സംസ്ഥാന പുരുഷ-വനിത ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

Advertisement


കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയുടെയും ഗുസ്തി അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ കൊട്ടാരക്കര ജൂബിലി മന്ദിരത്തില്‍ നാലാമത് സംസ്ഥാന പുരുഷ-വനിത ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു. മത്സരത്തില്‍ 14 ജില്ലകളില്‍ നിന്നുള്ള ഗുസ്തി താരങ്ങള്‍ ഗ്രീക്കോ റോമന്‍, ഫ്രീ സ്‌റ്റൈല്‍ ഗുസ്തി ഇനങ്ങളില്‍ മത്സരിക്കാനെത്തി. രാവിലെ 10.30ന് കൊടികുന്നില്‍ സുരേഷ് എംപി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇന്നും വേദിയില്‍ മത്സരങ്ങള്‍ അരങ്ങേറും.
23 വയസിന് താഴെയുള്ളവരുടെ വനിതാ ഫ്രീ സ്‌റ്റൈല്‍ ഇനത്തില്‍ തിരുവനന്തപുരം ജില്ല 34 പോയിന്റോടെ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം കോട്ടയവും മൂന്നാം സ്ഥാനം എറണാകുളവും നേടി. വിജയികള്‍ക്കുള്ള മെഡല്‍ റൂറല്‍ എസ്പി കെ. ബി. രവി വിതരണം ചെയ്തു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എ. ഷാജു അധ്യക്ഷനായിരുന്നു. ഇന്ന് പുരുഷന്മാരുടെ ഗ്രീക്കോ റോമന്‍, ഫ്രീ സ്‌റ്റൈല്‍ ഇനങ്ങളില്‍ താരങ്ങള്‍ മാറ്റുരയ്ക്കും. വിജയികള്‍ എറണാകുളത്ത് നടക്കുന്ന ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

Advertisement