലായിരുന്നില്ല.ദേശീയ ശ്രദ്ധയാകർഷിച്ച നിരവധി കാരിക്കേച്ചറുകൾ ബാനർജിയിലൂടെ പിറവി കൊണ്ടു.ലളിത കലാ അക്കാദമി അംഗം,ഫോക് ലോർ അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു.ഫോക് ലോർ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ടെക്നോപാർക്കിലെ ഐ.ടി സംരഭത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.2021 ജൂലൈ രണ്ടിനാണ്കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബാനർജിയെ പ്രവേശിപ്പിച്ചത്.ചികിത്സയിൽ കഴിയുമ്പോൾ ഡോകടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ കോവിഡ് വാർഡിൽ നടത്തുന്ന ദൈനംദിന പ്രവർത്തനങ്ങൾ കാരിക്കേച്ചറുകളാക്കിയത് ഏറെ പ്രശംസയ്ക്ക് ഇടയാക്കിയിരുന്നു.ലളിതകലാ അക്കാദമി നടത്തുന്ന ഏകാംഗ പ്രദര്‍ശനത്തിന് ആശുപത്രികിടക്കയില്‍ വച്ച് അനുമതി ലഭിച്ചിരുന്നു.കായംകുളത്ത് പ്രദര്‍ശനത്തിന് തയ്യാറെടുക്കവേയായിരുന്നു ബാനർജിയുടെ അപ്രതീക്ഷിത വിയോഗം.മനക്കര മനയിൽ വീട്ടിൽ പാച്ചുവിന്റെയും സുഭദ്രയുടെയും മകനാണ്.തിരുവന്തപുരം വികാസ് ഭവൻ ജീവനക്കാരി ജയപ്രഭയാണ് ഭാര്യ.മക്കള്‍:ഓസ്‌കാര്‍,നൊബേല്‍.

പി.എസ് ബാനർജിയുടെ ഓർമ്മയ്ക്കായി കലാരംഗത്ത് മികവ് തെളിയിച്ചവർക്കായി ബാനർജി അനുസ്മരണ സമിതി ഏർപ്പെടുത്തിയ പ്രഥമ
പുരസ്ക്കാരം ഗാനരചയിതാവും പിന്നണി ഗായകനുമായ മണികണ്ഠൻ പെരുമ്പടപ്പിന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നാളെ സമ്മാനിക്കും.പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം.രാവിലെ 9 ന് ബാനർജിയുടെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയോടെ പരിപാടികൾക്ക് തുടക്കമാകും.ഭരണിക്കാവ് തറവാട് ആഡിറ്റോറിയത്തിൽ നാട്ടുകലാകാരക്കൂട്ടം ജില്ല കമ്മിറ്റിയും ബാനർജി അനുസ്മരണ സമിതിയും സംയുക്തമായി ഓർമ്മയിൽ ബാനർജി എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 10ന്‌ ഇരുപതോളം ചിത്രകാരൻമാർ ചേർന്ന് വരയോളം എന്ന പേരിൽ തൽസമയം ബാനർജിയുടെ ജീവിതം വരയ്ക്കും. ചിത്രകാരൻ കെ.പി.മുരളീധരൻ ഉദ്ഘാടനം നിർവ്വഹിക്കും.വൈകിട്ട് 4ന് പാട്ടോളം എന്ന പേരിൽ ബാനർജിയുടെ പാട്ടുകളുടെ അവതരണം.5ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. എംഎൽഎ മാരായ
കോവൂർ കുഞ്ഞുമോൻ, പി.സി വിഷ്ണുനാഥ്,സി.ആർ മഹേഷ് ,മുൻ എം.പി കെ സോമപ്രസാദ്,ഫോക്ലോർ അക്കാഡമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ,നാട്ടു കലാകാരക്കൂട്ടം സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു തൈവമക്കൾ, സി.ജെ കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുക്കും