പോരുവഴി. പൊള്ളലേറ്റ ശേഷം ആഴമേറിയ കിണറ്റിൽ ചാടിയ യുവാവിനെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും ചികിത്സിയിലിരിക്കെ ദിവസങ്ങൾക്ക് ശേഷം മരിച്ചു
ശാസ്താംകോട്ട : പോരുവഴിയിൽ ആത്മഹത്യ ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ ശേഷം ആഴമേറിയ കിണറ്റിൽ ചാടിയതിനെത്തുടര്‍ന്ന് ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു.

അമ്പലത്തുംഭാഗം ഗോപവിലാസത്തിൽ,ദിനേശ്(38) ആണ് മരിച്ചത്.ആഗസ്ത് ഒന്നിന് രാവിലെയാണ് വീടിനുള്ളിൽ ഇയ്യാൾ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ നാട്ടുകാരരെ തള്ളിമാറ്റി വീട്ടുമുറ്റത്തെ ആഴമേറിയ
കിണറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു.കിണറ്റിൽ നിന്നും നാട്ടുകാർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായി.ഉടൻ തന്നെ നാട്ടുകാർ ശാസ്താംകോട്ട ഫയർഫോഴ്സിൽ അറിയിച്ചു.സ്ഥലത്തെത്തിയ ഫയർഫോഴ്സ് റോപ്പിന്റെയും റെസ്ക്യൂ നെറ്റിന്റെയും സഹായത്താൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സണ്ണി കിണറ്റിൽ ഇറങ്ങി പ്രതികൂല കാലാവസ്ഥയിൽ സാഹസികമായി ദിനേശിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു.പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ദിനേശ് ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.