ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ ഗാർഹിക പീഡന കേസ്സിലെ പ്രതിയായ 60 കാരൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ ഗാർഹിക പീഡന കേസ്സിലെ പ്രതിയായ 60 കാരൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഇന്ന് (ചൊവ്വ) പകൽ 12 ഓടെയാണ് സംഭവം.വർക്കല സ്വദേശി പത്മകുമാർ(60) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ഇയ്യാളെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.മനക്കരയിലെ ഭാര്യ വീട്ടിൽ കഴിയാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് ഇയ്യാൾ സ്‌റ്റേഷനിലെത്തിയത്.

എന്നാൽ പത്മകുമാർ നിരന്തരം മർദ്ദിക്കുന്നതായും വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും ആരോപിച്ച് ഭാര്യയും ഭാര്യാമാതാവും കോടതിയിലടക്കം നിരവധി പരാതികൾ നൽകിയിരുന്നു.ഇതിനാൽ ഇവരുടെ വീട്ടിൽ പ്രവേശിക്കുന്നതിന് കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു.എന്നാൽ താൻ വിദേശത്ത് ജോലി ചെയ്ത് നിർമ്മിച്ച വീട്ടിൽ കഴിയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പത്മകുമാർ റൂറൽ എസ്പി ക്ക് പരാതി നൽകിയിരുന്നു.

ഇന്ന് രാവിലെ എസ്.പി ഓഫീസിലെത്തിയ പത്മകുമാറിനോട് ശാസ്താംകോട്ട സി.ഐ യെ പോയി കാണാൻ നിർദ്ദേശിച്ചു.തുടർന്ന് ശാസ്താംകോട്ടയിലെത്തിയ പത്മകുമാറിനോട് കോടതി വിലക്ക് നിലനിൽക്കുന്നതിനാൽ മനക്കരയിലെ ഭാര്യവീട്ടിൽ കയറാൻ അനുവദിക്കാൻ കഴിയില്ലെന്ന് സി.ഐ അറിയിച്ചു.തുടർന്നാണ് കൈയ്യിൽ കരുതിയിരുന്ന ബ്ലേയ്ഡ് ഉപയോഗിച്ച് കൈ ഞരമ്പ്‌ മുറിച്ചത്.പരിക്ക് ഗുരുതരമല്ല.

Advertisement