അമേരിക്കയിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കുന്നത്തൂർ സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ വച്ച് അറസ്റ്റിൽ

Advertisement

ശാസ്താംകോട്ട : വിദേശ രാജ്യങ്ങളിൽ എൻജിനീയർ ബിരുദദാരികൾക്ക് ജോലി വാഗ്ദാനം നൽകി പണം വാങ്ങി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ.കുന്നത്തൂർ ഐവർകാല ശങ്കരവിലാസം വീട്ടിൽ വൈശാഖൻ ഉണ്ണിത്താൻ (35) ആണ് അറസ്റ്റിലായത് .ബാംഗ്ലൂരിൽ വച്ച് ശാസ്താംകോട്ട പോലീസാണ് ഇയ്യാളെ പിടികൂടിയത്.അമേരിക്കയിലെ മിഷിഗൺ ഫോർഡ് കമ്മ്യൂണിറ്റി ആൻഡ് പെർഫോമിംഗ്
സെന്റർ എന്ന സ്വകാര്യ കമ്പനിയിൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ഏജന്റ് ആയ ശബരിനാഥ് എന്നയാൾ മുഖാന്തിരമാണ് വൈശാഖൻ ലക്ഷങ്ങൾ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.അമേരിക്കയിലെ കമ്പനിയിലെ വിസയ്ക്ക് വേണ്ടിയാണ് ഉദ്യോഗാർഥികൾ വൈശാഖനെ സമീപിച്ചത്.അമേരിക്കയിൽ പോകണമെങ്കിൽ ബാംഗ്ലൂരിൽ നടക്കുന്ന ഒരു കോഴ്സിൽ പങ്കെടുത്ത് പാസാകണമെന്നും വിദ്യാർത്ഥികളെ വിശ്വസിപ്പിച്ചു.ഒരു ലക്ഷം രൂപയാണ് കോഴ്സ് ഫീസായി ഈടാക്കിയത്.കോഴ്സ് കഴിഞ്ഞ ശേഷം വിസക്കായി 25 ലക്ഷം രൂപ ബാംഗ്ലൂരിൽ വച്ച് കൈപ്പറ്റുകയും ചെയ്തു.

വിസ വരുമ്പോൾ അറിയിക്കാമെന്ന് പറഞ്ഞു നാട്ടിലേക്ക് അയക്കുകയായിരുന്നു. നാട്ടിലെത്തി നിരവധി തവണ ബന്ധപ്പെടുമ്പോഴും വിസ ഉടൻ അയച്ചു തരാമെന്ന മറുപടിയാണ് ലഭിച്ചത്.പിന്നീട് മൊബൈൽ സ്വിച്ച് ഓഫാക്കി പ്രതി ഒളിവിൽ പോകുകയായിരുന്നു.തുടർന്നാണ് തട്ടിപ്പിനിരയായ വ്യക്തി പോലീസിൽ പരാതി നൽകിയത്.പോലീസ് നിരന്തരം പിന്തുടർന്നെങ്കിലും
തന്ത്രപരമായി പ്രതി രക്ഷപെടുകയായിരുന്നു.തുടർന്ന് ശാസ്താംകോട്ട ഡിവൈഎസ്പി
എസ്.ഷെരീഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.ശാസ്താംകോട്ട സി.ഐ അനൂപ്.എ,എഎസ്ഐ
രാജേഷ്,എസ്.സി.പി.ഒ ശ്രീകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Advertisement